Source :- SIRAJLIVE NEWS
രാജ്യം രാഷ്ട്രീയ സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും സാമൂഹിക നീതിയും സാമൂഹിക സ്വാതന്ത്ര്യവും സാധ്യമായിട്ടില്ലെന്ന നഗ്നസത്യത്തിന് അടിവരയിടുന്നതാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നിരത്തിയ വസ്തുതകള്‍. സാമൂഹിക ഘടനയില്‍ നിന്ന് തൊട്ടുകൂടായ്മയും ജാതി വിവേചനവും തുടച്ചുനീക്കാന്‍ സാധിച്ചിട്ടില്ലന്ന് രാഹുല്‍ തെളിവ് സഹിതം വിവരിക്കുമ്പോള്‍ അത് രാഷ്ട്രീയ ആരോപണമായി ചുരുക്കിക്കാണാനാകില്ല. ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യുകയും അപമാനഭാരം കൊണ്ട് ഓരോ ഇന്ത്യക്കാരന്റെയും ശിരസ്സ് താഴുകയും ചെയ്യേണ്ട ദുരന്ത സത്യമാണത്. നിലവില്‍ ഭരണം കൈയാളുന്ന ബി ജെ പിയും ആര്‍ എസ് എസും മുന്നോട്ടുവെക്കുന്ന സാമൂഹിക, രാഷ്ട്രീയ വീക്ഷണം വര്‍ണാശ്രമ വ്യവസ്ഥക്ക് അനുകൂലവും ജാതി വിവേചനത്തിന് അറുതിവരുത്താന്‍ അപര്യാപ്തവുമാണെന്ന രൂക്ഷവിമര്‍ശം രാഹുല്‍ ഗാന്ധി നടത്തുന്നുണ്ട്. സാധാരണക്കാരായ ദളിത് ജനവിഭാഗങ്ങള്‍ നേരിടുന്ന അവഗണനകള്‍ മുതല്‍ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ വരെ നേരിടേണ്ടി വരുന്ന വിവേചനങ്ങള്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത റാലിക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്ന “ശുദ്ധീകരണ’ ഹോമം ക്രൂരമായ ജാതീയ അസഹിഷ്ണുതയുടെ തെളിവാണ്.
ജനാധിപത്യ പ്രക്രിയയില്‍ ഉയര്‍ന്ന പദവികളില്‍ എത്തുന്ന ദളിത് സമൂഹത്തിലെ വ്യക്തികള്‍ക്ക് പോലും തങ്ങളുടെ പദവി കൊണ്ട് മാത്രം ഇത്തരം വിവേചനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുന്നില്ലെന്ന് ഉത്തരാഖണ്ഡില്‍ ഖാര്‍ഗെ നേരിട്ട ജാതി അധിക്ഷേപം വ്യക്തമാക്കുന്നു.
ഹല്‍ദ്വാനിയിലെ രാംലീല മൈതാനിയില്‍ നടന്ന “വിജയ് ശംഖനാദ്’ റാലിയില്‍ ഖാര്‍ഗെ പ്രസംഗിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഹിന്ദുത്വവാദികള്‍ ഈ വേദിയില്‍ “ശുദ്ധീകരണ’ ഹോമം നടത്തുകയായിരുന്നു. എത്ര അപരിഷ്‌കൃതവും മനുഷ്യത്വഹീനവുമാണിത്. ഒരു മനുഷ്യന്റെ സാന്നിധ്യം എങ്ങനെയാണ് അശുദ്ധിയാകുക? ഈ 21ാം നൂറ്റാണ്ടിലും ഇതൊക്കെ നടക്കുന്നുവെന്നത് എത്രമാത്രം ലജ്ജാകരമാണ്. ഇക്കാര്യത്തില്‍ മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തുന്ന തരത്തില്‍ എഫ് ഐ ആറിടണമെന്നും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രാഹുല്‍ ആവശ്യപ്പെടുമ്പോള്‍ അത് തന്റെ നേതാവിന് നീതി കിട്ടണമെന്ന രാഷ്ട്രീയ ആവശ്യമായല്ല കാണേണ്ടത്. ഈ രാജ്യത്ത് അനിവാര്യമായ സാമൂഹിക ശുദ്ധീകരണത്തിനുള്ള ആഹ്വാനമാണത്. ഡോ. ബി ആര്‍ അംബേദ്കര്‍ അടക്കമുള്ള രാഷ്ട്രശില്‍പ്പികള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടത്തിയ പോരാട്ടത്തിന്റെ തുടര്‍ച്ചയാണത്.
