Home rss national malayalam പുതിയ വാർത്ത അങ്കിത ഭണ്ഡാരിമാര്‍ക്ക് നീതി കിട്ടാത്ത ഇന്ത്യ

അങ്കിത ഭണ്ഡാരിമാര്‍ക്ക് നീതി കിട്ടാത്ത ഇന്ത്യ

5
0

Source :- SIRAJLIVE NEWS

ഒരു ഇടവേളക്കു ശേഷം അങ്കിത ഭണ്ഡാരി കേസ് വീണ്ടും ഉയര്‍ന്നുവരികയാണ്. 2022 സെപ്തംബര്‍ 18ന് ഉത്തരാഖണ്ഡിലെ ഋഷികേശിനടുത്തുള്ള ‘വനന്താര’ റിസോര്‍ട്ടില്‍ വെച്ചാണ് 19കാരിയായ അങ്കിത ഭണ്ഡാരി ക്രൂരമായ കൊലപാതകത്തിന് ഇരയായത്. റിസോര്‍ട്ടില്‍ താമസത്തിനെത്തുന്ന വി ഐ പി അതിഥികളുടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വഴങ്ങാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന്, റിസോര്‍ട്ട് ഉടമയും കൂട്ടാളികളും ചേര്‍ന്ന് ആ പെണ്‍കുട്ടിയെ കനാലില്‍ തള്ളി കൊലപ്പെടുത്തുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ കേസിലെ ദുരൂഹതകളും ചോദ്യങ്ങളും അവസാനിച്ചിട്ടില്ല.

നാല് വര്‍ഷത്തോളം പഴക്കമുള്ള ഈ കേസ് ഇപ്പോള്‍ വീണ്ടും ദേശീയതലത്തില്‍ ചര്‍ച്ചയാകാന്‍ കാരണം ചില പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളാണ്. കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന വ്യക്തിയുമായി ബന്ധമുള്ള മുന്‍ ബി ജെ പി നേതാവിനെ സിക്കിം ഗവര്‍ണറായി നിയമിച്ചതാണ് പുതിയ പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തിയത്. കേസിലെ യഥാര്‍ഥ ‘വി ഐ പി’ ആരെന്ന അന്വേഷണം പൂര്‍ണമായും പുറത്തുവരുന്നതിനും അന്തിമ വ്യക്തത വരുന്നതിനും മുമ്പ് ഇത്തരം ഉയര്‍ന്ന പദവികള്‍ നല്‍കുന്നത് അന്വേഷണത്തെ അട്ടിമറിക്കാനാണെന്ന് കുടുംബവും പ്രതിപക്ഷവും ശക്തമായി ആരോപിക്കുന്നുണ്ട്. ഗവര്‍ണര്‍ നിയമനത്തിനെതിരെ അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കള്‍ ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ സമാധാനപരമായ സമരം സംഘടിപ്പിച്ചെങ്കിലും, നീതി തേടിയെത്തിയ മാതാപിതാക്കള്‍ക്കെതിരെയും പ്രതിഷേധക്കാര്‍ക്കെതിരെയും അര്‍ധരാത്രിയില്‍ പോലീസിനെ ഉപയോഗിച്ച നടപടി ഭരണകൂടത്തിന്റെ യഥാര്‍ഥ മുഖമാണ് തുറന്നുകാട്ടുന്നത്. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നേരിട്ടെത്തി അങ്കിതയുടെ മാതാപിതാക്കളെ സന്ദര്‍ശിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഗവര്‍ണറുടെ നിയമനം പിന്‍വലിച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിടുമെന്ന് അങ്കിതയുടെ മാതാപിതാക്കള്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

