Source :- SIRAJLIVE NEWS
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണനയങ്ങള്‍ക്കും അധികാര പ്രയോഗത്തിനും യുദ്ധോന്മുഖമായ വിദേശ നയത്തിനുമെതിരായ കടുത്ത താക്കീതാണ് യു എസ് ഇടക്കാല തിരഞ്ഞെടുപ്പിലെ ജനവിധി. തിരഞ്ഞെടുപ്പില്‍ യു എസ് കോണ്‍ഗ്രസ്സിന്റെ ഇരുസഭകളായ ജനപ്രതിനിധി സഭയിലും സെനറ്റിലും, ഭരണകക്ഷിയായ റിപബ്ലിക്കന്‍ പാര്‍ട്ടിയെ പിന്നിലാക്കി ഡെമോക്രാറ്റിക് പാര്‍ട്ടി വ്യക്തമായ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. ട്രംപിന്റെ രണ്ടാം ഭരണകാലത്തെ ആദ്യത്തെ രണ്ട് വര്‍ഷങ്ങളില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിച്ചിരുന്ന മേല്‍ക്കൈ ഇതോടെ നഷ്ടമായി. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉരുക്കുകോട്ടകളായി അറിയപ്പെട്ടിരുന്ന ടെക്സാസ്, സൗത്ത് കരോലിന, കാന്‍സസ്, ഒഹായോ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റുകള്‍ നേടിയ വിജയം റിപബ്ലിക്കന്‍ ക്യാമ്പുകളെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്.
ഇറാനെതിരായ അമേരിക്കയുടെ സൈനിക നടപടിയാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിക്കു മുഖ്യകാരണമായി വിലയിരുത്തപ്പെടുന്നത്. ഇക്കാര്യം അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് തന്നെ തുറന്നു സമ്മതിച്ചു. 2024ല്‍ ട്രംപിന് വോട്ട് ചെയ്തവരില്‍ ഗണ്യവിഭാഗവും ഇപ്പോള്‍ അസംതൃപ്തരാണെന്ന വോട്ടിംഗ് വിദഗ്ധരുടെ സര്‍വേയില്‍ കണ്ടെത്തിയ കാര്യവും വാന്‍സ് ചൂണ്ടിക്കാട്ടി. ട്രംപ് ഭരണകൂടത്തിന്റെ ഇറാനിലെ സൈനിക നടപടി രാജ്യത്തിനകത്തും പുറത്തും കനത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ട്രംപ് വിദേശനയത്തിന്റെ ഭാഗമായി മാറ്റിയിരിക്കുകയാണ് യുദ്ധം. നയതന്ത്ര ചര്‍ച്ചകളോട് പുറംതിരിഞ്ഞു നിന്ന് പ്രശ്നങ്ങള്‍ യുദ്ധത്തിലൂടെ പരിഹരിക്കാമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് അപകടകരവും ലോകസമാധാനത്തിന് കടുത്ത ഭീഷണിയുമാണെന്ന് അമേരിക്കന്‍ ജനത തിരിച്ചറിഞ്ഞിരിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവുമാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പരാജയത്തിനു ആക്കം കൂട്ടിയ മറ്റൊരു ഘടകം. ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം, ഭവന വാടക, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം തുടങ്ങി സര്‍വ മേഖലകളിലും ചെലവുകള്‍ വന്‍തോതില്‍ കൂടുന്നത് അമേരിക്കയിലെ ഇടത്തരക്കാരെയും തൊഴിലാളികളെയും വല്ലാതെ പ്രയാസത്തിലാക്കുന്നുണ്ട്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ട്രംപ് ഭരണകൂടത്തിന് ഒഴിഞ്ഞുമാറാനാകില്ല. ജീവിതച്ചെലവിലെ ഈ കുതിച്ചുകയറ്റത്തില്‍ ഇറാനിലെ സൈനിക നടപടിക്ക് വലിയ പങ്കുണ്ട്. 4,710 കോടി ഡോളറാണ് ഇതിനകം പശ്ചിമേഷ്യയില്‍ ട്രംപ് തുലച്ചത്.
ട്രംപിന്റെ ധാര്‍ഷ്ട്യ ഭരണശൈലിയിലും ജനങ്ങള്‍ കടുത്ത അസംതൃപ്തരാണ്. അധികാരം ജനാധിപത്യപരമായ ഉത്തരവാദിത്വത്തിനു വേണ്ടി വിനിയോഗിക്കേണ്ടതാണെന്ന അടിസ്ഥാന തത്ത്വം പലപ്പോഴും യു എസ് ഭരണകൂടം അവഗണിച്ചു. വിമര്‍ശങ്ങളെ ശത്രുതയായി കാണുക, ട്രംപിന്റെ വ്യക്തികേന്ദ്രീകൃതമായ തീരുമാനങ്ങള്‍, ഭരണഘടനാ സ്ഥാപനങ്ങളുമായുള്ള ഏറ്റുമുട്ടല്‍, നമ്മളും അവരും എന്ന രീതിയിലുള്ള സാമൂഹിക വിഭജനം എന്നിത്യാദി പ്രവണതകള്‍ അമേരിക്കന്‍ ജനാധിപത്യത്തെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിച്ചത് സ്വാഭാവികം. ജനങ്ങളുടെ അവകാശവും അധികാരവിഭജനവും അഭിപ്രായ സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമാണ് ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങള്‍ ഭരണകൂടത്തെ ഏല്‍പ്പിക്കുന്നത്. ഈ ഉത്തരവാദിത്വങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന പരിശോധനയാണ് തിരഞ്ഞെടുപ്പില്‍ നടന്നത്.
തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമാണ് ആരോഗ്യ വിദഗ്ധനും കടുത്ത ഇസ്റാഈല്‍ വിമര്‍ശകനുമായ അബ്ദുസ്സയ്യിദിന്റെ വിജയം. മിഷിഗണില്‍ പ്രമുഖ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി മൈക്ക് റോജേഴ്സിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ട്രംപും റിപബ്ലിക്കന്‍ പാര്‍ട്ടിയും കടുത്ത വര്‍ഗീയ- വംശീയ പ്രചാരണങ്ങള്‍ അബ്ദുസ്സയ്യിദിനെതിരെ നടത്തിയിരുന്നു. ജിഹാദി, അമേരിക്കക്കാര്‍ക്ക് ഭീഷണി തുടങ്ങിയ ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉന്നയിച്ചു. അതെല്ലാം ജനം തള്ളിക്കളഞ്ഞു. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ജീവിതച്ചെലവ്, രാഷ്ട്രീയത്തില്‍ പണാധിപത്യം കുറയ്ക്കല്‍, വിദേശ യുദ്ധങ്ങള്‍ക്കുള്ള ഫണ്ട് നിര്‍ത്തലാക്കല്‍, എല്ലാവര്ക്കും സൗജന്യ ചികിത്സ തുടങ്ങിയവയായിരുന്നു അബ്ദുസ്സയ്യിദിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. ‘നമ്മള് അടക്കുന്ന നികുതിപ്പണം മറ്റുള്ള രാജ്യങ്ങളിലെ ജനങ്ങളുടെയും കുട്ടികളുടെയും മേല്‍ ബോംബിടാനല്ല, നമ്മുടെയും നമ്മുടെ കുട്ടികളുടെയും ക്ഷേമത്തിനാണ് വിനിയോഗിക്കേണ്ടത്’ അദ്ദേഹം ഓര്‍മിപ്പിച്ചു. യു എസ് കോണ്‍ഗ്രസ്സിന്റെ ഉപരിസഭയായ സെനറ്റിലാദ്യമാണ് ഒരു മുസ്ലിം സാന്നിധ്യം. ഫലസ്തീന് വംശജയായ റാശിദ തൂലൈബ,് സോമാലിയയില്‍ നിന്നുള്ള കുടിയേറ്റക്കാരി ഇല്‍ഹാം ഉമര്‍, ഗസ്സയിലെ കൂട്ടക്കുരുതിയിലെ ഇരകള്‍ക്ക് വൈദ്യസഹായം നല്കിയ ഡോ. ആദം ഹവാവി, ന്യൂയോര്‍ക്കില്‍ നിന്നുള്ള അവില ഷെവലിയര്‍, ഇന്‍ഡ്യാനയില്‍ നിന്നുള്ള ആന്ദ്രേ കാര്സണ് എന്നിവരും യു എസ് കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം വംശജരാണ്.
ഇരു സഭകളും ഡെമോക്രാറ്റുകള്‍ കൈയടക്കിയ സാഹചര്യത്തില്‍ യു എസ് കോണ്‍ഗ്രസ്സും ട്രംപും തമ്മിലുള്ള ഏറ്റുമുട്ടലിനാകും അടുത്ത രണ്ട് വര്‍ഷം യു എസ് സാക്ഷിയാകുക. തീരുവ, യുദ്ധം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ ഇനി ട്രംപിന് തിന്നിഷ്ടപ്രകാരം തീരുമാനങ്ങളെടുക്കാനാകില്ല. പ്രസിഡന്റ് ഭരണത്തലവനാണെങ്കിലും നിയമ നിര്‍മാണത്തിനുള്ള അധികാരം കോണ്‍ഗ്രസ്സിനാണ് അമേരിക്കയില്‍. സുപ്രീം കോടതി ജഡ്ജിമാര്‍, മന്ത്രിസഭാംഗങ്ങള്‍, അംബാസഡര്‍മാര്‍ തുടങ്ങിയ പ്രധാന പദവികളിലേക്കുള്ള നിയമനങ്ങളില്‍ സെനറ്റിന്റെ അംഗീകാരവും ആവശ്യമാണ്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ട്രംപിന്റെ നോമിനികളെ തള്ളാനോ കൂടുതല്‍ പരിശോധനക്കു വിധേയമാക്കാനോ സെനറ്റിന് സാധിക്കും. 2028 നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തിലേക്കുള്ള സൂചനയായും നിരീക്ഷകര്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഫലത്തെ കാണുന്നുണ്ട്.




