Home -national-malyalam ഇന്ത്യൻ വാഹന വിപണിയിൽ ട്വിസ്റ്റ്; EV വിൽപ്പനയിൽ റെക്കോർഡ് കുതിപ്പ്, കാർ വിൽപ്പനയിൽ ഇടിവ്

ഇന്ത്യൻ വാഹന വിപണിയിൽ ട്വിസ്റ്റ്; EV വിൽപ്പനയിൽ റെക്കോർഡ് കുതിപ്പ്, കാർ വിൽപ്പനയിൽ ഇടിവ്

7
0

Source :- REPORTER LIVE

ഇന്ത്യൻ വാഹന വിപണിയിൽ പുതിയ റെക്കോർഡ്. പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിൽ ഇടിവുണ്ടായെങ്കിലും ഇലക്ട്രിക് വാഹനങ്ങളുടെ വൻ മുന്നേറ്റം രാജ്യത്തെ മൊത്തം വാഹന റീട്ടെയിൽ വിൽപ്പനയെ പുതിയ ഉയരത്തിലെത്തിച്ചു. 2026ലെ 42 ദിവസത്തെ ഉത്സവകാലത്ത് രാജ്യത്ത് ആകെ വിറ്റഴിച്ചത് 55.25 ലക്ഷം വാഹനങ്ങൾ. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2.21 ശതമാനത്തിന്റെ വളർച്ച. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (FADA) പുറത്തുവിട്ട കണക്കുകളിലാണ് ഈ നേട്ടം.

ഇത്തവണത്തെ വാഹന വിപണിയിലെ ഏറ്റവും വലിയ ഹൈലൈറ്റ് ഇലക്ട്രിക് വാഹനങ്ങളുടെ കുതിപ്പാണ്. ഉത്സവകാലത്ത് ഇലക്ട്രിക് വാഹനങ്ങളുടെ റീട്ടെയിൽ വിൽപ്പന 52.62 ശതമാനം വർധിച്ച് 5,09,667 യൂണിറ്റിലെത്തി. ഒരു ഉത്സവകാലത്ത് അഞ്ച് ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിക്കുന്നത് ഇതാദ്യമാണ്. അതായത് ഉത്സവകാലത്ത് വിറ്റ ഓരോ പത്ത് വാഹനങ്ങളിലും ഏകദേശം ഒരെണ്ണം ഇലക്ട്രിക് വാഹനമായിരുന്നു.

ഇലക്ട്രിക് ടു വീലർ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ വിൽപ്പന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 61.10 ശതമാനം വർധനയോടെ 3,30,846 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന 72.91 ശതമാനം ഉയർന്ന് 52,104 യൂണിറ്റിലെത്തി. ഇലക്ട്രിക് ത്രീ വീലർ വിൽപ്പന 25.45 ശതമാനം വർധിച്ച് 1,20,330 യൂണിറ്റായി. ഇലക്ട്രിക് കൊമേഴ്സ്യൽ വാഹനങ്ങളുടെ വിൽപ്പനയാകട്ടെ 154.56 ശതമാനം കുതിച്ച് 6,387 യൂണിറ്റിലെത്തി.

എന്നാൽ പരമ്പരാഗത പാസഞ്ചർ വാഹന വിഭാഗത്തിൽ തിരിച്ചടിയുണ്ടായി. കാറുകളും മറ്റ് പാസഞ്ചർ വാഹനങ്ങളും ഉൾപ്പെടുന്ന വിഭാഗത്തിലെ റീട്ടെയിൽ വിൽപ്പന 7.16 ശതമാനം കുറഞ്ഞ് 7,48,616 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ ഉത്സവകാലത്ത് 8,06,322 യൂണിറ്റുകളായിരുന്നു വിൽപ്പന. എന്നാൽ 2024ലെ ഉത്സവകാലത്തെ അപേക്ഷിച്ച് പാസഞ്ചർ വാഹന വിൽപ്പന ഇപ്പോഴും 16.43 ശതമാനം കൂടുതലാണ്.

