Home rss national malayalam പുതിയ വാർത്ത അപ്പോള്‍, എല്ലാം ഉദ്യോഗസ്ഥരാണോ തീരുമാനിക്കുന്നത്?

അപ്പോള്‍, എല്ലാം ഉദ്യോഗസ്ഥരാണോ തീരുമാനിക്കുന്നത്?

6
0

Source :- SIRAJLIVE NEWS

സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം ആലപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിനെതിരെ സംസ്ഥാനത്താകെ അതിശക്തമായ പ്രതിഷേധമുയരുകയാണ്. യൂനിയന്‍ സര്‍ക്കാറിന്റെ ഇംഗിതമനുസരിച്ച് ഗവര്‍ണര്‍ ഇറക്കിയ ഉത്തരവ് കൈമാറുക മാത്രമാണ് ചീഫ് സെക്രട്ടറി ചെയ്തതെന്ന മന്ത്രി എന്‍ ഷംസുദ്ദീന്റെ വിശദീകരണം വിഷയത്തിന്റെ ഗൗരവം കുറയ്ക്കാന്‍ പര്യാപ്തമല്ല. ലോക്ഭവന്‍ നല്‍കുന്ന ഉത്തരവുകള്‍ സീലടിച്ച് വിടാനുള്ള ഉദ്യോഗസ്ഥനല്ലല്ലോ ചീഫ് സെക്രട്ടറി. സംസ്ഥാന സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടെയും നിര്‍ദേശങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കുമനുസരിച്ച് പ്രവര്‍ത്തിക്കാനാണ് അദ്ദേഹത്തെ നിയോഗിച്ചിട്ടുള്ളത്. പൊതു ഭരണവകുപ്പ് നേരത്തേ പുറത്തിറക്കിയ പ്രോട്ടോകോള്‍ മാര്‍ഗനിര്‍ദേശത്തില്‍ വന്ദേമാതരത്തെക്കുറിച്ച് പരാമര്‍ശമില്ല എന്നതുകൂടി കൂട്ടിവായിക്കണം.

ഏറ്റവുമൊടുവില്‍, വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന വിശദീകരണവുമായി ലോക്ഭവന്‍ രംഗത്തുവരിക കൂടി ചെയ്തതോടെ ആശയക്കുഴപ്പം കൂടുതല്‍ രൂക്ഷമാകുകയാണ് ചെയ്തത്. തദ്ദേശ സ്ഥാപനങ്ങള്‍ക്കായി ചീഫ് സെക്രട്ടറി ഇറക്കിയ ഡി ഒ ലെറ്റര്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.

യൂനിയന്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച നിയമഭേദഗതി പാസ്സാക്കിക്കഴിഞ്ഞുവല്ലോ, ഇനി സംസ്ഥാനത്തിന് നടപ്പാക്കാതെ വയ്യല്ലോ എന്ന ന്യായീകരണവും യുക്തിസഹമല്ല. അത്തരം നിയമനിര്‍മാണങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാനും പ്രതിഷേധമുയര്‍ത്താനും മുന്നില്‍ നിന്ന പാരമ്പര്യമാണ് കേരളത്തിനുള്ളത്. പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിലും വോട്ടര്‍പ്പട്ടികയുടെ തീവ്രപരിഷ്‌കരണത്തിലെ ഗുരുതരമായ പ്രശ്‌നങ്ങളിലുമെല്ലാം ഐകകണ്‌ഠ്യേന പ്രമേയങ്ങള്‍ പാസ്സാക്കി സംസ്ഥാനത്തെ ജനങ്ങളുടെ വികാരം പ്രതിഫലിപ്പിച്ച നിയമസഭയാണ് നമ്മുടേത്. വഖ്ഫ് ഭേദഗതി നിയമത്തിലും ഇതേ സമീപനമാണ് സ്വീകരിച്ചത്.

വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടതില്ലെന്ന നിലപാടാണ് ഇക്കാലം വരെ രാജ്യം പിന്തുടര്‍ന്നിട്ടുള്ളത്. കേരളത്തില്‍ ചരിത്രത്തിലാദ്യമായി ഒരു ഔദ്യോഗിക ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാവേളയിലായിരുന്നു. എല്ലാം ചെയ്തത് ലോക്ഭവന്റെ നിര്‍ദേശത്തിലാണ് എന്നായിരുന്നു വിശദീകരണം. ഇപ്പോഴത്തെ വിവാദം അവസാനിപ്പിക്കാനും വന്ദേമാതരം പൂര്‍ണമായി ചൊല്ലേണ്ടതില്ലെന്ന് വ്യക്തമായി നിര്‍ദേശിക്കാനുമുള്ള ഇടപെടല്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ട ഘട്ടമാണിത്.

1870കളോടെ, ബ്രിട്ടീഷ് സാമ്രാജ്യത്വം അതിന്റെ രാജകീയ ഉപചാരങ്ങള്‍ ഇന്ത്യന്‍ ജനതക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങുകയും രാജ്ഞിയെ പുകഴ്ത്തുന്ന ഉപചാരവാക്യങ്ങള്‍ ഇന്ത്യക്കാര്‍ ഉപയോഗിക്കണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജി വന്ദേമാതരത്തിന്റെ ആദ്യ ഈരടികള്‍ എഴുതുന്നത്. പൂര്‍ണ ഭാഗങ്ങള്‍ ചാറ്റര്‍ജിയുടെ ആനന്ദമഠം നോവലിലൂടെയാണ് പുറത്തുവന്നത്. 1896ല്‍ കൊല്‍ക്കത്തയിലെ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ രവീന്ദ്രനാഥ് ടാഗോര്‍ ആലപിച്ചത് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ശ്ലോകങ്ങള്‍ മാത്രമായിരുന്നു.

