Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

നൂറു ദിവസം പിന്നിട്ട വി.ഡി. സതീശൻ സർക്കാരിന് പൂജ്യം മാർക്ക് നൽകിയാൽ കോൺഗ്രസുകാർ പോലും എതിർക്കില്ലെന്ന് സി.പി.ഐ.എം രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ്. കേരളത്തിൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ നുണകളുടെ പെരുമഴയാണെന്നും അദ്ദേഹം ആരോപിച്ചു. പെരുവയലിൽ സി.പി.ഐ.എം സംഘടിപ്പിച്ച കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിൽ ഇല്ലാത്ത തരത്തിലുള്ള വിലക്കയറ്റമാണ് കേരളം നേരിടുന്നതെന്നും ഓണക്കാലത്തും വിലക്കയറ്റം രൂക്ഷമായിരുന്നെന്നും ബ്രിട്ടാസ് പറഞ്ഞു. എൽ.ഡി.എഫ് സർക്കാരാണ് മികച്ചതെന്ന് ജനങ്ങൾക്ക് ഇപ്പോൾ ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
പി.എം. ശ്രീ പദ്ധതിക്കെതിരെ നേരത്തെ നിലപാടെടുത്തവർ അധികാരത്തിലെത്തിയപ്പോൾ നിലപാട് മാറ്റി. പ്രധാനമന്ത്രിയുമായി ആരോഗ്യകരമായ ബന്ധമാണെന്നാണ് വി.ഡി. സതീശൻ ഇപ്പോൾ പറയുന്നത്. വൈസ് ചാൻസലർമാർ ആർ.എസ്.എസ് പരിപാടികളിൽ പങ്കെടുക്കുന്നതിനെതിരെ സതീശൻ എന്ത് നിലപാടാണ് സ്വീകരിച്ചതെന്നും ബ്രിട്ടാസ് ചോദിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിലുണ്ടായ വികസനം പൊരുതി നേടിയതാണെന്നും ലോകത്തിന്റെ നെറുകയിൽ കേരളം എത്തിയതിന് ഇടതുപക്ഷത്തിന് വ്യക്തമായ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളെ അതിജീവിച്ച പാർട്ടിയാണ് സി.പി.ഐ.എം എന്നും പാർട്ടിയിൽ നിന്ന് അകന്നുപോയവർ തിരിച്ചുവരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.


