Home LATEST NEWS malyalam പുതിയ വാർത്ത എഥനോള്‍-100 ആരുടെ ഗുണത്തിന്?

എഥനോള്‍-100 ആരുടെ ഗുണത്തിന്?

5
0

Source :- SIRAJLIVE NEWS

2024ല്‍ കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പുറത്തിറക്കിയ മന്ത്രമാണ് എഥനോള്‍ 100. ഇന്ത്യന്‍ ഓയില്‍ എന്ന പൊതുമേഖലാ എണ്ണക്കമ്പനിയുടെ ഡല്‍ഹിയിലെ ഒരു വിതരണ കേന്ദ്രത്തില്‍ പെട്രോളിയം ഉത്പന്നങ്ങളായ പെട്രോള്‍, ഡീസല്‍ എന്നിവക്ക് പകരമായി പൂര്‍ണമായും എഥനോള്‍ എന്ന ദ്രാവകം വാഹനങ്ങളില്‍ ഉപയോഗിക്കാം എന്നതായിരുന്നു വിപ്ലവകരമായ ആ പ്രഖ്യാപനം. അഞ്ച് സംസ്ഥാനങ്ങളിലെ 183 വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ഇത് ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ദര്‍ശനം, ‘അന്നദാതാക്കളില്‍ നിന്ന് ഊര്‍ജദാതാക്കളായി കര്‍ഷകരെ ഉയര്‍ത്തുക’എന്നതാണത്രെ.

എന്താണ് എഥനോള്‍ 100?
നിലവിലുള്ള പെട്രോളിയം ഇന്ധനങ്ങളായ പെട്രോള്‍, ഡീസല്‍ എന്നിവയില്‍ എഥനോള്‍ പങ്ക് ഏതാണ്ട് 95 ശതമാനത്തില്‍ എത്തിക്കുക. കൃത്യമായി പറഞ്ഞാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എഥനോള്‍ 100 എണ്ണയില്‍ 93 മുതല്‍ 95 ശതമാനം വരെ എഥനോളും അഞ്ച് ശതമാനത്തോളം പെട്രോളും എന്‍ജിന്‍ സുരക്ഷക്കായി 1.5 ശതമാനം ഒരു കോ സോള്‍വന്റ്എന്ന ദ്രാവകവും ചേര്‍ക്കുന്നു. കാര്‍ഷിക ഉത്പന്നങ്ങളായ അരി പോലുള്ള ധാന്യങ്ങളില്‍ നിന്നും കരിമ്പില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന എഥനോള്‍ എന്ന ദ്രാവകമാണ് വരും കാലത്തെ വാഹനങ്ങളിലെ ഇന്ധനം.

അവ ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് കൂടിയ വില ലഭിക്കും. ഇതിലൂടെ ഇന്ധന ഇറക്കുമതി, പ്രധാനമായും ക്രൂഡ്, ഗണ്യമായി കുറയും. അത് വഴി വിദേശനാണ്യം ലാഭിക്കാം. രാജ്യത്തിന് സ്വാശ്രയത്വം വര്‍ധിപ്പിക്കാം തുടങ്ങിയ നേട്ടങ്ങള്‍ ഉണ്ടെന്നും അദ്ദേഹം അന്ന് പറഞ്ഞു. ഇന്ത്യ ക്രൂഡ് ആവശ്യങ്ങളുടെ 87 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇതുവഴി പ്രതിവര്‍ഷം 22 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം പുറത്തേക്കു നല്‍കേണ്ടി വരുന്നുണ്ട്. അതില്‍ ഗണ്യമായ കുറവ് വരുത്താന്‍ ഇത് വഴി കഴിയുന്നു. പശ്ചിമേഷ്യയിലും മറ്റുമുള്ള അനിശ്ചിതത്വങ്ങള്‍ പരിഗണിച്ചാല്‍ നമ്മുടെ ഊര്‍ജ സുരക്ഷക്ക് ഇത് അനിവാര്യമാകുന്നു എന്നാണ് ഇവരുടെ വാദം.

