Source :- SIRAJLIVE NEWS
താമരശ്ശേരി | പരിശോധനക്കെന്ന് പറഞ്ഞ് സ്പായില്‍ എത്തി ജീവനക്കാരിയെക്കൊണ്ട് സൗജന്യമായി മസാജ് ചെയ്യിപ്പിക്കുകയും പണം കൈക്കലാക്കുകയും ചെയ്ത പോലീസുകാരനെ സര്‍വിസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
കോഴിക്കോട് കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ മുഹമ്മദ് ഫാസിലിന് എതിരെയാണ് കോഴിക്കോട് റൂറല്‍ പോലീസ് മേധാവി മെറിന്‍ ജോസഫ് അച്ചടക്ക നടപടി സ്വീകരിച്ചത്. വിശദമായ അന്വേഷണത്തിന് പെരുവണ്ണാമൂഴി പോലീസ് ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിയമവിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വന്നതാണെന്നു പറഞ്ഞ് ആഗസ്റ്റ് 14ന് വൈകീട്ടാണ് ഇയാള്‍ സ്പായില്‍ എത്തിയത്. മഫ്തിയിലായിരുന്നു സിവില്‍ പോലീസ് ഓഫീസറായ ഫാസില്‍ സ്ത്രീ ജീവനക്കാരിയെ കൊണ്ടു സൗജന്യമായി മസാജ് ചെയ്യിച്ച ശേഷം മേലധികാരിക്ക് നല്‍കാനെന്ന് പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു.
മേശവലിപ്പിലുണ്ടായിരുന്ന തുക ജീവനക്കാര്‍ പോലീസുകാരനെ ഏല്‍പ്പിച്ചെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. തന്റെ സ്റ്റേഷന്‍ പരിധിയിലല്ലാത്ത താമരശ്ശേരി അടിവാരത്ത് പ്രവര്‍ത്തിക്കുന്ന സ്പായിലാണ് ഇയാള്‍ പരിശോധനയ്ക്കെന്ന് പറഞ്ഞ് കയറിയത്. അവധിയിലായിരിക്കെയായിരുന്നു പോലീസുകാരന്റെ തട്ടിപ്പ്.
Content Highlights:
Kozhikode Rural Police Chief Merin Joseph suspended Civil Police Officer K Muhammad Fasil for extorting money from a spa. The officer visited the Thamarassery spa off-duty, demanded a free massage, and took cash from staff. Peruvannamuzhi Police Inspector has been assigned to probe the incident.




