Home rss national malayalam പുതിയ വാർത്ത ഒമാൻ: മധ്യസ്ഥതയുടെ രാഷ്ട്രീയം

ഒമാൻ: മധ്യസ്ഥതയുടെ രാഷ്ട്രീയം

5
0

Source :- SIRAJLIVE NEWS

1833 സെപ്തംബർ 21. മസ്‌കത്തിൽ ഒമാൻ സുൽത്താൻ സഈദ് ബിൻ സുൽത്വാനും അമേരിക്കൻ പ്രതിനിധി എഡ്മണ്ട് റോബർട്‌സും സൗഹൃദ- വാണിജ്യ ഉടമ്പടിയിൽ ഒപ്പുവെച്ച ദിവസം. അമേരിക്കൻ ഐക്യനാടുകൾ ഒരു അറബ് രാജ്യവുമായി സ്ഥാപിച്ച ആദ്യകാല ഔദ്യോഗിക ബന്ധങ്ങളിലൊന്നായിരുന്നു അത്. ഏഴ് വർഷത്തിനുശേഷം, 1840ൽ സുൽത്വാന്റെ ദൂതൻ അഹ്്മദ് ബിൻ നുഅ്മാൻ “സുൽത്വാന’ എന്ന കപ്പലിൽ ന്യൂയോർക്കിലെത്തി. അന്ന് തുറന്ന സൗഹൃദത്തിന്റെ കടൽപ്പാതക്ക് ഇന്ന് 193 വർഷം പിന്നിടുമ്പോൾ, അതേ ഒമാനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈനിക നടപടിയുടെ ഭീഷണി മുഴക്കുന്നത് ചരിത്രത്തിലെ അസാധാരണമായൊരു വൈരുധ്യമായി മാറുകയാണ്.

