Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് രാജ്യത്ത് ബേങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇടപാടുകാര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.
ആഴ്ചയില്‍ അഞ്ച് ദിവസത്തെ പ്രവൃത്തി ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബേങ്ക് യൂണിയനുകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കിനെ തുടര്‍ന്നാണ് ചെക്ക് ക്ലിയറന്‍സ്, കാഷ് ഡെപ്പോസിറ്റ്, പണം പിന്‍വലിക്കല്‍ തുടങ്ങി ബേങ്കില്‍ നേരിട്ടെത്തിയുള്ള സേവനങ്ങള്‍ മുടങ്ങും.
പൊതുമേഖലാ ബേങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെയാണ് സമരം ബാധിക്കുക. എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ, ആക്‌സിസ് ബേങ്ക് തുടങ്ങിയ സ്വകാര്യ ബേങ്കുകളുടെ ശാഖകളും യു പി ഐ, എ ടി എം, നെറ്റ് ബേങ്കിങ് തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങളും പതിവുപോലെ ലഭ്യമായിരിക്കും.
സെപ്തംബര്‍ 11-ലെ സമരത്തിന് ശേഷമുള്ള നാളെ നടക്കാനിരിക്കുന്ന മൂന്ന് ദിവസത്തെ പണിമുടക്കിന് ശേഷവും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്നും യുണൈറ്റഡ് ഫോറം ഓഫ് ബേങ്ക് യൂണിയന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സമരം ഒഴിവാക്കി ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഫിനാന്‍സ് മന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഇടപാടുകാര്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ അത്യാവശ്യ ഇടപാടുകള്‍ മുന്‍കൂട്ടി ചെയ്യാനും ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനും എസ് ബി ഐ ഉള്‍പ്പെടെയുള്ള ബേങ്കുകള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
Content Highlights: Banking services across India may face disruptions starting tomorrow due to a three-day nationwide strike declared by bank unions demanding a five-day work week. Branch operations in public sector and regional rural banks will be affected, while private banks and digital services like UPI will function normally. Unions have warned of an indefinite strike starting October 26 if demands remain unaddressed.




