Source :- SIRAJLIVE NEWS
രാജ്യത്ത് പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരില്‍ 40-50 ശതമാനവും വ്യാജന്മാരാണെന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍ ആശങ്കാജനകമാണ്. “കറുത്ത കോട്ടിട്ട വ്യാജന്മാര്’ എന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇവരെ വിശേഷിപ്പിച്ചത്. ഇത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ തകര്‍ക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ്, കോടതികളെയും കക്ഷികളെയും അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജ അഭിഭാഷകരെ പിടികൂടുന്നതിന് സി ബി ഐ അന്വേഷണത്തിന് ഉത്തരവിടാന്‍ തയ്യാറാണെന്നും വ്യക്തമാക്കി. ബാര്‍ കൗണ്‍സിലുകളിലെ ചില ഭാരവാഹികളുടെ ഒത്താശയോടെയാണ് വ്യാജന്മാര് കടന്നുകൂടുന്നതെന്ന ധ്വനിയുമുണ്ട് കോടതി പരാമര്‍ശങ്ങളില്‍.
വിദ്യാസമ്പന്നമെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ വരെയുണ്ട്, നിയമപരമായ യോഗ്യതകളോ ബാര്‍ കൗണ്‍സില്‍ രജിസ്ട്രേഷനോ ഇല്ലാതെ കറുത്ത കോട്ടും ധരിച്ച് കോടതികളെയും ജനങ്ങളെയും വിദഗ്ധമായി തെറ്റിദ്ധരിപ്പിച്ച് വിലസുന്ന വ്യാജ അഭിഭാഷകര്‍. ആലപ്പുഴയില്‍ സെസി സേവ്യര്‍ രണ്ടര വര്‍ഷമാണ് യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയത്. ജില്ലാ ബാര്‍ അസ്സോസിയേഷന് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച ഇവര്‍ ബാര്‍ അസ്സോസിയേഷന് ലൈബ്രേറിയന്‍ പദവിയും അലങ്കരിച്ചു. പല കേസുകളിലും അഡ്വക്കറ്റ് കമ്മീഷണറായി കോടതി ഇവരെ നിയമിക്കുകയും ചെയ്തിരുന്നു. ആരെയും കൈയിലെടുക്കാന്‍ കഴിയുന്ന ആകര്‍ഷകമായ പെരുമാറ്റമായിരുന്നു സെസിയുടെ കൈമുതല്‍. അഭിഭാഷകനായിരുന്ന ആണ് സുഹൃത്തുമായി തെറ്റിയതോടെയാണ് വ്യാജ അഭിഭാഷകയാണ് സെസിയെന്ന വസ്തുത പുറത്തുവന്നത്.
കറുത്ത കോട്ടിന്റെ മറവില്‍ നടക്കുന്ന ഈ തട്ടിപ്പ് അഭിഭാഷക ലോകത്തിന്റെ വിശ്വാസ്യത നഷ്ടമാക്കും. ഇന്ത്യ പോലെ ജനാധിപത്യ ഭരണവ്യവസ്ഥിതി നിലവിലുള്ള രാജ്യങ്ങളില്‍ കോടതികളെ അവസാന അഭയ കേന്ദ്രമായാണ് വിലയിരുത്തപ്പെടുന്നതും ജനങ്ങള്‍ കാണുന്നതും. ഭരണകൂടത്തില്‍ നിന്നുള്ള നീതിനിഷേധത്തിനെതിരെയും പൗരന്മാര് കോടതികളെയാണ് ആശ്രയിക്കുന്നത്. ഇവിടെയും വ്യാജന്മാര് വിലസുന്നുവെന്ന് വന്നാല്‍ നിയമസംവിധാനത്തില്‍ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കും? കേസിന്റെ വിജയം പലപ്പോഴും അഭിഭാഷകരുടെ കഴിവിനെ ആശ്രയിച്ചാണ്. നിയമപരമായ കാര്യങ്ങളെക്കുറിച്ചോ കോടതി നടപടികളെക്കുറിച്ചോ കൃത്യമായി അറിവില്ലാത്തവര്‍ കേസ് കൈകാര്യം ചെയ്യുമ്പോള്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടാനും യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെടാനും വഴിയൊരുക്കുന്നു. ഇത് കേസിലെ കക്ഷികള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം വരുത്തും. മാനസിക തകര്‍ച്ചയും സൃഷ്ടിക്കും.
യോഗ്യരായ അഭിഭാഷകരുടെ അവസരം നഷ്ടപ്പെടുത്തുന്നുവെന്നതാണ് ഇതിന്റെ മറ്റൊരു വശം. വര്‍ഷങ്ങളോളം അധ്വാനിച്ച് പഠിച്ച്, നിയമപരമായി ലൈസന്‍സ് നേടി ബാര്‍ കൗണ്‍സില്‍ പരീക്ഷകള്‍ പാസ്സായ പതിനായിരക്കണക്കിനു യോഗ്യരായ അഭിഭാഷകരുണ്ട് രാജ്യത്ത്. സ്വാധീനത്തിലൂടെയും ഫീസില്‍ കുറവ് വരുത്തിയും വ്യാജന്മാര് കേസുകള്‍ പിടിക്കുമ്പോള്‍ അര്‍ഹരായ അഭിഭാഷകരുടെ അവസരങ്ങള്‍ നഷ്ടപ്പെടുകയാണ്. അഭിഭാഷകവൃത്തിയിലേക്ക് കടന്നുവരുന്ന മിടുക്കരായ ഉദ്യോഗാര്‍ഥികളില്‍ ഇത് നിരാശ സൃഷ്ടിക്കുകയും നീതിന്യായ മേഖലയുടെ ഗുണനിലവാരം തകര്‍ക്കുകയും ചെയ്യും.