അതേസമയം, ഈ വിഷയത്തില്‍ രാഹുലിന്റെ പാര്‍ട്ടിയും മറുപടി പറയേണ്ടതുണ്ട്. കോണ്‍ഗ്രസ്സിനകത്ത് ജാതിവിവേചനമില്ലെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ അവര്‍ക്ക് സാധിക്കുമോ? ദളിത് സമൂഹത്തില്‍പ്പെട്ടവര്‍ക്ക് തുല്യനീതി ഉറപ്പാക്കുന്നതില്‍ പാര്‍ട്ടി എവിടെ നില്‍ക്കുന്നുവെന്ന് ഖാര്‍ഗെയുടെ വാക്കുകള്‍ തന്നെ തെളിയിക്കുന്നു. ഉത്തരാഖണ്ഡില്‍ താന്‍ അനുഭവിച്ച ജാതിവിവേചനത്തില്‍ കോണ്‍ഗ്രസ്സില്‍ നിന്നുള്ളവര്‍ പോലും തന്നെ പിന്തുണച്ചില്ലെന്നാണ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഖാര്‍ഗെ തുറന്നടിച്ചത്. ഇതിന് രാഹുല്‍ നല്‍കുന്ന മറുപടി തീര്‍ത്തും അഴകൊഴമ്പനാണെന്ന് പറയാതെ വയ്യ. “കോണ്‍ഗ്രസ്സ് നേതാക്കള്‍ പിന്തുണ നല്‍കിയിട്ടില്ലെന്ന് ഖാര്‍ഗെ പറഞ്ഞിട്ടില്ല. കുറച്ച് ആളുകള്‍ പിന്തുണച്ചില്ല എന്നാണ് പറഞ്ഞത്. കോണ്‍ഗ്രസ്സില്‍ നിന്നുള്ള കൂടുതല്‍ പേരും പിന്തുണച്ചില്ല എന്ന് പറഞ്ഞിട്ടില്ല. പിന്തുണച്ചിട്ടില്ലെന്ന് തോന്നിയ ചിലരെക്കുറിച്ച് മാത്രമാണ് അദ്ദേഹം പറഞ്ഞത്’ ഇതാണ് രാഹുലിന്റെ മറുപടി.
ചായക്കടകളില്‍ പോലും ജാതിവിവേചനമുണ്ടെന്ന് രാഹുല്‍ ഗാന്ധി ദൃശ്യങ്ങള്‍ സഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദളിതര്‍ക്ക് പേപ്പര്‍ കപ്പിലും മറ്റുള്ളവര്‍ക്ക് ഗ്ലാസ്സിലും ചായ നല്‍കുന്നു. സ്‌കൂളുകളില്‍ ദളിത് വിദ്യാര്‍ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിപ്പിക്കുന്നു. ചില ഗ്രാമങ്ങളില്‍ വഴി നടക്കുന്നതിന് പോലും നിയന്ത്രണങ്ങളുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദളിതരെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ അനുവദിക്കാത്ത സ്ഥിതിയുണ്ട്. ഇത്തരം വിവേചനങ്ങള്‍ക്കെതിരെ ഭരണകൂടങ്ങള്‍ നിശബ്ദത പാലിക്കുന്നത് കുറ്റകൃത്യങ്ങള്‍ക്ക് വഴിമരുന്നിടുന്നതിന് തുല്യമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വവും നീതിയും കേവലം വാക്കുകളില്‍ ഒതുങ്ങരുത്. വോട്ട് ബേങ്ക് രാഷ്ട്രീയത്തിനപ്പുറം, പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കാന്‍ നിയമസംവിധാനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുകയല്ലാതെ വഴിയില്ല. ജാതീയതയുടെ വിഷവേരുകള്‍ അറുത്തുമാറ്റാതെ ഇന്ത്യക്ക് യഥാര്‍ഥ പുരോഗതി കൈവരിക്കാനാകില്ല.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 നിയമത്തിന് മുന്നില്‍ എല്ലാവര്‍ക്കും സമത്വം ഉറപ്പുനല്‍കുന്നു. ആര്‍ട്ടിക്കിള്‍ 15 മതം, വംശം, ജാതി, ലിംഗം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള എല്ലാത്തരം വിവേചനങ്ങളും കര്‍ശനമായി നിരോധിക്കുന്നു. പൊതുസ്ഥലങ്ങള്‍, ചായക്കടകള്‍, ഹോട്ടലുകള്‍, ജലാശയങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതില്‍ ആര്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ പാടില്ലെന്ന് ആര്‍ട്ടിക്കിള്‍ 15(2) വ്യക്തമാക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 46 അനുസരിച്ച് പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താത്പര്യങ്ങള്‍ സംരക്ഷിക്കാനും അവരെ സാമൂഹിക അനീതികളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും കാത്തുരക്ഷിക്കാനും ഭരണകൂടങ്ങള്‍ക്ക് ബാധ്യതയുണ്ട്. ജാതീയമായ ബഹിഷ്‌കരണങ്ങള്‍, പൊതു ഇടങ്ങള്‍ തടസ്സപ്പെടുത്തല്‍, പരസ്യമായി അപമാനിക്കല്‍ എന്നിവയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് 1989ലെ പട്ടികജാതി- പട്ടികവര്‍ഗ (പീഡന നിരോധന) നിയമം. ഭരണഘടനാ അനുഛേദങ്ങളും നിയമങ്ങളുമെല്ലാം വെറും വാക്കുകളായി ഏട്ടിലുറങ്ങുമ്പോള്‍ ജാതിയില്‍ താഴ്ന്നവരെന്ന് മുദ്രകുത്തപ്പെട്ട മനുഷ്യര്‍ നിതാന്ത അപമാനത്തില്‍ കഴിയുന്നു. ഇത്തരമൊരു ഇന്ത്യയെക്കുറിച്ച് എങ്ങനെ അഭിമാനിക്കാനാകും?
Content Highlights:
Rahul Gandhi raised strong concerns over persisting caste discrimination and social inequality in India. He criticized the purification ceremony held at Haldwani following Mallikarjun Kharge’s rally. Gandhi emphasized the need for constitutional guarantees and strict legal action against casteism.



