Source :- SIRAJLIVE NEWS
കഴിഞ്ഞ ദിവസം മാരക ലഹരി മരുന്നുകളുമായി ദന്തഡോക്ടര്‍ പോലീസ് പിടിയിലായി. ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയായ ഡോക്ടറാണ് വില്‍പ്പനക്കു വെച്ച മയക്കുമരുന്നുമായി വ്യാഴാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ തന്റെ ഫ്ലാറ്റില്‍ നിന്ന് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എറണാകുളം ഹില്‍പാലസ് പോലീസിന്റെ ഫ്ലാറ്റ് പരിശോധന. രണ്ട് ഗ്രാം എം ഡി എം എ, 18 ഗ്രാം എല്‍ എസ് ഡി, 33 ഗ്രാം കഞ്ചാവ് എന്നിവയാണ് ഡോക്ടറുടെ താമസ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തത്.
മയക്കുമരുന്ന് കേസില്‍ ഡോക്ടര്‍മാര്‍ പിടിയിലാകുന്നത് ഇതാദ്യമല്ല. 2022 ജനുവരിയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് നിരോധിത മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയായ ഡോക്ടര്‍ അറസ്റ്റിലായിരുന്നു. 15,000 രൂപ വില വരുന്ന എം ഡി എം എയാണ് ഇയാള്‍ താമസിക്കുന്ന മെഡി. കോളജ് പരിസരത്തെ ഹോസ്റ്റലില്‍ നിന്ന് കണ്ടെടുത്തത്. മൂന്ന് വര്‍ഷമായി മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന ഈ യുവ ഡോക്ടര്‍, മെഡി. കോളജിലെ മറ്റു പല ഡോക്ടര്‍മാരും ഇതിന്റെ അഡിക്റ്റുകളാണെന്ന് പോലീസിനോട് വെളിപ്പെടുത്തുകയും ചെയ്തു. 2024 ജൂലൈയില്‍ വയനാട് മുത്തങ്ങ ചെക്ക്പോസ്റ്റില്‍ വെച്ച് 160.77 ഗ്രാം മെത്താംഫിറ്റമിന്‍ എന്ന മയക്കുമരുന്നുമായി ആയുര്‍വേദ ഡോക്ടര്‍ എക്സൈസിന്റെ പിടിയിലായിരുന്നു.
ഡോക്ടര്‍മാരുടെ ലഹരി ഉപയോഗത്തെക്കുറിച്ചും അടിക്കടി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. 2024 നവംബറിലാണ് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒരു സര്ജന്, ജൂനിയര്‍ വനിതാ ഡോക്ടറെ മദ്യം നല്കി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവ സമയത്ത് ഡോക്ടര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് അതിക്രമത്തിനിരയായ വനിതാ ഡോക്ടറുടെ മൊഴി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു ഡോക്ടര്‍ മദ്യലഹരിയില്‍ നഗ്നനായി നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വരികയുണ്ടായി കഴിഞ്ഞ മാര്‍ച്ചില്‍. ആശുപത്രിക്കുള്ളിലും പരിസരത്തും വസ്ത്രമില്ലാതെ ഓടി നടക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളാണ് പുറത്തു വന്നത്. തത്സമയം അയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് ആശുപത്രി ജീവനക്കാരുടെയും നാട്ടുകാരുടെയും മൊഴി. ഉത്തരാഖണ്ഡില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ച് രോഗിയോടും ബന്ധുക്കളോടും മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ ഒരു ഡോക്ടര്‍ സസ്പെന്‍ഷനിലാണ്. മദ്യനിരോധം നിലവിലുള്ള ബിഹാറില്‍ നിരോധം ലംഘിച്ച് മദ്യപിച്ച ഡോക്ടര്‍ അഴിക്കുള്ളിലായി. കഴിഞ്ഞ സെപ്തംബറില്‍ കൊല്ലത്ത് ഒരു ഡോക്ടറും വനിതാ ഡോക്ടറും സഞ്ചരിച്ച കാര്‍, സ്കൂട്ടര്‍ യാത്രികയെ ഇടിച്ച് ദേഹത്ത് കയറ്റിയ സംഭവത്തില്‍ രണ്ട് പേരും മദ്യലഹരിയിലായിരുന്നുവെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
അതീവ സങ്കീര്‍ണമാണ് രോഗചികിത്സ. അലോപ്പതി മേഖല വിശേഷിച്ചും. തികഞ്ഞ ശ്രദ്ധയോടെയും മനസ്സാന്നിധ്യത്തോടെയും നിര്‍വഹിക്കേണ്ട പ്രക്രിയയാണിത്. ഒരു മരുന്ന് മാറിപ്പോയാല്‍, ലേബര്‍ റൂമില്‍ പ്രസവമെടുക്കുന്ന സമയത്തോ ഓപറേഷന് തിയേറ്ററിലോ അല്‍പ്പമൊന്ന് ശ്രദ്ധ തെറ്റിയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. മദ്യ-മയക്കുമരുന്ന് ലഹരിയില്‍ കാല് നിലത്തുറക്കാതെയും സ്വബോധമില്ലാതെയുമാണ് ഡോക്ടര്‍ ഡ്യൂട്ടി നിര്വഹിക്കുന്നതെങ്കില് അനന്തര ഫലം ഊഹിക്കാവുന്നതേയുള്ളൂ. ചികിത്സാ പിഴവുമായി ബന്ധപ്പെട്ട് അടിക്കടി പരാതികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സര്‍ജറി നടത്തിയ രോഗിയുടെ വയറ്റില്‍ സര്‍ജറി ഉപകരണങ്ങള്‍ മറന്നുവെക്കുന്ന സംഭവങ്ങളും ധാരാളം. 2017 നവംബറില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രസവ ശസ്ത്രക്രിയക്കിടെ സ്ത്രീയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവം വന്‍ വിവാദമായതാണ്.
