Home rss national malayalam പുതിയ വാർത്ത നേപ്പാൾ മിന്നൽ പ്രളയം; മരണം 688 ആയി; 2,400ലേറെ പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

നേപ്പാൾ മിന്നൽ പ്രളയം; മരണം 688 ആയി; 2,400ലേറെ പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

5
0

Source :- SIRAJLIVE NEWS

നേപ്പാള്‍| നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 688 ആയി. കാണാതായ 2,400ലേറെ പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ദുരന്തമേഖലയില്‍ നിന്ന് ഇതുവരെ 108 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേരത്തെ ബന്ധപ്പെടാന്‍ കഴിയാതിരുന്ന 50ഓളം ഇന്ത്യക്കാരുമായും ആശയവിനിമയം പുനഃസ്ഥാപിച്ചു.

അതേസമയം, 275 ഇന്ത്യന്‍ പൗരന്മാരെയും 128 ഇന്ത്യന്‍ വംശജരെയും ഇപ്പോഴും കണ്ടെത്താനോ ബന്ധപ്പെടാനോ കഴിഞ്ഞിട്ടില്ല. ഏഴ് മലയാളികളുമായും ഇതുവരെ ബന്ധപ്പെടാനായിട്ടില്ലെന്ന് നോര്‍ക്ക അറിയിച്ചു.

പ്രളയത്തെ തുടര്‍ന്ന് രൂക്ഷമായ ഊര്‍ജ പ്രതിസന്ധി നേരിടുന്ന നേപ്പാള്‍ ഇന്ത്യയുടെ സഹായം തേടി. അടിയന്തര സാഹചര്യം മറികടക്കാന്‍ മുന്‍കൂറായി വൈദ്യുതി ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതിയാണ് നേപ്പാള്‍ ആവശ്യപ്പെട്ടത്. രാജ്യത്തെ 13 ജലവൈദ്യുത നിലയങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നതോടെ വൈദ്യുതി ഉല്‍പ്പാദനത്തില്‍ 550 മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. നിലവിലുള്ള ഉഭയകക്ഷി കരാറുകള്‍ക്ക് അനുസൃതമായി നേപ്പാളിന്റെ ആവശ്യം പരിഗണിക്കുമെന്ന് ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കി. നേപ്പാളില്‍ നിന്നുള്ള വൈദ്യുതി വിതരണം കുറഞ്ഞത് ഇന്ത്യയിലെ ആഭ്യന്തര വൈദ്യുതി ലഭ്യതയെ ബാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

അതിനിടെ, ഭോട്ടെ കോശി നദിയില്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയതോടെ നുവാക്കോട്ടില്‍ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനവും തെരച്ചിലും കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.

നേപ്പാളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ഇന്ത്യയും സജീവമായി രംഗത്തുണ്ട്. വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘവുമായി ഇന്ത്യന്‍ വ്യോമസേനയുടെ നാലാമത്തെ വിമാനം നേപ്പാളിലെത്തി. പുതപ്പുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ടാര്‍പോളിന്‍, ശുചിത്വ കിറ്റുകള്‍ ഉള്‍പ്പെടെ 11 ടണ്‍ അവശ്യസാധനങ്ങളാണ് സി-130 വിമാനത്തില്‍ എത്തിച്ചത്.

Content Highlights: The death toll in the devastating Nepal-Tibet border floods has risen to 688 with over 2400 people still missing. The Ministry of External Affairs confirmed that 108 Indians have been rescued while efforts continue to trace 275 missing Indian nationals. Facing a severe power shortage due to damaged hydro projects, Nepal has sought emergency electricity imports from India.