Home rss national malayalam പുതിയ വാർത്ത ഇന്ത്യ സഖ്യ നേതാക്കള്‍ നിവേദനം നല്‍കി; പരിശോധിക്കാമെന്ന് രാഷ്ട്രപതിയുടെ ഉറപ്പ്

ഇന്ത്യ സഖ്യ നേതാക്കള്‍ നിവേദനം നല്‍കി; പരിശോധിക്കാമെന്ന് രാഷ്ട്രപതിയുടെ ഉറപ്പ്

5
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യ നേതാക്കള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ട് നിവേദനം നല്‍കി.

തങ്ങള്‍ ഉന്നയിച്ച വോട്ട് തട്ടിപ്പ് ആരോപണങ്ങളെയോ വാദങ്ങളെയോ രാഷ്ട്രപതി നിഷേധിച്ചില്ലെന്നും എല്ലാ കാര്യങ്ങളും അനുഭാവപൂര്‍വ്വം കേട്ടിരുന്നതായും ചര്‍ച്ചക്കു ശേഷം രാഹുല്‍ ഗാന്ധി മാധ്യമങ്ങളോടു പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങള്‍ ശ്രദ്ധയോടെ കേട്ട രാഷ്ട്രപതി കാര്യം പരിശോധിക്കാമെന്ന് ഉറപ്പുനല്‍കിയതായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അറിയിച്ചു.

രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കള്‍ മടങ്ങിയെങ്കിലും വരും ദിവസങ്ങളില്‍ വിഷയം ദേശീയതലത്തില്‍ കൂടുതല്‍ ശക്തമായ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ക്ക് വഴിതുറക്കുമെന്ന് ഉറപ്പായിട്ടുണ്ട്. നാളെ തുടങ്ങുന്ന സി ജെ പി സമരത്തിന് ഇടത് പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും പിന്തുണ നല്‍കും. കോണ്‍ഗ്രസ് സി ജെ പി പ്രതിഷേധത്തോട് മുഖം തിരിച്ചിരിക്കുകയാണ്.

പാര്‍ലമെന്റില്‍ നിന്ന് വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ എം പിമാരെ പോലീസ് തടഞ്ഞതിന് ശേഷമാണ് പ്രമുഖ നേതാക്കള്‍ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി, ഒമര്‍ അബ്ദുള്ള തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളെല്ലാം പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും ചേര്‍ന്ന് ‘വോട്ട് ചോരി’ (വോട്ട് തട്ടിപ്പ്) നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന ഗുരുതരമായ ആരോപണമടങ്ങിയ മെമ്മോറാണ്ടമാണ് നേതാക്കള്‍ രാഷ്ട്രപതിക്ക് കൈമാറിയത്. വോട്ട് ചോരി ആരോപണം രാഷ്ട്രപതി നിഷേധിച്ചില്ലെന്നും രാഷ്ട്രപതിയുടെ പ്രതികരണം അവിശ്വസനീയവും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു വെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വഴിവിട്ട നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധം വരും ദിവസങ്ങളിലും ശക്തമായി തുടരാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. വരുന്ന തിങ്കളാഴ്ചയും രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നേരിട്ട് കണ്ട് പരാതി നല്‍കുമെന്നും, ജനാധിപത്യം സംരക്ഷിക്കാന്‍ സാധ്യമായ എല്ലാ വഴികളിലൂടെയും പോരാട്ടം തുടരുമെന്നും ഒരു വഴിയും ഉപേക്ഷിക്കില്ലെന്നും നേതാക്കള്‍ വിശദമാക്കി.

രാജ്യത്ത് ഇ വി എം പൂര്‍ണ്ണമായി ഒഴിവാക്കി ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോകണമെന്നും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേര്‍ന്ന് ജനാധിപത്യത്തെ തകര്‍ക്കുകയാണെന്നും സഖ്യനേതാക്കള്‍ രാഷ്ട്രപതിയെ ധരിപ്പിച്ചു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും റിപ്പോര്‍ട്ട് തേടണമെന്ന് ആവശ്യപ്പെട്ടതായും രാഷ്ട്രപതിയുടെ പോസിറ്റീവായ നിലപാടിനെ പ്രതീക്ഷയോടെ കാണുന്നുവെന്നും മമതാ ബാനര്‍ജിയും കൂട്ടിച്ചേര്‍ത്തു.

Content Highlights:
INDIA alliance leaders met President Droupadi Murmu demanding the removal of Chief Election Commissioner Gyanesh Kumar over vote theft allegations. Leaders including Rahul Gandhi, Mallikarjun Kharge, and Mamata Banerjee stated the President heard their concerns attentively. The opposition plans to approach the Chief Justice of India and continue nationwide protests.