എഥനോള്‍ വ്യവസായം വളരുന്നു. ഇത് വഴി അന്തരീക്ഷത്തിലേക്ക് വരുന്ന കാര്‍ബണ്‍ അളവ് ഗണ്യമായി കുറയുന്നു. ഇത് സുസ്ഥിരവും വൃത്തിയുള്ളതുമായ വികസനപാതയാണ് എന്നാണ് പറയുന്നത്. കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുന്നു. എഥനോള്‍ ഉപയോഗിച്ചുള്ള വാഹനങ്ങള്‍ വ്യാപകമാക്കിയാല്‍ കുറഞ്ഞ പാരിസ്ഥിതികാഘാതവും കൂടിയ ഇന്ധനക്ഷമതയും ഉണ്ടാകും. ഒന്നിലേറെ തരത്തിലുള്ള ഇന്ധനങ്ങള്‍ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ കമ്പോളത്തില്‍ വ്യാപിപ്പിക്കുന്നതിനും ഇത് വഴിയൊരുക്കുന്നു.

എന്താണ് ഇതിന്റെ പിന്നില്‍?
ഒറ്റനോട്ടത്തില്‍ ശരിയാണെന്നു തോന്നിക്കുന്ന ഈ അവകാശവാദങ്ങളുടെ യാഥാര്‍ഥ്യം എന്താണ്? ലോകത്ത് പെട്രോളിയത്തിന്റെ ശേഖരം അതിവേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നത് സത്യം. അതിന് ബദലുകള്‍ തേടുന്നുമുണ്ട്. ഹൈഡ്രജന്‍ പോലുള്ള ഇന്ധങ്ങളുടെ സാധ്യതകളും തെളിഞ്ഞു വരുന്നുണ്ട്. ഇവിടെ ഇന്ധനം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് ഭക്ഷ്യവസ്തുക്കളായ ധാന്യങ്ങളും കരിമ്പുമാണ്. നിലവിലുള്ള ധാന്യം, വിശേഷിച്ചും അരി, ഉത്പാദനത്തിന്റെ നല്ലൊരു പങ്കും ഈ ആവശ്യത്തിലേക്കായി നീക്കിവെക്കപ്പെട്ടാല്‍ ഭക്ഷ്യസുരക്ഷ എന്നത് തന്നെ അപകടത്തിലാകും എന്ന ആശങ്ക തള്ളിക്കളയാന്‍ കഴിയില്ല. വളരെ ഉയര്‍ന്ന വിലനല്‍കി ഈ ധാന്യങ്ങള്‍ മത്സരക്കമ്പോളത്തില്‍ നിന്ന് വാങ്ങാന്‍ എണ്ണക്കമ്പനികള്‍ക്ക് കഴിയും. അരിയുടെ വില ക്രമാതീതമായി ഉയര്‍ന്നാല്‍ വലിയൊരു വിഭാഗത്തിന് ഭക്ഷണം ലഭ്യമാകാതെ വരും. വന്‍ തോതില്‍ നെല്ലുത്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ നേരിട്ട് കമ്പനികള്‍ക്ക് വില്‍ക്കാനാകും താത്പര്യം. സര്‍ക്കാറുകള്‍ ഈ അവസ്ഥയില്‍ ഇടപെട്ടുകൊണ്ട് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കഴിയാതെ വന്നാല്‍ അത് കടുത്ത ദാരിദ്ര്യത്തിലേക്ക് നയിക്കും. ഇത് ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാദവും നിലനില്‍ക്കുന്നതല്ല. ഈ കൃഷി വ്യാപാരാടിസ്ഥാനത്തിലേക്ക് മാറുകയും വന്‍കിട കമ്പനികള്‍ യന്ത്രവത്കൃതമായ കൃഷി വ്യാപിപ്പിക്കുകയും ചെയ്യും. തൊഴില്‍ അവസരങ്ങള്‍ കുറയാനാണ് സാധ്യത.