സ്ത്രീസുരക്ഷ എവിടെ?
ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഉയര്‍ന്ന തോതില്‍ തുടരുകയാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് പ്രതിവര്‍ഷം 4.4 ലക്ഷത്തിലധികം കേസുകളാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. അതായത്, രാജ്യത്ത് ശരാശരി മണിക്കൂറില്‍ 51 എഫ് ഐ ആറുകള്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ രേഖപ്പെടുത്തപ്പെടുന്നുണ്ട്.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സ്ത്രീകള്‍ എത്രമാത്രം അരക്ഷിതരാണ് എന്ന് വ്യക്തമാക്കുന്നതാണ് എന്‍ സി ആര്‍ ബിയുടെ വിവരങ്ങള്‍. രാജ്യത്തെ മുന്‍നിര മെട്രോപൊളിറ്റന്‍ നഗരങ്ങളെ അപേക്ഷിച്ച് പ്രതിവര്‍ഷം പതിമൂവായിരത്തിലധികം കേസുകളോടെ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഡല്‍ഹിയാണ് മുന്നില്‍ നില്‍ക്കുന്നത്. തലസ്ഥാനത്ത് പ്രതിവര്‍ഷം ആയിരത്തിലധികം ബലാത്സംഗ കേസുകളും അയ്യായിരത്തിനടുത്ത് തട്ടിക്കൊണ്ടുപോകല്‍ കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. തെരുവുകളിലും തൊഴിലിടങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഈ അരക്ഷിതാവസ്ഥ തലസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങളുടെ പരാജയമാണ് വിളിച്ചോതുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സംഘടിത അതിക്രമങ്ങളും സ്ത്രീകളുടെ അരക്ഷിതാവസ്ഥ വെളിച്ചത്തുകൊണ്ടുവരുന്നതാണ്. 2023ല്‍ മണിപ്പൂരില്‍ അരങ്ങേറിയ വംശീയ കലാപങ്ങളും അതിനിടയില്‍ സ്ത്രീകള്‍ക്ക് നേരെ ഉണ്ടായ ക്രൂരതകളും ഇന്ത്യ മറന്നിട്ടില്ല. കലാപത്തിനിടയില്‍ രണ്ട് സ്ത്രീകളെ നഗ്‌നരായി നടത്തിക്കുകയും പരസ്യമായി പീഡിപ്പിക്കുകയും ചെയ്ത ദൃശ്യങ്ങള്‍ പുറത്തുവന്നത് രാജ്യത്തിന്റെ തന്നെ മനസ്സാക്ഷിയെ ഞെട്ടിച്ചിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയടക്കം ഇത്തരം സംഭവങ്ങള്‍ ഭരണകൂട സംവിധാനങ്ങളുടെ സമ്പൂര്‍ണ പരാജയമാണ് വിളിച്ചോതുന്നത്.

മുന്‍ റെസ്‌ലിംഗ് ഫെഡറേഷന്‍ അധ്യക്ഷനും ബി ജെ പി. എം പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെയുള്ള ലൈംഗിക പീഡന ആരോപണങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ തുടങ്ങിയ പ്രമുഖ താരങ്ങളുടെ നേതൃത്വത്തില്‍ 2023ല്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ മാസങ്ങളോളം നീണ്ടുനിന്ന ശക്തമായ സമരമാണ് ഇതിനെതിരെ നടന്നത്. ഫെഡറേഷന്‍ ഓഫീസുകളിലും ക്യാമ്പുകളിലും വെച്ച് വനിതാ താരങ്ങളെ ബ്രിജ് ഭൂഷണ്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പ്രധാന ആരോപണം.

സമരം ചെയ്ത താരങ്ങളെ ഡല്‍ഹി പോലീസ് റോഡിലൂടെ വലിച്ചിഴച്ചു നീക്കിയതും പുതിയ പാര്‍ലിമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് ചെയ്ത താരങ്ങളെ കസ്റ്റഡിയിലെടുത്തതും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്‌തെങ്കിലും, പിന്നീട് പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിയുടെ കുടുംബം മൊഴി മാറ്റിയതിനെ തുടര്‍ന്ന് പോക്‌സോ കേസ് റദ്ദാക്കപ്പെട്ടു. തുടര്‍ന്നുള്ള വിചാരണയില്‍ പ്രോസിക്യൂഷന് ആരോപണങ്ങള്‍ സംശയത്തിനതീതമായി തെളിയിക്കാന്‍ സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി റൗസ് അവന്യൂ കോടതി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ കുറ്റവിമുക്തനാക്കി വെറുതെവിട്ടു.

ഹാഥ്‌റസ്, ഉന്നാവോ കേസുകളും ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ കൊലപാതകവും ബില്‍ക്കീസ് ബാനു കേസും ഭരണകൂടത്തിന്റെ ഇരട്ടമുഖം വ്യക്തമാക്കുന്നുണ്ട്. സ്ത്രീസുരക്ഷയുടെ പേരില്‍ ഒരു ഭാഗത്ത് ക്യാമ്പയിനുകള്‍ നടക്കുമ്പോഴും ഇന്ത്യയിലെ സ്ത്രീകളും പെണ്‍കുട്ടികളും സുരക്ഷിതരല്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. പണവും അധികാരവുമുള്ളവര്‍ സ്ത്രീകള്‍ക്കെതിരെ എത്രമേല്‍ വലിയ അതിക്രമങ്ങള്‍ നടത്തിയാലും നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്.

Content Highlights:
Protests have reignited in the 2022 Ankita Bhandari murder case following the controversial appointment of a former BJP leader linked to the case as a Sikkim governor. Parents’ peaceful protest at India Gate faced police action, drawing political support from Rahul and Priyanka Gandhi. Meanwhile, alarming NCRB statistics and landmark cases continue to spotlight the systemic failure of women’s safety across India.