Source :- SIRAJLIVE NEWS
അങ്ങനെ ട്രംപിന്റെ ഇംഗിതത്തിന് വിപരീതമായ ഒരു കാര്യം കൂടി സംഭവിച്ചിരിക്കുന്നു. അമേരിക്കന്‍ ചിപ്പ് നിര്‍മാണ ഭീമന് എന്‍വിഡിയയുടെ സി ഇ ഒ സ്ഥാനം ജെന്സണ് ഹുവാംഗ് രാജിവെച്ചിരിക്കുന്നു. ലൈംഗികതയും ഹണിട്രാപ്പും സാമ്പത്തിക തിരിമറിയും വന്‍കിടക്കാര്‍ ഉള്‍പ്പെട്ട ചാരപ്രവര്‍ത്തനവും അധികാര വടംവലിയുമെല്ലാമടങ്ങിയ അത്യന്തം നാടകീയമായ തിരക്കഥയിലെ ഒരുഭാഗം മാത്രമാണ് ഈ രാജി. തിരനാടകം തുടരുക തന്നെയാണ്. അടുത്ത രംഗങ്ങളില്‍ ആരൊക്കെ പ്രത്യക്ഷപ്പെടുമെന്ന് പറയാനാകില്ല. ട്രംപ് ഭരണകൂടത്തിലെ ഉന്നതരുടെ തലയുരുളുമോ? ചൈനീസ് ഭരണതലത്തിലും പ്രകമ്പനമുണ്ടാകുമോ? സാക്ഷാല്‍ ട്രംപ് തന്നെ ലോക്കാകുമോ? കാത്തിരുന്ന് കാണേണ്ടതാണ്.
ചൈനീസ് ചാരവനിതയെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്ന ആലിസ് ഹുവാംഗുമായുള്ള ജെന്സണ് ഹുവാംഗിന്റെ ബന്ധം പുറത്തുവന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള മെഗാസ്പീഡ് എന്ന കമ്പനിയിലെ എക്സിക്യൂട്ടീവായിരുന്ന ആലീസ് ഹുവാംഗുമായി 2023 മുതല്‍ 2025 വരെ ജെന്‍സണിന് അടുത്ത ബന്ധമുണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. എന്‍വിഡിയയില്‍ നിന്ന് 4.8 ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന ചിപ്പുകള്‍ വാങ്ങിയ സ്ഥാപനമാണ് മെഗാസ്പീ
ഡ്.
ആലിസ് ഹുവാംഗിന് ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന റിപോര്‍ട്ടുകള്‍ അമേരിക്കന്‍ ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായി മാറുകയും എഫ് ബി ഐ അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ചാരവൃത്തി ആരോപണങ്ങള്‍ ശരിവെക്കാന്‍ സ്വാഭാവികമായും ചൈന തയ്യാറായില്ല. വിവാദം ശക്തമായതോടെ ഈ മാസം എട്ടിന് ജീവനക്കാർക്കയച്ച സന്ദേശത്തില്‍, താന്‍ ഭാര്യയോട് വിശ്വാസവഞ്ചന കാണിച്ചതായി ജെന്സണ് ഹുവാംഗ് കുറ്റസമ്മതം നടത്തിയിരുന്നു.
യു എസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള ചൈനീസ് വനിതയുമായുള്ള സ്വകാര്യ ബന്ധം ജെന്സന് ഹുവാംഗ് പരസ്യമായി സമ്മതിച്ചതോടെ ആഗോള ടെക് ലോകം ഞെട്ടിത്തരിച്ചു. വ്യക്തിപരമായ ഒരവിഹിത ബന്ധത്തിനപ്പുറം, വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള അത്യാധുനിക സാങ്കേതിക യുദ്ധത്തിന്റെ നടുവിലേക്കാണ് ഈ തുറന്നുപറച്ചില്‍ വെളിച്ചം വിതറിയത്. സാങ്കേതികവിദ്യാ മേഖലയില്‍ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്താന്‍ വിദേശ ഏജന്‍സികള്‍ ജെന്സണ് ഹുവാംഗിന്റെ സ്ത്രീവിഷയം ഉപയോഗപ്പെടുത്തിയോ എന്ന സംശയമാണ് യു എസില്‍ വിവാദത്തിന് തിരികൊളുത്തിയത്. വിദേശ ചാര സംഘടനകളുടെ സ്വാധീനവലയത്തില്‍ എന്‍വിഡിയ പെട്ടിട്ടുണ്ടോ എന്ന ചോദ്യം അമേരിക്കന്‍ ഭരണകൂടത്തെ കുഴക്കുന്നതാണ്. അമേരിക്കന്‍ ചിപ്പുകള്‍ ചൈനക്ക് കിട്ടാതിരിക്കാന്‍ പഴുതടച്ച ഉപരോധം തീര്‍ക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന കമ്പനിയുടെ സി ഇ ഒ തന്നെ ചോര്‍ച്ചക്ക് കരുവാകുന്നത് ട്രംപ് ഭരണകൂടം എങ്ങനെ സഹിക്കും?