അതിനേക്കാള്‍ ഗുരുതരമാണ് ഇതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍. നെല്ലും കരിമ്പും പോലുള്ള കൃഷികള്‍ വലിയ തോതില്‍ വെള്ളം ഉപയോഗിക്കുന്നവയാണ്. ഇന്ത്യയിലെ പാടങ്ങള്‍ മിക്കവയും ജലസേചനം വഴി കൃഷി ചെയ്യുന്നവയാണ്. പൊതുവില്‍ വരണ്ടവയുമാണ്. ഈ കൃഷി വലിയ തോതില്‍ വ്യാപിക്കുമ്പോള്‍ ജലക്ഷാമവും അത് വഴി മരുവത്കരണവും ഉണ്ടാകും എന്നത് തീര്‍ച്ചയാണ്. മറ്റു പല കൃഷികളും ഇല്ലാതാകും. പയര്‍ വര്‍ഗങ്ങളും പച്ചക്കറികളും ഉത്പാദനം കുറയും. ഇതുണ്ടാക്കുന്ന പാരിസ്ഥിതികവും പോഷകാഹാരപരവുമായ പ്രതിസന്ധികള്‍ ചെറുതാകില്ല. ജൈവ വൈവിധ്യത്തെ കാര്യമായി ബാധിക്കും.

യഥാര്‍ഥ താത്പര്യങ്ങള്‍ വേറെയാണ്
കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഇപ്പോള്‍ ഈ പദ്ധതിയുടെ പ്രചാരകനായി വരുന്നതിന്റെ പിന്നിലെ ചില താത്പര്യങ്ങളും ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നുണ്ട്. പ്രതിസന്ധിയെ പ്രശ്‌നപരിഹാര സാധ്യതയാക്കി മാറ്റുക എന്നതാണ് നേതൃഗുണങ്ങളില്‍ സുപ്രധാനമായ ഒന്ന്. രാജ്യത്തെ ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് ഈ ഗുണം വേണ്ടുവോളമുണ്ട് എന്ന് തെളിയിക്കുന്ന ഒരു തീരുമാനം കൂടി അദ്ദേഹം സമയബന്ധിതമായി കൈക്കൊണ്ടിരിക്കുന്നു. ഒറ്റ വ്യത്യാസമേയുള്ളൂ, രാജ്യത്തിന്റെ പ്രതിസന്ധി പരിഹരിക്കാനല്ല, സ്വന്തം പുത്രന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ പ്രതിസന്ധി പരിഹരിക്കാനാണ് ഈ തീരുമാനം കൈക്കൊണ്ടത് എന്ന് മാത്രം. ഇതേക്കുറിച്ച് ആരെങ്കിലും ചോദ്യങ്ങളുയര്‍ത്തിയാല്‍ കാക്കിക്കളസമിട്ട സര്‍സംഘ്ചാലകന്മാര്‍ തൊട്ട് താഴെത്തട്ടിലുള്ള പ്രചാരക് വരെ ഗണഗീതം പാടി പ്രതിരോധിച്ചുകൊള്ളും എന്ന് ഗഡ്കരിക്ക് നന്നായറിയാം.

ട്രംപ് താരിഫ്, റഷ്യന്‍ എണ്ണ ഇറക്കുമതി എന്നിവയോടൊപ്പം തന്നെ ഇന്ത്യയില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകളിലൊന്ന് എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വിതരണത്തെ സംബന്ധിച്ചായിരുന്നു. ഇപ്പോള്‍ നൂറ് ശതമാനം എഥനോള്‍ അടിസ്ഥാനമാക്കിയ ഇ 100 എന്ന ഫ്‌ളെക്‌സ് ഫ്യൂവലിന് രാജ്യത്ത് അനുമതി നല്‍കിയിരിക്കുകയാണ്. എഥനോള്‍ ഇന്ധനത്തിലേക്കുള്ള പരിവര്‍ത്തനം രാജ്യത്തെ വാഹന നിര്‍മാണ മേഖലയിലും കാര്‍ഷിക മേഖലയിലും ജലലഭ്യതയിലും സൃഷ്ടിക്കാന്‍ പോകുന്ന പ്രതിസന്ധികളെ മുഖവിലക്കെടുക്കാന്‍ സര്‍ക്കാറോ ഗതാഗത വകുപ്പോ തയ്യാറായിട്ടില്ല.