ഒമാനെ മനസ്സിലാക്കാൻ ഈ ചരിത്രം ഓർക്കേണ്ടതുണ്ട്. പാശ്ചാത്യ ശക്തികളുമായുള്ള ബന്ധം ഇന്നലെയുണ്ടായ രാഷ്ട്രീയ സൗകര്യമല്ല; നൂറ്റാണ്ടുകളായി കടൽവ്യാപാരത്തിലൂടെ ലോകവുമായി ബന്ധം സ്ഥാപിച്ച ഒരു രാജ്യത്തിന്റെ സ്വാഭാവിക പാരമ്പര്യമാണത്. ഇന്ത്യൻ മഹാസമുദ്രം മുതൽ കിഴക്കൻ ആഫ്രിക്കയും ഇന്ത്യയും ചൈനയും വരെയുള്ള വ്യാപാരബന്ധങ്ങൾ ഒമാന്റെ ചരിത്രത്തിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. കടൽ ഒമാനെ ലോകത്തിൽ നിന്ന് വേർതിരിച്ചില്ല; മറിച്ച് ലോകവുമായി ബന്ധിപ്പിച്ചു. വ്യത്യസ്ത ശക്തികളുമായി ഇടപഴകിക്കൊണ്ട് സ്വന്തം ഇടം സംരക്ഷിക്കുന്ന രാഷ്ട്രീയ സംസ്‌കാരം അതുകൊണ്ടുതന്നെ ഒമാന്റെ ചരിത്രത്തിൽ പുതിയതല്ല.
അമേരിക്കയുമായുള്ള ബന്ധവും അതിനിടയിലാണ് വളർന്നത്. 1880 മുതൽ 1915 വരെ മസ്‌കത്തിൽ അമേരിക്കൻ കോൺസുലേറ്റ് പ്രവർത്തിച്ചു. 1972ൽ ഔദ്യോഗിക നയതന്ത്രബന്ധം പുതിയ ഘട്ടത്തിലെത്തി. 1980ൽ ഇരുരാജ്യങ്ങളും സൈനിക സഹകരണ കരാറിലെത്തി. പിന്നീട് അമേരിക്കൻ സേനക്ക് ഒമാനിലെ ചില തുറമുഖങ്ങളും സൈനിക സൗകര്യങ്ങളും നിശ്ചിത വ്യവസ്ഥകളിൽ ഉപയോഗിക്കാനുള്ള അവസരവും ലഭിച്ചു. 2019ൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച Strategic Framework Agreement വഴി ദുഖം ഉൾപ്പെടെയുള്ള ഒമാന്റെ തുറമുഖങ്ങളിലേക്കുള്ള അമേരിക്കൻ സൈനിക പ്രവേശനസാധ്യത കൂടുതൽ വികസിച്ചു. അതായത് ഒമാൻ അമേരിക്കയുടെ ചരിത്രപരമായ സുരക്ഷാ പങ്കാളിയാണ് എന്നതിൽ സംശയമില്ല.
പക്ഷേ ഒമാന്റെ വിദേശനയത്തിന്റെ പ്രത്യേകത അതോടെയാണ് തുടങ്ങുന്നത്. അമേരിക്കയുമായി സുരക്ഷാ ബന്ധം പുലർത്തുമ്പോഴും ഇറാനുമായുള്ള വാതിൽ ഒമാൻ ഒരിക്കലും പൂർണമായി അടച്ചില്ല. ഗൾഫ് മേഖലയിലെ പല രാജ്യങ്ങളും ഇറാനെ പ്രധാന സുരക്ഷാ ഭീഷണിയായി കാണുമ്പോൾ, ഇറാനുമായി സംഭാഷണം തുടരുന്നതാണ് കൂടുതൽ പ്രായോഗികമെന്ന നിലപാടാണ് മസ്‌കത്ത് സ്വീകരിച്ചത്. ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ച “നിഷ്പക്ഷത’യല്ല. മറിച്ച്, വ്യത്യസ്ത ശക്തികളുമായി ബന്ധം നിലനിർത്തിക്കൊണ്ട് നേരിട്ടുള്ള ഏറ്റുമുട്ടലിൽ നിന്ന് അകന്നുനിൽക്കുന്ന തന്ത്രപരമായ സമതുലിത സമീപനമാണ് ഒമാന്റേത്.
1970ൽ സുൽത്വാൻ ഖാബൂസ് അധികാരത്തിലെത്തിയതോടെ ഈ വിദേശനയത്തിന് കൂടുതൽ വ്യക്തമായ രൂപം ലഭിച്ചു. അയൽരാജ്യങ്ങളുമായും പാശ്ചാത്യ ശക്തികളുമായും ഒരേസമയം ബന്ധം നിലനിർത്തിയ ഖാബൂസിന്റെ നയതന്ത്രം ഗൾഫ് രാഷ്ട്രീയത്തിൽ ഒമാനെ വ്യത്യസ്ത ശബ്ദമാക്കി. ഹോർമുസിന്റെ മറുവശത്തുള്ള ഇറാനുമായി നിരന്തര ശത്രുത പുലർത്തുന്നത് ഒമാന്റെ സ്വന്തം സുരക്ഷക്കുതന്നെ അപകടകരമാണെന്ന തിരിച്ചറിവായിരുന്നു ഇതിന് പിന്നിൽ. അതിനാൽ ഇറാനുമായി ബന്ധം നിലനിർത്തുന്നത് ഇറാന്റെ എല്ലാ നയങ്ങളെയും അംഗീകരിക്കുന്നതല്ല; മറിച്ച്, അയൽരാജ്യത്തോട് സംസാരിക്കാനുള്ള കഴിവ് നഷ്ടപ്പെടുത്താതിരിക്കുകയാണ്.
ഇതിന്റെ ഫലമായി അമേരിക്കക്കും ഇറാനും പരസ്പരം നേരിട്ട് സംസാരിക്കാൻ കഴിയാത്ത ഘട്ടങ്ങളിൽ ഒമാൻ രഹസ്യ പാലമായി മാറി. 2015ലെ ഇറാൻ ആണവകരാറിലേക്കുള്ള ചർച്ചകൾക്ക് മുമ്പ് അമേരിക്കയും ഇറാനും തമ്മിലുള്ള രഹസ്യ ചർച്ചകൾക്ക് മസ്‌കത്ത് വേദിയായി. പിന്നീട് ഇറാനിൽ തടവിലായിരുന്ന അമേരിക്കൻ പൗരന്മാരുടെ മോചനത്തിലും ഒമാൻ ഇടപെട്ടു. അതോടെ മസ്‌കത്തിന്റെ നയതന്ത്രത്തിന് പ്രത്യേക മൂല്യം ലഭിച്ചു. വാഷിംഗ്ടണുമായി സംസാരിക്കാനും തെഹ്‌റാനുമായി സംസാരിക്കാനും കഴിയുന്ന രാജ്യങ്ങൾ ഏറെയില്ല. ഇരുവശത്തേക്കും വിശ്വാസത്തോടെ എത്തിച്ചേരാൻ കഴിയുന്ന സ്ഥാനമാണ് ഒമാന്റെ ഏറ്റവും വലിയ തന്ത്രപ്രധാന സമ്പത്തായി മാറിയത്.