ഇന്ന് ലോകത്ത് ഏറ്റവുമധികം സ്വാധീനമുള്ള കോർപറേറ്റ് തലവന്മാരില് ഒരാളാണ് ജെന്സണ് ഹുവാംഗ്. 1993 ല്‍ തന്റെ 30ാം വയസ്സിലാണ് അദ്ദേഹം എന്‍വിഡിയ സ്ഥാപിക്കുന്നത്. കമ്പ്യൂട്ടര്‍ ഗ്രാഫിക്സിനും ഗെയിമിംഗിനുമായി സമാന്തര കണക്കുകൂട്ടലുകള്‍ നടത്താന്‍ സഹായിക്കുന്ന ജി പി യു അഥവാ ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂനിറ്റുകള്‍ വികസിപ്പിച്ചതാണ് എന്‍വിഡിയയെ പ്രശസ്തമാക്കിയത്. പിന്നീട് ഈ ജി പി യുകളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ചാറ്റ് ജി പി ടി അടക്കമുള്ള വലിയ ഭാഷാ മോഡലുകളുടെയും നിര്‍മാണത്തിന് അത്യാവശ്യമായ ഘടകമെന്ന് ലോകം തിരിച്ചറിഞ്ഞു. ഇന്ന് ലോകത്തിലെ മൊത്തം എ ഐ ചിപ്പ് വിപണിയുടെ 80 ശതമാനവും എന്‍വിഡിയയുടെ കൈകളിലാണ്. മൈക്രോസോഫ്റ്റും ഗൂഗിളും മെറ്റയും അടക്കമുള്ള ഭീമന്മാര് സ്വന്തമായി എ ഐ വികസിപ്പിക്കാന്‍ എന്‍വിഡിയ ചിപ്പുകള്‍ക്കായി ക്യൂ നില്‍ക്കുകയാണ്. അങ്ങനെയൊരു മഹാ സാമ്രാജ്യത്തിന്റെ അധിപനാണ് ഇപ്പോള്‍ പടിയിറങ്ങിയിരിക്കുന്നത്.
സിംഗപ്പൂര്‍ ആസ്ഥാനമായുള്ള മെഗാ സ്പീഡ് എന്ന കമ്പനിയാണ് വിവാദങ്ങളുടെ യഥാര്‍ഥ കേന്ദ്രബിന്ദു. ദേശീയ സുരക്ഷ മുന്‍നിര്‍ത്തി അത്യാധുനിക എന്‍വിഡിയ എ ഐ ചിപ്പുകള്‍ ചൈനക്ക് നല്‍കുന്നത് യു എസ് കൊമേഴ്സ് ഡിപാര്ട്ട്മെന്റ്നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ മെഗാ സ്പീഡ് എന്ന ഇടനിലക്കമ്പനി വഴി അമേരിക്കന്‍ കയറ്റുമതി നിയമങ്ങള്‍ മറികടന്ന് അത്യാധുനിക ചിപ്പുകള്‍ ചൈനീസ് സ്ഥാപനങ്ങള്‍ക്ക് ലഭിച്ചതായി അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുകയായിരുന്നു. ഇവിടെ ഉപയോഗിച്ച തന്ത്രം വളരെ സങ്കീര്‍ണമാണ്. മലേഷ്യയിലും ഇന്തോനേഷ്യയിലും സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്ന മെഗാ സ്പീഡിന്റെ ഡാറ്റാ സെന്ററുകളില്‍ ഈ ചിപ്പുകള്‍ എത്തിച്ചു. തുടര്‍ന്ന് ചൈനയിലെ ഉപഭോക്താക്കള്‍ക്ക് റിമോട്ട് ആക്സസ് വഴി ഈ ചിപ്പുകളുടെ സേവനവും പ്രോസസ്സിംഗ് ശേഷിയും ലഭ്യമാക്കി. അതായത് നേരിട്ട് ചിപ്പ് വില്‍ക്കാതെ, ചിപ്പിന്റെ പ്രവര്‍ത്തനം ചൈനക്ക് വിറ്റഴിച്ചു. ഇവിടെയാണ് സ്ത്രീകഥാപാത്രം ആലിസ് ഹുവാംഗ് പങ്ക് നിര്‍ണായകമാകുന്നത്, മെഗാസ്പീഡിന്റെ എക്സിക്യൂട്ടീവ്.
ചുരുക്കിപ്പറഞ്ഞാൽ, സാങ്കേതികവിദ്യ ഏതെങ്കിലും ഒരു കമ്പനിയുടെയോ രാജ്യത്തിന്റെയോ കുത്തകയാക്കുകയും ഉരുക്കുവേലിക്കകത്ത് സംരക്ഷിച്ചു നിര്‍ത്തുകയും ചെയ്യുമ്പോള്‍ എന്വിഡിയകള് ആവര്‍ത്തിക്കും. എല്ലാ അറിവും അതിര്‍ത്തി മുറിച്ച് സഞ്ചരിക്കുക തന്നെയാണ് വേണ്ടത്.




