Source :- SIRAJLIVE NEWS
കൊച്ചി | വിഴിഞ്ഞത്തിന് പിന്നാലെ കേരളത്തിലേക്ക് ഭീമന്‍ കപ്പലുകളെ സ്വീകരിക്കാന്‍ കപ്പല്‍ച്ചാലിന് ആഴംകൂട്ടാനൊരുങ്ങി കൊച്ചി തുറമുഖം. നിലവിലെ 14.5 മീറ്ററില്‍ നിന്ന് 16 മീറ്ററിലേക്ക് ആഴംകൂട്ടി ഐ സി ടി ടിയുടെ ശേഷി ഉയര്‍ത്താനാണ് കൊച്ചി തുറമുഖ അതോറിറ്റി പദ്ധതിയിട്ടിരിക്കുന്നത്. ഡി പി വേള്‍ഡാണ് വല്ലാര്‍പാടത്തെ അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിന്റെ (ഐ സി ടി ടി) നടത്തിപ്പുകാര്‍. ഇതിനായി 560.50 കോടി രൂപയുടെ പദ്ധതി നിര്‍ദേശമാണ് കേന്ദ്ര സര്‍ക്കാരിനോട് കൊച്ചിന്‍ പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ കൊച്ചിന്‍ തുറമുഖ അതോറിറ്റി ഡ്രെഡ്ജിംഗിനായി പ്രതിവര്‍ഷം 160 കോടി വരെ ചെലവാക്കുന്നുണ്ട്. ഡ്രെഡ്ജിംഗ് ടെന്‍ഡറുകള്‍ പുതുക്കാനിരിക്കെയാണ് പദ്ധതി പുതുക്കി കേന്ദ്ര തുറമുഖ മന്ത്രാലയത്തെ സമീപിക്കുന്നത്.
2022ല്‍ കൊച്ചി തുറമുഖത്തെ കപ്പല്‍ച്ചാലിന്റെ ആഴംകൂട്ടുന്നതിനായി സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി 380 കോടി രൂപയുടെ നിക്ഷേപം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയിലേക്കാണ്് 560.50 കോടി തുറമുഖ അതോറിറ്റി ഉയര്‍ത്തി ചോദിക്കുന്നത്. എന്നാല്‍ ഈ തുകക്കും ആഴംകൂട്ടല്‍ പൂര്‍ത്തീകരിക്കാനാകുമോയെന്ന ആശങ്കയിലാണ് അധികൃതര്‍. ആവശ്യമായ തുക ലഭിച്ചാല്‍ വല്ലാര്‍പാടം ടെര്‍മിനലിന്റെ കണ്ടെയ്‌നര്‍ കൈകാര്യ ശേഷി 20 ലക്ഷം കണ്ടെയ്നറുകളായി ഉയര്‍ത്താനുമാകും. 2028-29 ആകുമ്പോഴേക്കും പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
നിലവില്‍ 22 ബെര്‍ത്തുകളാണ് കൊച്ചി തുറമുഖത്തുള്ളത്. എറണാകുളം വാര്‍ഫിലെ ക്യു 8, ക്യു 9 എന്നിവിടങ്ങളില്‍ പുതിയ ക്രൂയിസ് ടെര്‍മിനല്‍ വികസിപ്പിക്കുന്നതിനുള്ള നിര്‍ദേശവും തുറമുഖ അതോറിറ്റി സമര്‍പ്പിച്ചിട്ടുണ്ട്. പുതിയ ഡോക്കിന് 400 മീറ്റര്‍ നീളവും അന്താരാഷ്ട്ര നിലവാരത്തിലുള്ള മെച്ചപ്പെട്ട ക്രൂയിസ് ഇന്‍ഫ്രാസ്ട്രക്ചറും ഉണ്ടായിരിക്കും. 150 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ടെര്‍മിനല്‍ 2029 ഓടെ പ്രവര്‍ത്തനക്ഷമമാക്കാനാണ് പദ്ധതി. മട്ടാഞ്ചേരി വാര്‍ഫിലെ മൂന്നാം ബെര്‍ത്ത് യന്ത്രവത്കൃത ലിക്വിഡ് ടെര്‍മിനലായി വികസിപ്പിക്കുന്നതോടെ നാലാം ബെര്‍ത്ത് ഒരു അധിക ടെര്‍മിനലായി പ്രവര്‍ത്തിക്കുകയും ചെയ്യും. 2027 ഓടെ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാനാണ് പദ്ധതി. എറണാകുളം വാര്‍ഫിലെ ക്യു 6-ഉം ക്യു 7-ഉം ബെര്‍ത്തുകള്‍ പൂര്‍ണമായും യന്ത്രവത്കൃത സിമന്റ്, മള്‍ട്ടി കമ്മോഡിറ്റി ടെര്‍മിനലായിരിക്കും. ഓരോന്നിനും 200 മീറ്റര്‍ നീളവും 12.5 മീറ്റര്‍ ഡ്രാഫ്റ്റും ഉണ്ടാകും.
Content Highlights:
The Kerala government has requested assistance from the Central government to increase the depth of the Kochi Port. This infrastructure development aims to accommodate larger vessels and significantly boost maritime trade in the region. The project is expected to enhance economic growth and improve the port’s overall competitiveness.