ഖാബൂസിന്റെ മരണത്തോടെ ഈ നയം അവസാനിച്ചില്ല. 2020ൽ സുൽത്വാൻ ഹൈതം ബിൻ താരിഖ് അധികാരത്തിലെത്തിയ ശേഷവും സംഭാഷണത്തിനും സംഘർഷ പരിഹാരത്തിനും നൽകിയ പ്രാധാന്യം തുടർന്നു. 2026ലും അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക് മസ്‌കത്ത് വേദിയായത് ഇതിന്റെ ഏറ്റവും പുതിയ തെളിവാണ്. അതോടെ ഒമാന്റെ മധ്യസ്ഥത ഒരു ഭരണാധികാരിയുടെ വ്യക്തിപരമായ നയതന്ത്രശൈലി മാത്രമല്ലെന്നും രാജ്യത്തിന്റെ വിദേശനയ പാരമ്പര്യമായി മാറിയെന്നും വ്യക്തമാകുന്നു.

ഇവിടെയാണ് ഹോർമുസ് കടലിടുക്ക് നിർണായകമാകുന്നത്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഊർജവാഹിനികളിലൊന്നായ ഹോർമുസിന്റെ തെക്കൻ തീരത്താണ് ഒമാൻ. മറുവശത്ത് ഇറാൻ. ഗൾഫിൽ നിന്നുള്ള എണ്ണയുടെയും വാതകത്തിന്റെയും വലിയൊരു ഭാഗം ലോകവിപണിയിലെത്തുന്ന ഈ കടലിടുക്കിന്റെ സുരക്ഷ തകരുമ്പോൾ അതിന്റെ പ്രത്യാഘാതം ഗൾഫിൽ മാത്രം ഒതുങ്ങില്ല. എണ്ണവില ഉയരും, കപ്പൽഗതാഗതം വഴിമാറും, ഇൻഷ്വറൻസ് ചെലവ് വർധിക്കും, ആഗോള വിപണികളിൽ സമ്മർദം ഉണ്ടാകും. അതുകൊണ്ട് ഹോർമുസ് ഒമാന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത മാത്രമല്ല. അതിന്റെ സാമ്പത്തിക സുരക്ഷയുടെയും വിദേശനയത്തിന്റെയും കേന്ദ്ര ബിന്ദുവാണ്.

