Source :- SIRAJLIVE NEWS
തിരുവനന്തപുരം | ഭരണമാറ്റത്തിന് പിന്നാലെ സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥ തലപ്പത്ത് വന്‍ അഴിച്ചുപണി. 47 ഐ എ എസ് ഉദ്യോഗസ്ഥരുടെ ചുമതലകളില്‍ മാറ്റംവരുത്തിയ ഉത്തരവ് പുറത്തിറങ്ങി. ഇതിന് പുറമെ, ഒരുവര്‍ഷത്തേക്ക് രണ്ട് താത്കാലിക തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. സ്പെഷ്യല്‍ സെക്രട്ടറി റാങ്കിന് തുല്യമായ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, അഡീഷണല്‍ സെക്രട്ടറി റാങ്കിന് തുല്യമായ തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്.
എല്‍ ഡി എഫ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്ത ബി അശോകിനും എന്‍ പ്രശാന്തിനും പുതിയ ചുമതകള്‍ നല്കി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് ബി അശോകിനെ നിയമിച്ചിരിക്കുന്നത്. കായിക വകുപ്പിന്റെ സ്പെഷ്യല്‍ സെക്രട്ടറിയായാണ് എന്‍ പ്രശാന്തിന്റെ നിയമനം. ഇതിന് പുറമെ യുവജനക്ഷേമം, മൃഗശാല, മ്യൂസിയം, പുരാവസ്തു വകുപ്പുകളുടെ അധിക ചുമതലയും പ്രശാന്തിന് നല്‍കിയിട്ടുണ്ട്. ബിശ്വനാഥ് സിന്‍ഹക്ക് ആഭ്യന്തര വിജിലന്‍സ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിക്ക് പുറമെ കയര്‍ വികസനം, ഭവന നിര്‍മാണം എന്നീ വകുപ്പുകളുടെ പൂര്‍ണ അധിക ചുമതല കൂടി നല്കി. ഇദ്ദേഹത്തെ തീരദേശ ഷിപ്പിംഗ് ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കി.
ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര് ജ്യോതിലാലിന് പ്ലാനിംഗ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പ് ചുമതലയും സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയുടെ പൂര്‍ണ അധിക ചുമതലയും നല്കി. മിന്‍ഹാജ് ആലത്തെ കെ എസ് ഇ ബി ചെയര്മാന് സ്ഥാനത്ത് നിന്ന് മാറ്റി കൃഷി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായും അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണറായും നിയമിച്ചു. രാജു നാരായണ സ്വാമി സൈനിക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും. തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന ടി വി അനുപമ ഗതാഗത സെക്രട്ടറിയാകും. ഷാര്‍മിള മേരി ജോസഫ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും.
മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തന്‍ യു ഖേല്‍ക്കറിന് തുറമുഖ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നല്‍കും. കെ ബിജുവാണ് വനം വകുപ്പ് സെക്രട്ടറി. എം ജി രാജമാണിക്യം കെ എസ് ഇ ബി ചെയര്‍മാനാകും. കെ ജീവന് ബാബു റവന്യൂ, ദുരന്ത നിവാരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാകും. സുഹാസ് എസ് ജല വിഭവ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാകും. വിഴിഞ്ഞം തുറമുഖ എം ഡി സ്ഥാനത്ത് നിന്ന് ദിവ്യ എസ് അയ്യരെ നീക്കി പുതുതായി സൃഷ്ടിച്ച തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ പദവിയില്‍ നിയമിച്ചു. അദീല അബ്ദുല്ല പി ഡബ്ല്യു ഡി സ്പെഷ്യല്‍ സെക്രട്ടറിയാകും. ശ്രീറാം സാംബശിവ റാവുവിനു ഐ ടി വകുപ്പിന്റെ അധിക ചുമതല നല്‍കും. ഷാനവാസ് എസ് തദ്ദേശ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാകും. ഡി സജിത് ബാബുവാണ് പുതിയ പൊതുവിഭ്യാഭ്യാസ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ അധിക ചുമതലയും അദ്ദേഹം വഹിക്കും. കെ ഗോപാലകൃഷ്ണനാണ് പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍. ടി വി സുഭാഷ് കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാകും. എം അഞ്ജനക്ക് നോര്‍ക്കയുടെയും ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും അധിക ചുമതല നല്കി. ഷീബ ജോര്‍ജ് വനിതാ ശിശു വികസന വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയും അഫ്സാന പര്‍വീണ്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമാകും.
ജെറോമിക് ജോര്‍ജിന് ധനവകുപ്പില്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായാണ് നിയമനം. അവധി കഴിഞ്ഞ് മടങ്ങിയെത്തിയ രേണു രാജിന് ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി നിയമനം ലഭിച്ചു. ആസിഫ് കെ യൂസഫ് നോര്‍ക്ക ഡയറക്ടറും ശ്രീധന്യ സുരേഷ് ഫുഡ് സേഫ്ടി കമ്മീഷണറുമാകും. സഫ്ന നസറുദ്ധീന്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അധിക ചുമതല നല്കി. രാഹുല്‍ കൃഷ്ണ ശര്‍മയാണ് ജി എസ് ടി സ്പെഷ്യല്‍ കമ്മീഷണര്‍. അനു എസ് നായരാണ് നാഷനല്‍ ഹെല്‍ത്ത് മിഷന് ഡയറക്ടര്‍. സബിന്‍ സമീദിന് ഐ ആന്‍ഡ് പി ആര് ഡി ഡയറക്ടറുടെ അധിക ചുമതല നല്കി. ഹര്‍ഷില്‍ ആര് മീനയെ ടൂറിസം എം ഡിയായി നിയമിക്കാനും ഉത്തരവായി.







