Home rss business malayalam ‘കള്ളപ്പണം അംഗീകരിച്ചെന്ന പ്രചാരണം കള്ളം’; ഇ.ഡി ആരോപണങ്ങൾ തള്ളി മുഹമ്മദ് റിയാസ്

‘കള്ളപ്പണം അംഗീകരിച്ചെന്ന പ്രചാരണം കള്ളം’; ഇ.ഡി ആരോപണങ്ങൾ തള്ളി മുഹമ്മദ് റിയാസ്

6
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

തനിക്കും ഭാര്യ വീണയ്ക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉന്നയിച്ച ആരോപണങ്ങൾ തള്ളി സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്. ആരോപണങ്ങൾ സമൂഹത്തിൽ തങ്ങൾക്കെതിരെ മോശം പ്രതിച്ഛായ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ബോധപൂർവം പ്രചരിപ്പിക്കുന്നതാണെന്ന് റിയാസ് ആരോപിച്ചു. കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വീണ കള്ളപ്പണം സ്വീകരിച്ചതായി സമ്മതിച്ചെന്ന തരത്തിലുള്ള പ്രചാരണം പൂർണമായും കള്ളമാണെന്ന് റിയാസ് പറഞ്ഞു. വീണയെ മൂന്ന് തവണ ഇ.ഡി ചോദ്യം ചെയ്തിട്ടും ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഒരു ചോദ്യം പോലും അന്വേഷണ ഉദ്യോഗസ്ഥർ ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനപ്പെട്ട തെളിവാണെങ്കിൽ അത് ഇത്തരത്തിലാണോ പുറത്തുവിടുകയെന്ന് റിയാസ് ചോദിച്ചു. സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി സമാപിച്ച ദിവസം തന്നെ വിവരങ്ങൾ പുറത്തുവിടാൻ പ്രത്യേകം തിരഞ്ഞെടുത്തത് കൃത്യമായി തയ്യാറാക്കിയ രാഷ്ട്രീയ തിരക്കഥയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

‘നമ്മൾ ബേപ്പൂർ’ കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ സംശയത്തിന്റെ നിഴലിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും റിയാസ് പറഞ്ഞു. ഇ.ഡി നൽകുന്ന വിവരങ്ങൾ തെളിവെന്ന നിലയിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നും വിഷയത്തെ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൊഴിപ്പകർപ്പിൽ ഒപ്പുവെച്ചത് അവിടെ പറയുന്ന കാര്യങ്ങളെല്ലാം അംഗീകരിച്ചതിന്റെ തെളിവല്ലെന്നും റിയാസ് പറഞ്ഞു. ബിസിനസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി പുതിയ കഥകൾ മെനയുകയാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇത്തരം പ്രചാരണങ്ങളെ പരിഹസിച്ചുകൊണ്ട് ‘മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം ഇവർക്ക് നൽകണം’ എന്നും റിയാസ് പറഞ്ഞു. ജനങ്ങൾ തനിക്കൊപ്പമുണ്ടെന്ന പൂർണ വിശ്വാസമുണ്ടെന്നും കരിവാരിത്തേക്കാനുള്ള ഇത്തരം ശ്രമങ്ങളെ ഭയപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ തനിക്ക് 100 ശതമാനം ആത്മവിശ്വാസമുണ്ടെന്നും റിയാസ് വ്യക്തമാക്കി.