ഹോർമുസ് അടഞ്ഞാൽ ലോകത്തിന് നഷ്ടമുണ്ടാകുന്നതുപോലെ ഒമാനും നഷ്ടമുണ്ടാകും. കപ്പൽഗതാഗതം, തുറമുഖങ്ങൾ, ലോജിസ്റ്റിക്‌സ്, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട് സ്വന്തം സമ്പദ്്വ്യവസ്ഥയെ വികസിപ്പിക്കാൻ ശ്രമിക്കുന്ന രാജ്യമാണ് ഒമാൻ. ദുഖം പോലുള്ള തുറമുഖങ്ങളെ ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന വ്യാപാര കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമവും അതിന്റെ ഭാഗമാണ്. അതിനാൽ ഹോർമുസിലെ സ്ഥിരത ഒമാന്റെ വിദേശനയത്തിലെ ധാർമിക ആശയം മാത്രമല്ല. സ്വന്തം സാമ്പത്തിക ഭാവിയുടെ ആവശ്യകത കൂടിയാണ്.
ഇതുകൊണ്ടാണ് ഇറാനുമായി സംഭാഷണം തുടരുന്നതിൽ ഒമാൻ പ്രത്യേക താത്പര്യം കാണിക്കുന്നത്. ഹോർമുസിന്റെ ഇരുവശങ്ങളിലുമുള്ള രാജ്യങ്ങളുമായി സംസാരിക്കാൻ കഴിയുന്ന ഒരേയൊരു രാജ്യം ഒമാൻ അല്ലെങ്കിലും അമേരിക്കയുമായുള്ള ദീർഘകാല സുരക്ഷാ ബന്ധവും ഇറാനുമായുള്ള അടുത്ത ആശയവിനിമയവും ഒരുമിച്ച് നിലനിർത്തുന്ന രാജ്യം എന്ന നിലയിൽ അതിന്റെ സ്ഥാനം വ്യത്യസ്തമാണ്. ഇറാനെ ഒറ്റപ്പെടുത്തുന്നതിനു പകരം ഇറാനുമായി സംസാരിക്കാൻ കഴിയുന്ന വാതിൽ തുറന്നുവെക്കുന്നത് യുദ്ധസാധ്യത കുറക്കാൻ സഹായിക്കുമെന്നതാണ് മസ്‌കത്തിന്റെ കണക്കുകൂട്ടൽ.

ഈ നയത്തെ ദൗർബല്യമായി വായിക്കുന്നത് വലിയ തെറ്റായിരിക്കും. ചെറിയൊരു രാജ്യം വലിയ ശക്തികൾക്കിടയിൽ സ്വന്തം സുരക്ഷയും താത്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള തന്ത്രമാണ് ഇത്. അമേരിക്കയുമായി സുരക്ഷാ ബന്ധം നിലനിർത്തുന്നു. ഇറാനുമായി സംഭാഷണം തുടരുന്നു. ഗൾഫ് രാജ്യങ്ങളുമായി സഹകരിക്കുന്നു. അതേസമയം സ്വന്തം തീരുമാനമെടുക്കാനുള്ള ഇടവും സംരക്ഷിക്കുന്നു. ഒമാൻ ആരുടെയും അനുസരണക്കാരാകാൻ ശ്രമിക്കുന്നില്ല. അതുപോലെ ആരുടെയും ശത്രുവാകാനും ആഗ്രഹിക്കുന്നില്ല.

ഇതിന്റെ മറ്റൊരു തെളിവാണ് സഊദി അറേബ്യയുമായുള്ള ഒമാന്റെ ബന്ധത്തിലെ അടുത്തകാലത്തെ വളർച്ച. ഇറാനുമായി ബന്ധം പുലർത്തുന്ന രാജ്യമായതിനാൽ ഒമാൻ ഗൾഫ് രാജ്യങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നു എന്ന ധാരണ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ല. സഊദിയുമായുള്ള നയതന്ത്ര, സാമ്പത്തിക, സുരക്ഷാ സഹകരണം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴും ഇറാനുമായുള്ള ആശയവിനിമയം തുടരാൻ ഒമാന് കഴിയുന്നു. അതായത് ഒരു വശത്തോട് അടുപ്പം പുലർത്താൻ മറ്റൊരു വശത്തിന്റെ വാതിൽ അടക്കേണ്ടതില്ലെന്നാണ് മസ്‌കത്ത് തെളിയിക്കുന്നത്.

