Home rss national malayalam പുതിയ വാർത്ത ജമ്മു കശ്മീർ: ജുമുഅ പ്രഭാഷണങ്ങള്‍ ഏകീകരിക്കാനുള്ള നീക്കത്തിനെതിരെ വിമർശം ശക്തം

ജമ്മു കശ്മീർ: ജുമുഅ പ്രഭാഷണങ്ങള്‍ ഏകീകരിക്കാനുള്ള നീക്കത്തിനെതിരെ വിമർശം ശക്തം

5
0

Source :- SIRAJLIVE NEWS

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ പള്ളികളിൽ ജുമുഅ പ്രഭാഷണങ്ങള്‍ ഏകീകരിക്കാനുള്ള വഖ്ഫ് ബോര്‍ഡ് തീരുമാനത്തിനെതിരെ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും വിവിധ മതസംഘടനകളുടെ കൂട്ടായ്മയായ മുത്തഹിദ മജ്്ലിസ്- ഇ- ഉലമയും (എം എം യു) രംഗത്ത്.
ജമ്മു കശ്മീരിലെ വിശ്വാസികൾ ഈ നീക്കം ഒരിക്കലും അംഗീകരിക്കില്ലെന്ന് എം എം യു വ്യക്തമാക്കി. മിമ്പറില്‍ നിന്ന് എന്താണ് പ്രസംഗിക്കേണ്ടതെന്ന് ഒരു ഔദ്യോഗിക സംവിധാനം തീരുമാനിക്കുന്നത് പരിഹാസ്യമാണെന്ന് അവർ പറഞ്ഞു.
മുതിര്‍ന്ന ബി ജെ പി നേതാവ് ഡോ. ദരക്ഷാന്‍ അന്ദ്രബിയാണ് ജമ്മു കശ്മീര്‍ വഖ്ഫ് ബോര്‍ഡ് അധ്യക്ഷ. മതപരമായ ബോധവത്കരണം, ധാർമിക മൂല്യങ്ങള്‍, സാമൂഹിക സൗഹാർദം എന്നിവ ലക്ഷ്യമിട്ടാണ് ഏകീകൃത പ്രഭാഷണങ്ങള്‍ കൊണ്ടുവരുന്നതെന്നാണ് വഖ്ഫ് ബോര്‍ഡിന്റെ വിശദീകരണം.

എന്നാല്‍, ഇത് മതപരമായ കാര്യങ്ങളിലെ ഭരണകൂട കടന്നുകയറ്റമാണെന്ന് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല കുറ്റപ്പെടുത്തി. മുസ്്ലിംകളുടെ മതപരമായ കാര്യങ്ങളില്‍ ഇടപെടാനുള്ള ബി ജെ പിയുടെ ശ്രമങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നും പാര്‍ട്ടി നേതൃത്വത്തെ പ്രീതിപ്പെടുത്താനാണ് വഖ്ഫ് ബോര്‍ഡ് അധ്യക്ഷ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതപ്രഭാഷണങ്ങളില്‍ ഏകീകൃത രീതി കൊണ്ടുവരുന്നത് വിശ്വാസ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പി ഡി പി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി പ്രതികരിച്ചു. മുസ്്ലിം പണ്ഡിതർ എന്താണ് സംസാരിക്കേണ്ടതെന്ന് മുസ്്ലിം ഇതര വിഭാഗത്തിലുള്ളവര്‍ തീരുമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അവര്‍ പറഞ്ഞു.

കശ്മീരിനെ പരീക്ഷണശാലയാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും വഖ്ഫ് സ്ഥാപനങ്ങളെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും മെഹ്ബൂബ ആവശ്യപ്പെട്ടു.

Content Highlights: J&K Chief Minister Omar Abdullah, Mehbooba Mufti, and the MMU opposed the Waqf Board decision to enforce uniform Friday sermons in mosques. They termed the move an interference by the state in religious affairs. Waqf Board chief Darakhshan Andrabi claimed it aims to promote moral values.