Home rss national malayalam പുതിയ വാർത്ത അമിത് ഷായുടെ പരിപാടികളിൽ നിന്ന് മുസ്‌ലിം ഉദ്യോഗസ്ഥരെ ഒഴിവാക്കിയ സംഭവം: ബംഗാൾ സർക്കാറിനോട് വിശദീകരണം തേടി...

അമിത് ഷായുടെ പരിപാടികളിൽ നിന്ന് മുസ്‌ലിം ഉദ്യോഗസ്ഥരെ ഒഴിവാക്കിയ സംഭവം: ബംഗാൾ സർക്കാറിനോട് വിശദീകരണം തേടി ന്യൂനപക്ഷ കമ്മീഷൻ

5
0

Source :- SIRAJLIVE NEWS

കൊൽക്കത്ത | കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പശ്ചിമ ബംഗാൾ സന്ദർശന വേളയിൽ മുതിർന്ന മുസ്‌ലിം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ മതപരമായ വിവേചനം കാണിച്ചെന്ന പരാതിയിൽ പശ്ചിമ ബംഗാൾ സർക്കാറിനോട് പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര സെപ്റ്റംബർ പതിനെട്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 21-ന് എൻസിഎം ഡെപ്യൂട്ടി സെക്രട്ടറി ഹരീഷ് കുമാറാണ് പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടത്. പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൻ്റെ പകർപ്പ് കൃഷ്ണനഗർ എംപിയായ മഹുവ മൊയ്ത്രയ്ക്കും കമ്മീഷൻ അയച്ചിട്ടുണ്ട്.

സിലിഗുരി പോലീസ് കമ്മീഷണർ സയ്യിദ് വഖാർ റാസ ഐ പി എസ്, പശ്ചിമ ബംഗാൾ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് ഡയറക്ടർ ജനറൽ ജാവേദ് ഷമീം ഐ പി എസ്, ഫയർ ആൻഡ് എമർജൻസി സർവീസസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഖലീൽ അഹമ്മദ് ഐ എ എസ് എന്നിവരാണ് ഒഴിവാക്കപ്പെട്ട ഉദ്യോഗസ്ഥർ.

ജൂലൈ പതിനെട്ടിന് അമിത് ഷാ സിലിഗുരി സന്ദർശിച്ചപ്പോൾ പതിനെട്ടോളം പോലീസ് സൂപ്രണ്ടുമാരും (എസ്പി) ജില്ലാ മജിസ്ട്രേറ്റുമാരും (ഡിഎം) പങ്കെടുത്ത അതിർത്തി സുരക്ഷാ അവലോകന യോഗത്തിൽ നിന്നാണ് മുസ്‍ലിം ഉദ്യോഗസ്ഥരെ മാറ്റി നിർത്തിയത്. യോഗത്തിൽ നിന്ന് സയ്യിദ് വഖാർ റാസയോട് പുറത്തുപോകാൻ ആവശ്യപ്പെട്ടുവെന്നും ഔദ്യോഗിക പ്രോട്ടോക്കോളിൽ നിന്ന് റാസയുടെ പേര് ഒഴിവാക്കിയെന്നും യാത്രയയപ്പ് നിരയിൽ നിൽക്കരുതെന്ന് അദ്ദേഹത്തിന് നിർദ്ദേശം നൽകിയെന്നും മഹുവ ആരോപിച്ചു. അന്നത്തെ ബംഗാൾ എസ്ടിഎഫ് ഡിജിപി ജാവേദ് ഷമീമിനോട് യോഗത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടതായും അവർ വ്യക്തമാക്കി. സയ്യിദ് വഖാർ റാസക്ക് പകരം നോർത്ത് ബംഗാൾ ഐജി സുകേഷ് ജെയിനും ജാവേദ് ഷമീമിന് പകരം ഇൻസ്പെക്ടർ ജനറൽ ഗൗരവ് ശർമ്മയുമാണ് യോഗത്തിൽ പങ്കെടുത്തത്. പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക എക്‌സിബിഷനിലും എസ്ടിഎഫിനെ പ്രതിനിധീകരിച്ചത് ഷമീമിന് പകരം ശർമ്മയായിരുന്നു പങ്കെടുത്തത്.

ജൂലൈ പത്തൊൻപതിന് ക്രമസമാധാനവും ദുരന്തനിവാരണ സജ്ജീകരണങ്ങളും വിലയിരുത്താൻ കൊൽക്കത്തയിൽ അമിത് ഷാ നടത്തിയ യോഗത്തിൽ, യോഗസ്ഥലത്തെത്തിയ ശേഷം ഫയർ ആൻഡ് എമർജൻസി സർവീസസ് വകുപ്പിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ ഖലീൽ അഹമ്മദിനോട് തിരിച്ചുപോകാൻ ആവശ്യപ്പെട്ടതായും മൊയ്ത്ര ആരോപിക്കുന്നു. ഓഗസ്റ്റ് 20 മുതൽ 22 വരെയുള്ള ഷായുടെ രണ്ടാമത്തെ ബംഗാൾ സന്ദർശന വേളയിലും സമാനമായ രീതി ആവർത്തിച്ചു. ഒരു ഘട്ടത്തിലും ഈ ഉദ്യോഗസ്ഥരോട് കാരണം വ്യക്തമാക്കിയിരുന്നില്ലെന്നും ആവർത്തിച്ചുള്ള ഇത്തരം ഒഴിവാക്കലുകളെ പ്രോട്ടോക്കോൾ വീഴ്ചയായി മാത്രം തള്ളിക്കളയാനാവില്ലെന്നും മൊയ്ത്ര വാദിക്കുന്നു. ഒഴിവാക്കപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരും മുസ്‌ലികളാണെന്നും സംഭവങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരേയൊരു പൊതുഘടകം ഇതാണെന്നും മൊയ്ത്ര ആരോപിച്ചു.

അതിർത്തി സുരക്ഷ, ദുരന്തനിവാരണം, സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ പ്രവർത്തനം എന്നിവയുൾപ്പെടെയുള്ള യോഗങ്ങളുടെ വിഷയങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട ചുമതലകൾ വഹിച്ചിട്ടും ഇവരെ മാറ്റിനിർത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുഎൻ ന്യൂനപക്ഷ വിഷയങ്ങൾക്കായുള്ള പ്രത്യേക പ്രതിനിധി നിക്കോളാസ് ലെവ്രറ്റിനും മൊയ്ത്ര കത്തയച്ചിരുന്നു. ഉദ്യോഗസ്ഥരെ ഒഴിവാക്കിയതിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടണമെന്നും, മതത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ ഔദ്യോഗിക ചടങ്ങുകളിൽ നിന്ന് ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അമിത് ഷായുടെ സന്ദർശനവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും മറ്റ് രേഖകളും സൂക്ഷിക്കാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടു.

ആരോപണങ്ങൾ ഉന്നയിച്ച് സെപ്റ്റംബർ ഒന്നിന് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ പശ്ചിമ ബംഗാൾ പോലീസ് മൊയ്ത്രയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ന്യൂനപക്ഷ സമുദായങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് 1992ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമപ്രകാരം രൂപീകരിച്ച സ്റ്റാറ്റ്യൂട്ടറി ബോഡിയായ എൻസിഎമ്മിന്റെ പ്രധാന ചുമതല.

Content Highlights:
The National Commission for Minorities requested a report from the West Bengal government following TMC MP Mahua Moitra’s complaint. She alleged discrimination against senior Muslim IAS and IPS officers during Union Home Minister Amit Shah’s visits. The commission gave the Chief Secretary ten days to respond.