Home LATEST NEWS malyalam പുതിയ വാർത്ത ഊരാളുങ്കല്‍ സൊസൈറ്റി: ആരോപണത്തില്‍ മലക്കം മറിഞ്ഞ് യു ഡി എഫ് സര്‍ക്കാര്‍

ഊരാളുങ്കല്‍ സൊസൈറ്റി: ആരോപണത്തില്‍ മലക്കം മറിഞ്ഞ് യു ഡി എഫ് സര്‍ക്കാര്‍

5
0

Source :- SIRAJLIVE NEWS

തിരുവന്തപുരം | ഇടതു സര്‍ക്കാറിന്റെ കാലത്ത് ഊരാളുങ്കല്‍ സൊസൈറ്റിക്ക് ക്രമവിരുദ്ധമായി കരാറുകള്‍ നല്‍കിയെന്ന ആരോപണത്തില്‍ മലക്കം മറിഞ്ഞ് യു ഡി എഫ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് യു ഡി എഫ് വ്യാപകമായി ഉന്നയിച്ച ആരോപണങ്ങള്‍ തിരുത്തിയാണ് നിയമസഭയില്‍ മറുപടി. ഊരാളുങ്കലിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷത്തിരുന്നപ്പോള്‍ വി ഡി സതീശനടക്കം ഉന്നയിച്ചിരുന്നത്. സി പി എമ്മിന്റെ അഴിമതി പണം പാര്‍ക്ക് ചെയ്യുന്ന സ്ഥലമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയെന്ന ഗുരുതര ആരോപണമാണ് അന്ന് വി ഡി സതീശന്‍ ഉന്നയിച്ചിരുന്നത്.

ഊരാളുങ്കലിനെ തുറന്നു കാട്ടുക എന്ന ലക്ഷ്യത്തോടെ ഭരണ പക്ഷ അംഗം വി ടി ബല്‍റാം ഉന്നയിച്ച ചോദ്യത്തിന് ഊരാളുങ്കലുമായി ഒരു ക്രമവിരുദ്ധ കരാറും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍ മറുപടി നല്‍കി. ഊരാളുങ്കല്‍ നിര്‍മാണ പ്രവൃത്തികളില്‍ ഗുണനിലവാരം പാലിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് ഊരാളുങ്കല്‍ കോര്‍പറേറ്റീവ് സൊസൈറ്റിക്ക് നടപടിക്രമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തി അനുവദിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളെല്ലാം തന്നെ ഗുണനിലവാര പരിശോധന കര്‍ശനമായി പാലിക്കുന്നുണ്ട്. ദേശീയപാത നിര്‍മ്മാണത്തില്‍ ഊരാളുങ്കലിന് പ്രത്യേക മുന്‍ഗണന ഇല്ല. ഊരാളുങ്കല്‍ സോസൈറ്റിക്ക് പൊതുമരാമത്തു വകുപ്പിന്റെ 165 പ്രവൃത്തികള്‍ ഉണ്ട്. റോഡ് വിഭാഗത്തില്‍ 61, കിഫ്ബി പ്രവൃത്തികള്‍ 46 എണ്ണം എന്നിങ്ങനെയാണിവ. 40 ഓളം പ്രവൃത്തികള്‍ മന്ദഗതിയിലാണ്. വര്‍ക്ക് ലോഡ് കൂടിയതാണ് കാരണംമെന്നും മന്ത്രി വ്യക്തമാക്കി.

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് പ്രത്യേക പരിഗണന നല്‍കുന്നില്ലെന്നും പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഊരാളങ്കലിന് നടപടികള്‍ പാലിക്കാതെ പ്രവൃത്തി അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഊരാളുങ്കല്‍ സൊസൈറ്റിയുടെ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് അവര്‍ തന്നെയാണ് തയ്യാറാക്കുന്നത് എന്ന ആക്ഷേപം ഉണ്ടായിരുന്നു. അങ്ങനെയൊരു പ്രശ്നം ഉള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Content Highlights:
The UDF government made a U-turn in the Kerala Assembly regarding previous corruption allegations against ULCCS. PWD Minister PK Basheer clarified that no procedural violations or sub-standard works were noticed in projects awarded to the society, contradicting past claims by UDF leaders.