വ്യാജ ലോ കോളജുകള്‍, വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന റാക്കറ്റുകള്‍, ബാര്‍ കൗണ്‍സിലുകളുടെ മേല്‍നോട്ടങ്ങളുടെയും പരിശോധനകളുടെയും അപര്യാപ്തത തുടങ്ങി വ്യാജ അഭിഭാഷകരുടെ പെരുപ്പത്തിന് കാരണങ്ങള്‍ പലതാണ്. നിയമബിരുദം നേടിയവര്‍ക്ക് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള നിയമപരമായ അനുമതി (എൻറോള്‍മെന്റ്) നല്‍കുന്നത് സംസ്ഥാന ബാര്‍ കൗണ്‍സിലുകളാണ്. എന്നാല്‍ എൻറോള്‍മെന്റ്, സര്‍ട്ടിഫിക്കറ്റ് പരിശോധന, പ്രാക്ടീസ് പുതുക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ബാര്‍ കൗണ്‍സിലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. പല സംസ്ഥാനങ്ങളിലും വര്‍ഷങ്ങളായി അംഗത്വ പട്ടിക പുതുക്കിയിട്ടില്ല. ഇത് വ്യാജന്മാര്ക്ക് കടന്നുവരാന്‍ അവസരം നല്കുന്നു. കൃത്യമായ വെരിഫിക്കേഷന് ഇല്ലാത്തതിനാല്‍ ഗുരുതരമായ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പോലും വ്യാജ അഭിഭാഷക സര്‍ട്ടിഫിക്കറ്റുകളുമായി കോടതികളിലെത്തുന്നതായി പരാതിയുണ്ട്. ഇത്തരം ക്രിമിനലുകള്‍ പരോക്ഷമായി നിയമത്തിന്റെ പരിരക്ഷ അനുഭവിക്കുകയാണ്. ഇത് സമൂഹത്തിന് വന്‍ ഭീഷണിയാണ്.
നീതിയുടെ കാവലാളാകേണ്ടവര്‍ തന്നെ അനീതിയുടെയും വഞ്ചനയുടെയും തട്ടിപ്പിന്റെയും പ്രതീകങ്ങളായി മാറുമ്പോള്‍ തകരുന്നത് നിയമ വ്യവസ്ഥയിലുള്ള ജനവിശ്വാസവും രാജ്യത്തിന്റെ ജനാധിപത്യ ബോധവുമാണ്. വ്യാജ അഭിഭാഷകര്‍ നിയമവ്യവസ്ഥക്ക് ഏല്‍പ്പിക്കുന്ന മുറിവ് ചെറുതല്ല. ഇത് ബാര്‍ കൗണ്‍സിലുകളുടെ ആഭ്യന്തര പ്രശ്നം മാത്രമായി ചെറുതായി കാണാനാകില്ല. കോടതികളുടെ സുതാര്യത ഉറപ്പാക്കാനും നിയമ വ്യവസ്ഥയിലുള്ള വിശ്വാസം നിലനിര്‍ത്താനും സാധാരണക്കാരന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനും നിയമലോകത്തും കോടതികളിലും സമഗ്ര ശുദ്ധീകരണം ആവശ്യമാണ്. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ കര്‍ശനമായ വെരിഫിക്കേഷനാണ് ഇതിന് പരിഹാരം.
ഇതോടൊപ്പം നിയമ വിദ്യാഭ്യാസ രംഗത്തെ അക്രഡിറ്റേഷന് നടപടികള്‍ കര്‍ശനമാക്കുകയും വേണം. നിലവാരമില്ലാത്ത ലോ കോളജുകള്‍ അടച്ചു പൂട്ടണം. അധ്യാപക- വിദ്യാര്‍ഥി അനുപാതം, പരിശീലന കോടതി, ലൈബ്രറി സൗകര്യം തുടങ്ങിയവയില്‍ നിര്‍ബന്ധ മാനദണ്ഡങ്ങള്‍ നടപ്പാക്കുകയും വേണം. വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി കോടതിയെയും ജനങ്ങളെയും വഞ്ചിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്ത് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും വേണം. സുപ്രീം കോടതി ചൂണ്ടിക്കാണിച്ചതു പോലെ വ്യാജ ബിരുദങ്ങള്‍ വിതരണം ചെയ്യുന്ന മാഫിയകളെയും അതിന് ഒത്താശ ചെയ്യുന്ന ബാര്‍ കൗണ്‍സില്‍ ഭാരവാഹികളെയും കണ്ടെത്താന്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യവും പരിഗണിക്കേണ്ടതാണ്.