Also Read:

ഇന്ത്യയുടെ വ്യവസായ മേഖലയിൽ വമ്പൻ കുതിപ്പ്; ഉൽപ്പാദന മേഖല 9 മാസത്തെ ഉയരത്തിൽ

മറ്റ് വാഹന വിഭാഗങ്ങളിൽ വളർച്ചയാണ് രേഖപ്പെടുത്തിയത്. ടു വീലർ വിൽപ്പന 3.67 ശതമാനം ഉയർന്ന് 43.13 ലക്ഷം യൂണിറ്റായി. ത്രീ വീലർ വിൽപ്പന 5.32 ശതമാനം വർധിച്ച് 1.93 ലക്ഷം യൂണിറ്റിലെത്തി. കൊമേഴ്സ്യൽ വാഹനങ്ങളിൽ 7.13 ശതമാനവും ട്രാക്ടർ വിൽപ്പനയിൽ 2.24 ശതമാനവും വളർച്ചയുണ്ടായി. കൺസ്ട്രക്ഷൻ എക്യുപ്മെന്റ് വിഭാഗത്തിലാണ് ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം. വിൽപ്പന 26.06 ശതമാനം ഉയർന്നു.

കഴിഞ്ഞ വർഷം GST 2.0 പരിഷ്കരണത്തെത്തുടർന്ന് വാഹന വിപണിയിൽ വലിയ ഡിമാൻഡ് വർധനയുണ്ടായിരുന്നു. ഉയർന്ന ഈ അടിസ്ഥാന കണക്കുകൾക്കിടയിലും ഇത്തവണ മൊത്തം വിൽപ്പനയിൽ വളർച്ച നിലനിർത്താൻ കഴിഞ്ഞത് ശ്രദ്ധേയമാണ്. 2024ലെ ഉത്സവകാലത്തെ അപേക്ഷിച്ച് മൊത്തം വാഹന റീട്ടെയിൽ വിൽപ്പനയിൽ 23.95 ശതമാനം വളർച്ചയുണ്ടായി.

FADA പ്രസിഡന്റ് സായ് ഗിരിധർ പറയുന്നതനുസരിച്ച്, ഇന്ത്യയുടെ വാഹന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത അതിവേഗം വർധിക്കുകയാണ്. കുറഞ്ഞ പ്രവർത്തനച്ചെലവ്, മികച്ച റേഞ്ച്, വർധിച്ചുവരുന്ന മോഡൽ തിരഞ്ഞെടുപ്പുകൾ എന്നിവയാണ് ഇലക്ട്രിക് വാഹനങ്ങളിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. അതേസമയം, ചില വിഭാഗങ്ങളിൽ വാഹനങ്ങളുടെ ലഭ്യതക്കുറവ് വിൽപ്പനയെ ബാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വർഷം ആദ്യമായി ഇന്ത്യയുടെ വാർഷിക വാഹന റീട്ടെയിൽ വിൽപ്പന മൂന്ന് കോടി യൂണിറ്റ് കടക്കുമെന്ന പ്രതീക്ഷയും FADA പങ്കുവെച്ചിട്ടുണ്ട്. ഉത്സവകാലത്തെ റെക്കോർഡ് വിൽപ്പന ഈ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന് കരുത്തേകുമെന്നാണ് വിലയിരുത്തൽ.

പാസഞ്ചർ വാഹന വിപണിയിൽ ഇടിവുണ്ടായിട്ടും ഇലക്ട്രിക് വാഹനങ്ങളുടെ കുതിപ്പും മറ്റ് വാഹന വിഭാഗങ്ങളിലെ വളർച്ചയും ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയെ പുതിയ റെക്കോർഡിലെത്തിച്ചിരിക്കുകയാണ്. രാജ്യത്തെ വാഹന വിപണിയിൽ ഇലക്ട്രിക് മൊബിലിറ്റിയുടെ സ്വാധീനം എത്രത്തോളം വർധിച്ചുവെന്നതിന്റെ വ്യക്തമായ സൂചന കൂടിയാണിത്.

Content Highlights: India’s Auto Retail Sales Hit a Record High of 5.52 Million Units During the 2026 Festive Season, Driven by a 52.6% Surge in Electric Vehicle Sales Despite a Decline in Passenger Vehicle Sales

dot image

dot image