നിതി ആയോഗിന്റെ റിപോര്‍ട്ട് പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ ഈ സത്പേരിന് കളങ്കം വീഴ്ത്തുന്ന വാര്‍ത്തകളാണ് ഇടക്കിടെ ആശുപത്രികളുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആലപ്പുഴയില്‍ ഒരു കുഞ്ഞ് വൈകല്യങ്ങളോടെ ജനിക്കാനിടയായ സംഭവത്തില്‍, ചികിത്സാ പിഴവിന് നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസുകള്‍ നടന്നു വരുന്നു. കാലിന്റെ ശസ്ത്രക്രിയക്കെത്തിയ പെണ്‍കുട്ടിക്ക് കാലിനു പകരം നാവിന് ശസ്ത്രക്രിയ, ഇടത്തേ കാലിനു പകരം വലത്തേ കാലില്‍ ശസ്ത്രക്രിയ, മൂക്കിലെ രോഗത്തിന് വയറില്‍ ഹെര്‍ണിയക്ക് ശസ്ത്രക്രിയ എന്നിങ്ങനെ ഡോക്ടര്‍മാരുടെ തികഞ്ഞ അശ്രദ്ധയിലേക്ക് വിരല്‍ചൂണ്ടുന്ന എത്ര പിഴവുകളാണ് പലപ്പോഴായി റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ചികിത്സാ പിഴവ് മൂലം രോഗിയുടെ ചലനശേഷി നഷ്ടമാകുകയും കുടുംബത്തിനൊരു ഭാരമായി കട്ടിലില്‍ ജീവിതം തളച്ചിടേണ്ടി വരികയും ചെയ്ത ഹതഭാഗ്യരുടെ കഥകളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ ലഹരി ഉപയോഗവുമായുള്ള ബന്ധം സന്ദേഹിക്കപ്പെടേണ്ട സാഹചര്യമാണുള്ളത്.
എം ഡി എം എ പോലുള്ള മയക്കുമരുന്നുകളുടെ മാരക വിപത്തിനെക്കുറിച്ച് മറ്റാരേക്കാളും നന്നായറിയാവുന്നവരാണ് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും. ഹൃദയം, കരള്‍, വൃക്ക തുടങ്ങി മനുഷ്യ ശരീരത്തിലെ പ്രധാന അവയവങ്ങളെ നശിപ്പിക്കുന്ന മയക്കുമരുന്നുകള്‍ അതിവേഗത്തിലാണ് ആരോഗ്യത്തെ കാര്‍ന്നു തിന്നുന്നതും മരണത്തിലേക്ക് നയിക്കുന്നതും. ഇതറിഞ്ഞു കൊണ്ടാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അവക്ക് അടിമയാകുന്നത് എന്നത് ഖേദകരമാണ്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലഹരി ഉപയോഗം അവരെയും കുടുംബത്തെയും മാത്രമല്ല, രോഗികളുടെ കൂടി ഭാവിയെ ബാധിക്കുമെന്നതിനാല്‍ അതിനെതിരെ കര്‍ശന നടപടി ആവശ്യമാണ്. സാമ്പത്തിക-രാഷ്ട്രീയ സ്വാധീനത്താല്‍ ഇത്തരം കേസുകള്‍ അട്ടിമറിക്കപ്പെടാന്‍ ഇടവന്നുകൂടാ.