Source :- SIRAJLIVE NEWS
സിംഗപ്പൂര്‍ | ഐ ടി വെന്‍ഡറായി ജോലി ചെയ്യുന്നതിനിടെ പ്രവിശ്യാ കോടതികളുടെ 18,000-ത്തിലധികം ഫയലുകളുടെ സുരക്ഷ അപകടത്തിലാക്കിയതിന് ഇന്ത്യന്‍ പൗരന് സിംഗപ്പൂരില്‍ ഏഴ് മാസം തടവ് ശിക്ഷ. ലൊനോവോ പി സി സി ഡബ്ല്യു സൊല്യൂഷന്‍സ് ജീവനക്കാരന്‍ ജനാര്‍ദനന്‍ തമിഴ് കോവനെയാണ് (42) സിംഗപ്പൂര്‍ കോടതി ‘ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട്’ പ്രകാരം ശിക്ഷിച്ചത്. കോടതികളുടെ ഫയലുകള്‍ ഉള്‍പ്പെടുന്ന ലാപ്‌ടോപില്‍ ഇന്ത്യയില്‍ നിന്നുള്ള സുഹൃത്തിന് റിമോട്ട് ആക്‌സസ് നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ. പ്രതി കുറ്റം സമ്മതിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെ സുഹൃത്തിന് ലാപ്‌ടോപ്പിലേക്ക് ‘റിമോട്ട് ആക്‌സസ്’ (ദൂരസ്ഥലത്തിരുന്ന് നിയന്ത്രിക്കാനുള്ള അനുമതി) നല്‍കിയിരുന്നെങ്കിലും ആ സമയത്ത് ഫയലുകളൊന്നും കൈമാറ്റം ചെയ്യപ്പെട്ടിരുന്നില്ല. ലെനോവോ പി സി സി ഡബ്ല്യു സൊല്യൂഷന്‍സിലെ സര്‍വീസ് ഡെലിവറി മാനേജരായ ജനാര്‍ദനന്‍, 2024 ജൂണില്‍ ഒരു ബാഹ്യ ഐ ടി വെന്‍ഡറായാണ് പ്രവിശ്യാ കോടതികളില്‍ നിയമിതനായത്. കോടതികളുടെ വിവിധ സംവിധാനങ്ങളും ആപ്ലിക്കേഷനുകളും കൈകാര്യം ചെയ്യുന്ന പ്രവിശ്യാ കോടതികളുടെ ‘ക്ലൗഡ് സിസ്റ്റം ടീമി’ന്റെ തലവനായിരുന്നു അദ്ദേഹം. ഇയാള്‍ക്ക് ഒരു ലെനോവോ തിങ്ക്പാഡ് ലാപ്‌ടോപ്പ് നല്‍കിയിരുന്നു. ‘ഗവ്ടെക്കി’ന്റെ ഉപയോഗ നയത്തിനും ലെനോവോയുടെ സ്വന്തം നയത്തിനും വിധേയമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഉപകരണമായിരുന്നു അത്. ഈ രണ്ട് നയങ്ങളും ലാപ്‌ടോപ്പിലേക്കുള്ള അനധികൃത പ്രവേശനവും അതില്‍ മാറ്റങ്ങള്‍ വരുത്തുന്നതും കര്‍ശനമായി വിലക്കുന്നുണ്ട്.
2025 ആഗസ്റ്റ് നാലിന്, ‘സര്‍ട്ടിഫൈഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജര്‍’ എന്ന പദവി നേടുന്നതിനായി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഗവേണന്‍സ് മേഖലയിലെ ഒരു അന്താരാഷ്ട്ര പ്രൊഫഷണല്‍ സംഘടന നടത്തുന്ന പരീക്ഷ എഴുതാന്‍ ജനാര്‍ദനന്‍ തീരുമാനിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് പ്രവര്‍ത്തനരഹിതമായിരുന്നു. സുരക്ഷാ സംവിധാനങ്ങളാല്‍ നിയന്ത്രിക്കപ്പെട്ടിരുന്ന ലാപ്‌ടോപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍, ഐ ടി സംബന്ധമായ കോഴ്‌സുകളെക്കുറിച്ച് നേരത്തെ വാട്‌സാപ്പിലൂടെ ആശയവിനിമയം നടത്തിയിരുന്ന ഹരി ബാലന്‍ എന്ന വ്യക്തിയെ ജനാര്‍ദനന്‍ ബന്ധപ്പെട്ടു. ഈ കണക്ഷന്‍ സ്ഥാപിച്ച സമയത്ത്, സ്റ്റേറ്റ് കോര്‍ട്ട്‌സുമായി ബന്ധപ്പെട്ട 18,016 ഫയലുകള്‍ ജനാര്‍ദനന്റെ ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിരുന്നു. ഇതില്‍ ഒരെണ്ണം ഒഴികെയുള്ള എല്ലാ ഫയലുകളും ‘നിയന്ത്രിതമായവയും എന്നാല്‍ അതീവ രഹസ്യസ്വഭാവമില്ലാത്തവയും’ ആയിട്ടാണ് തരംതിരിച്ചിരുന്നത്.
സ്റ്റേറ്റ് കോര്‍ട്ട്‌സിന്റെ നെറ്റ്വര്‍ക്കുമായി ബന്ധപ്പെട്ട ലോഗിന്‍ വിവരങ്ങള്‍, രഹസ്യ കീകള്‍, നെറ്റ്വര്‍ക്ക് ആര്‍ക്കിടെക്ചര്‍ വിശദാംശങ്ങള്‍ എന്നിവയായിരുന്നു ഒരെണ്ണത്തില്‍ ഉണ്ടായിരുന്നത്. 2025 ആഗസ്റ്റ് 14-ന്, റിമോട്ട് ഡെസ്‌ക്ടോപ്പ് ആപ്ലിക്കേഷന്‍ അനധികൃതമായി ഇന്‍സ്റ്റാള്‍ ചെയ്തതിനെക്കുറിച്ച് സിംഗപൂര്‍ ജുഡീഷ്യറിയുടെ കോര്‍പ്പറേറ്റ് സര്‍വീസസ് വിഭാഗത്തിലെ ഒരു പ്രതിനിധി പോലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള ടെക്‌നോളജി ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് ജനാര്‍ദനനെതിരെ അന്വേഷണം നടത്തുകയായിരുന്നു. റിമോട്ട് കണക്ഷന്‍ സ്ഥാപിക്കുന്ന വേളയില്‍ കൈമാറ്റം ചെയ്യപ്പെടാനോ മോഷ്ടിക്കപ്പെടാനോ സാധ്യതയുണ്ടായിരുന്ന ആ ഫയലുകളുടെ സുരക്ഷയെ തന്റെ പ്രവൃത്തികള്‍ അപകടത്തിലാക്കിയെന്ന് 2025 സെപ്തംബറില്‍ ജനാര്‍ദനന്‍ സമ്മതിച്ചു.
Content Highlights: An Indian IT employee was sentenced to seven months in prison by a Singapore court for causing a data leak. The breach involved granting unauthorized remote access to a government laptop containing thousands of sensitive state court files. The court ordered the jail term after he pleaded guilty.