1937ലെ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ മഹാത്മാ ഗാന്ധിയടക്കമുള്ള നേതൃത്വം വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ശ്ലോകങ്ങളെ മാത്രമാണ് ദേശീയ ഗീതമായി അംഗീകരിച്ചത്. അതിന് കാരണമുണ്ട്. വന്ദേമാതരത്തിലെ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ട വര്‍ണനയില്‍ ഇന്ത്യ ഭൂമിശാസ്ത്രപരമായ അസ്തിത്വം മാത്രമല്ല, മാതൃദേവി എന്ന നിലയില്‍ കൂടിയാണ്. ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവീ സങ്കല്‍പ്പങ്ങളെ നാടിന്റെ കാവലാളായി അനുമാനിച്ചുള്ള സ്തുതികളും ഈ ഭാഗത്തുണ്ട്. ഇത് ഇന്ത്യന്‍ മതേതര മൂല്യങ്ങളുമായി ഏറ്റുമുട്ടുന്നു എന്ന് കണ്ടുതന്നെയാണ് ഔദ്യോഗിക ചടങ്ങുകളില്‍ ആദ്യ ഭാഗം മതിയെന്ന നിലപാടെടുത്തത്. യഹോവ സാക്ഷി കേസിലടക്കമുള്ള സുപ്രീം കോടതി വിധികളും ഈ ദിശയിലുള്ളതാണ്.

കോണ്‍ഗ്രസ്സ് കൈക്കൊണ്ട ഈ നിലപാടിനെ രാഷ്ട്രീയമായി വഴിതിരിച്ചുവിടാനുള്ള സംഘ്പരിവാര്‍ ശ്രമമാണ് ഇന്നും തുടരുന്ന വിവാദങ്ങളുടെ കേന്ദ്ര ബിന്ദു. 1950ല്‍ ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി വന്ദേമാതരത്തിന് ജനഗണമനക്കൊപ്പം പ്രധാന സ്ഥാനം നല്‍കിയെങ്കിലും ആദ്യ ചരണങ്ങള്‍ക്കപ്പുറത്തേക്ക് പോയില്ല എന്നതില്‍പ്പിടിച്ച് വമ്പന്‍ പ്രചാരണമാണ് ബി ജെ പി നടത്തുന്നത്. വന്ദേമാതരത്തിന്റെ അവസാന ശ്ലോകങ്ങള്‍ മുസ്‌ലിം ലീഗിന്റെ സമ്മര്‍ദപ്രകാരം നെഹ്റു നീക്കം ചെയ്തു എന്ന് സ്ഥാപിച്ചെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചത്. പാര്‍ലിമെന്റില്‍ പ്രതിപക്ഷം ചരിത്ര വസ്തുതകള്‍ നിരത്തി ഈ വാദം ഖണ്ഡിച്ചെങ്കിലും വന്ദേമാതരത്തിന് ദേശീയ ഗാനത്തിന് തുല്യമായ പ്രോട്ടോകോള്‍ അനുവദിച്ച് ഭേദഗതി ബില്ല് പാസ്സാക്കുകയാണ് യൂനിയന്‍ സര്‍ക്കാര്‍ ചെയ്തത്.

ഈ ബില്ലും അതിനോട് ചേര്‍ന്നുള്ള വിവാദങ്ങളും നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാതലായ വീഴ്ചകളെ മറികടക്കാനും വര്‍ഗീയ വിഭജനം സാധ്യമാക്കാനുമുള്ള ഉപായമായാണ് കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം കാണുന്നത്. എന്നിട്ടും വമ്പന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ്സ് ഭരിക്കുന്ന കേരളത്തില്‍ വന്ദേമാതരത്തിന്റെ കാര്യത്തില്‍ കേന്ദ്ര നിര്‍ദേശം പൂര്‍ണമായി പാലിച്ചിരിക്കണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കുന്നതിന്റെ അര്‍ഥമെന്താണ്? ഈയൊരു കാര്യത്തില്‍ മാത്രമല്ല “ഉദ്യോഗസ്ഥ’രുടെ വിക്രിയകള്‍ അരങ്ങേറുന്നത്. സ്വാതന്ത്ര്യദിന ക്വിസ്സില്‍ വി ഡി സവര്‍ക്കറെ മഹത്വവത്കരിക്കുന്ന ചോദ്യം, ക്രിമിനല്‍ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബി ജെ പി കൗണ്‍സിലര്‍ക്ക് അവധി അനുവദിക്കല്‍, വിദ്വേഷ പരാമര്‍ശം നടത്തിയ സംഘ്പരിവാര്‍ പ്രചാരകനെതിരായ നടപടി വൈകല്‍, വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ ബി ജെ പി വൈസ് പ്രസിഡന്റിന്റെ ഹരജിയെ സര്‍ക്കാര്‍ അഭിഭാഷകന്‍ പിന്തുണക്കല്‍… ഇവയിലെല്ലാം ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിക്കുന്നത് എന്തുകൊണ്ടാണ്?

Content Highlights:
Widespread protests have erupted in Kerala against the Chief Secretary’s order enforcing Union government directives to sing Vande Mataram during Independence Day celebrations. The order follows Lok Bhavan’s directions, raising questions about administrative subversiveness and political compromise in the state. Critics argue that forcing the full version undermines India’s secular traditions established since 1937.