Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

തിയേറ്ററുകളിൽ വൻ വിജയമായി മുന്നേറുന്ന ‘ദൃശ്യം 3’ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി അറിയിച്ച് സംവിധായകൻ ജീത്തു ജോസഫ്. സിനിമ എന്താണെന്ന് കൃത്യമായി മനസ്സിലാക്കിയാണ് പ്രേക്ഷകർ ചിത്രത്തിന് വലിയ പിന്തുണ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ റിലീസിന് മുൻപ് വലിയ രീതിയിലുള്ള ആശങ്കകൾ ഉണ്ടായിരുന്നുവെന്ന് ജീത്തു ജോസഫ് തുറന്നുപറഞ്ഞു. “മൂന്നാം ഭാഗം ചെയ്യുക എന്നത് വലിയൊരു റിസ്ക് ആണെന്ന തോന്നൽ ചിത്രം പുറത്തിറങ്ങും മുൻപ് എനിക്കുണ്ടായിരുന്നു. എന്നാൽ പ്രേക്ഷകർ അത് നെഞ്ചിലേറ്റി,” അദ്ദേഹം വ്യക്തമാക്കി. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘ദൃശ്യം 4’ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, അതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനാകില്ലെന്നായിരുന്നു സംവിധായകന്റെ മറുപടി.
സിനിമയെപ്പറ്റി സോഷ്യൽ മീഡിയയിലും മറ്റും ഉയരുന്ന വിമർശനങ്ങളെക്കുറിച്ചും ജീത്തു ജോസഫ് തന്റെ നിലപാട് വ്യക്തമാക്കി. കാമ്പുള്ളതും യുക്തിസഹവുമായ വിമർശനങ്ങളെ എപ്പോഴും ഉൾക്കൊള്ളാൻ തയ്യാറാണ്, എന്നാൽ വെറുതെ വിമർശിക്കാൻ വേണ്ടി മാത്രം നടത്തുന്ന പ്രചാരണങ്ങളെ പൂർണ്ണമായി തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂവി റിവ്യൂ ചെയ്യുന്നവരോട് ഒരു പ്രത്യേക അപേക്ഷയും അദ്ദേഹം മുന്നോട്ടുവെച്ചു.
ജീത്തു ജോസഫിന്റെ വാക്കുകൾ:
“ഞാൻ കഴിവതും പുതുമുഖ സംവിധായകരെ പിന്തുണയ്ക്കുന്ന ആളാണ്. ഒരാൾ ആ സ്ഥാനത്തേക്ക് എത്ര കഷ്ടപ്പെട്ടിട്ടാകും എത്തിയിട്ടുണ്ടാകുക എന്ന് എനിക്കറിയാം. അതിന് പിന്നിൽ ഒരുപാട് തടസങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഒരു തുടക്കക്കാരന്റെ പടം ഞാൻ ഒരിക്കലും കടുത്ത വിമർശന ബുദ്ധിയോടെയല്ല കാണാറുള്ളത്. അതിലെ പോസിറ്റീവ് ഘടകങ്ങൾ കണ്ട് പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കാറുള്ളത്. റിവ്യൂവേഴ്സിനോടുള്ള എന്റെ വ്യക്തിപരമായ അപേക്ഷയാണ്; തുടക്കക്കാരെ ഒരൽപ്പം മയത്തിൽ വിമർശിക്കണം. എങ്കിൽ മാത്രമേ അവർക്ക് നന്നായി വളർന്നു വരാൻ സാധിക്കൂ.”