ഇതാണ് ഒമാന്റെ രാഷ്ട്രീയ ബുദ്ധി. വലിയ ശക്തികൾ പലപ്പോഴും ലോകത്തെ “നമ്മോടൊപ്പം’ എന്നും “നമുക്കെതിരെ’ എന്നും വിഭജിക്കാൻ ശ്രമിക്കുമ്പോൾ, ചെറിയ രാജ്യങ്ങൾക്ക് അത്തരമൊരു വിഭജനം അപകടകരമാണ്. അതുകൊണ്ടാണ് ഒമാൻ മൂന്നാമത്തെ വഴിയിലൂടെ സഞ്ചരിക്കുന്നത്. എല്ലാവരോടും ഒരേ അഭിപ്രായം പുലർത്തുക എന്നതല്ല അതിന്റെ ലക്ഷ്യം. എല്ലാവരോടും സംസാരിക്കാൻ കഴിയുന്ന സ്ഥാനം നിലനിർത്തുക എന്നതാണ്.
ഈ വർഷത്തെ പുതിയ പ്രതിസന്ധി ഈ നയത്തിന്റെ ഏറ്റവും കഠിനമായ പരീക്ഷണമായി മാറുകയാണ്. ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുകയും ഹോർമുസിലെ കപ്പൽഗതാഗതം പ്രതിസന്ധിയിലാകുകയും ചെയ്ത സാഹചര്യത്തിൽ, അതിന് രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളിൽ ഒമാൻ ഇടപെടുകയാണ്. അമേരിക്ക മറുവശത്ത് ഹോർമുസ് തുറന്നിരിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇറാൻ സ്വന്തം സുരക്ഷാ- രാഷ്ട്രീയ നിബന്ധനകൾ മുന്നോട്ടുവെക്കുന്നു. ഇവക്കിടയിൽ സംഭാഷണത്തിലൂടെ ഒരു വഴി കണ്ടെത്താൻ ശ്രമിക്കുന്ന മസ്‌കത്തിന്റെ നിലപാട് ഇപ്പോൾ കൂടുതൽ സങ്കീർണമായിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒമാനെതിരായ ഭീഷണി കൂടുതൽ ശ്രദ്ധേയമാകുന്നത്. 2026 ആഗസ്റ്റ് 17ന്, ഒമാൻ അമേരിക്കൻ ശ്രമങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്ന് തോന്നിയാൽ സൈനിക നടപടി സ്വീകരിക്കുമെന്ന തരത്തിലുള്ള മുന്നറിയിപ്പാണ് ട്രംപ് നൽകിയത്. ദീർഘകാലമായി അമേരിക്കയുടെ സുരക്ഷാ പങ്കാളിയായ രാജ്യത്തോടാണ് ഈ ഭീഷണി. അതുകൊണ്ടുതന്നെ ഇത് ഒരു നയതന്ത്ര അഭിപ്രായവ്യത്യാസം മാത്രമല്ല. മധ്യസ്ഥതയുടെ പരിധിയെക്കുറിച്ചുള്ള വലിയ ചോദ്യവുമാണ് ഉയർത്തുന്നത്.
മധ്യസ്ഥനോട് യുദ്ധം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാൽ മധ്യസ്ഥതക്ക് എന്ത് സംഭവിക്കും? ഒരു സംഘർഷത്തിന്റെ ഇരുവശങ്ങളോടും സംസാരിക്കാൻ കഴിയുന്ന രാജ്യത്തിന്റെ സ്വാതന്ത്ര്യം തന്നെ ചോദ്യം ചെയ്യപ്പെട്ടാൽ, യുദ്ധം ഒഴിവാക്കാനുള്ള സാധ്യതകൾ കൂടുതൽ ചുരുങ്ങില്ലേ? ഈ ചോദ്യങ്ങൾ ഇന്നത്തെ ഒമാന്റെ സാഹചര്യത്തെ മനസ്സിലാക്കാൻ പ്രധാനമാണ്. എങ്കിലും ഒമാന്റെ നിലപാട് അമേരിക്കവിരുദ്ധമല്ല. ഇറാന്റെ പക്ഷം പിടിക്കുന്നതുമല്ല.

Content Highlights: Oman maintains a unique foreign policy by balancing long-standing security ties with the US while keeping communication open with Iran. As a vital mediator along the Strait of Hormuz, Muscat plays a strategic role in resolving regional conflicts and preserving global energy trade. Despite emerging geopolitical pressures and threats, Oman continues to prioritize dialogue and neutral diplomacy.