Home BUSINESS NEWS MALYALAM ഇൻസ്റ്റഗ്രാമിൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങളുടെ പരസ്യം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിബിസി

ഇൻസ്റ്റഗ്രാമിൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങളുടെ പരസ്യം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിബിസി

5
0

Source :- EVARTHA NEWS

ഇന്ത്യയിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പണമടച്ചുള്ള പരസ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടതായി ബിബിസിയുടെ അന്വേഷണ റിപ്പോർട്ട്. ഗുരുതരമായ നിയമലംഘനങ്ങളും സുരക്ഷാ വീഴ്ചകളും ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്ക നിയന്ത്രണ സംവിധാനത്തെ വീണ്ടും ചർച്ചയിലാക്കുകയാണ്.

ബിബിസിയുടെ കണ്ടെത്തലനുസരിച്ച്, “ചൈൽഡ് വീഡിയോ”, “റേപ്പ് വീഡിയോ” തുടങ്ങിയ വിഭാഗങ്ങളിലുള്ള ഉള്ളടക്കങ്ങൾ വിൽക്കുന്ന ടെലഗ്രാം ചാനലുകളിലേക്കുള്ള ലിങ്കുകൾ ഇൻസ്റ്റഗ്രാം പരസ്യങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടു. വെറും 99 രൂപയ്ക്ക് ഇത്തരം ദൃശ്യങ്ങൾ ലഭ്യമാണെന്ന അവകാശവാദങ്ങളോടെയായിരുന്നു ചില പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്.

വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് നടത്തിയ അന്വേഷണത്തിലാണ് ബിബിസി ഈ വിവരങ്ങൾ കണ്ടെത്തിയത്. ഉപയോക്താക്കൾ ഇത്തരം ഉള്ളടക്കങ്ങൾ തിരയാതിരുന്നിട്ടും സമാന സ്വഭാവമുള്ള പരസ്യങ്ങൾ നിർദേശിക്കപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. കുട്ടികളെ ഉൾപ്പെടുത്തി തയ്യാറാക്കിയ ലൈംഗികാതിക്രമ ദൃശ്യങ്ങൾ കാണാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളും കണ്ടെത്തിയതായി ബിബിസി വ്യക്തമാക്കി.

ഒരു പരസ്യത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ സംബന്ധിച്ച അതീവ ആശങ്കാജനകമായ വിവരണങ്ങളും ടെലഗ്രാം ചാനലിലേക്കുള്ള ലിങ്കും ഉൾപ്പെടുത്തിയിരുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇത്തരം പരസ്യങ്ങൾ തങ്ങളുടെ നയങ്ങൾ ലംഘിക്കുന്നതല്ലെന്നായിരുന്നു മെറ്റയുടെ പ്രാഥമിക പ്രതികരണം. പിന്നീട് പ്രശ്നകരമായ പരസ്യങ്ങൾ നീക്കം ചെയ്യുകയും നയങ്ങൾ ലംഘിച്ച അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയും ചെയ്തതായി കമ്പനി അറിയിച്ചു.

ടെലഗ്രാമും വിഷയത്തിൽ പ്രതികരിച്ചു. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട 2.74 ലക്ഷത്തിലധികം ഗ്രൂപ്പുകളും ചാനലുകളും ഈ വർഷം മാത്രം നീക്കം ചെയ്തതായി കമ്പനി വ്യക്തമാക്കി.

സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ സുരക്ഷാ സംവിധാനങ്ങൾ എത്രത്തോളം ഫലപ്രദമാണെന്ന ചോദ്യമാണ് ബിബിസിയുടെ റിപ്പോർട്ട് വീണ്ടും ഉയർത്തുന്നത്.