ഗതാഗത വകുപ്പ് മന്ത്രിയുടെ ധൃതിപിടിച്ച ഈ തീരുമാനത്തിന് പിന്നില്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാത്ത മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്. അതിലൊന്ന് ഇന്ത്യയില്‍ എഥനോള്‍ ഉത്പാദനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന കമ്പനികളിലൊന്ന് സിയാന്‍ ആഗ്രോ ഇന്‍ഡസ്ട്രീസ് ആണ് എന്നതാണ്. ഈ കമ്പനിയുടെ 60 ശതമാനത്തിലധികം ഓഹരികള്‍ നിതിന്‍ ഗഡ്കരിയുടെ മകനായ നിഖില്‍ ഗഡ്കരിയുടേതാണ് എന്നതുകൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. 2024 ജൂണിലെ വെറും 17 കോടി വരുമാനത്തില്‍ നിന്ന് 2026 ആകുമ്പോഴേക്കും സിയാന്‍ ഇന്‍ഡസ്ട്രീസിന്റെ വരുമാന വളര്‍ച്ച 1,200 കോടി രൂപയായി മാറി എന്നതുകൂടി നാം അറിയേണ്ടതുണ്ട്.

കര്‍ഷകരുടെ അടിസ്ഥാനാവശ്യങ്ങളെ പരിഗണിക്കാതെ ഒരു വര്‍ഷത്തോളം അവരെ പ്രക്ഷോഭത്തിനായി നിര്‍ബന്ധിപ്പിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് ആവര്‍ത്തിച്ചു പറയുന്നതിന് പിന്നില്‍ ഗഡ്കരീ പുത്രന്റെ കമ്പനിയുടെ സാമ്പത്തിക വളര്‍ച്ചയുമായി അഭേദ്യബന്ധമുണ്ടെന്ന് കാണാം.

രാജ്യത്തെ എഥനോള്‍ ഉത്പാദനം ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ നിര്‍ബന്ധമായും സംഭവിക്കാവുന്ന സാമൂഹിക ചെലവുകളെ സംബന്ധിച്ച് കാര്യമായ പഠനങ്ങളൊന്നും തന്നെ നടന്നിട്ടില്ല എന്നത് ഗൗരവമായ കാര്യമാണ്. ഇന്ത്യ പോലുള്ള വന്‍തോതില്‍ ജലക്ഷാമമുള്ള ഒരു രാജ്യത്ത് നെല്ല്, കരിമ്പ് തുടങ്ങിയ വെള്ളം കുടിക്കുന്ന വിളകളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ സാമൂഹിക ചെലവും വിലയിരുത്തപ്പെട്ടിട്ടില്ല. എന്നുമാത്രമല്ല, എഥനോള്‍ ഉത്പാദനത്തിനായി ഭക്ഷ്യധാന്യങ്ങള്‍ തിരിച്ചുവിടുന്നത് ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കുകയും ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിപ്പിക്കുകയും ഇതിനകം പിന്നാക്കം നില്‍ക്കുന്നവരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും എന്നതും സുപ്രധാനമായ സംഗതിയാണ്.

2050 ആകുമ്പോഴേക്കും ഇന്ത്യയുടെ ജനസംഖ്യ ഏകദേശം 1.7 ബില്യണ്‍ ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുടെ ഭക്ഷ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്, ഇന്ത്യ ഭക്ഷ്യ ഉത്പാദനം പല മടങ്ങ് വര്‍ധിപ്പിക്കേണ്ടതുണ്ട്. 2024-25ലെ 354 ദശലക്ഷം ടണ്‍ ആവശ്യം 2050 ആകുമ്പോഴേക്കും ഏകദേശം 480 ദശലക്ഷം ടണ്ണായി മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്. എഥനോള്‍ ഉത്പാദനം നിലനിര്‍ത്താന്‍ ഭാവിയില്‍ ഇന്ത്യയില്‍ മിച്ച ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാകുമോ എന്നതാണ് ചോദ്യം. ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാന്‍ നിതിന്‍ ഗഡ്കരിയോ സര്‍ക്കാറോ തയ്യാറായിട്ടില്ല.