Source :- SIRAJLIVE NEWS
കാബൂള്‍ | അയല്‍രാജ്യമായ പാകിസ്താനില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് കടന്നുകയറിയ 41 വിമതരെ തങ്ങളുടെ സുരക്ഷാ സേന വധിച്ചതായി അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഘര്‍ഷഭരിതമായ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി ഉണ്ടായ ഏറ്റുമുട്ടലുകള്‍ക്കിടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഡസന്‍ കണക്കിന് പേരെ പിടികൂടുകയും ചെയ്തിട്ടുണ്ട്.
കൊല്ലപ്പെട്ട വിമതരില്‍ ദാഇഷ് ഭീകരസംഘടനയിലെ അംഗങ്ങളും ഉള്‍പ്പെടുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. നൂറിസ്ഥാനിലെ കംദേഷ് ജില്ലയില്‍ ഞായര്‍ മുതല്‍ ചൊവ്വ വരെയുള്ള ദിവസങ്ങളില്‍ നടത്തിയ നടപടികളില്‍ 41 പേരെ വധിക്കുകയും 62 പേരെ പിടികൂടുകയും പാകിസ്താന്റെ പിന്തുണയോടെയാണ് ഈ സായുധര്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതെന്നും പ്രതിരോധ മന്ത്രാലയം ആരോപിക്കുകയും ചെയ്തു.
അതിര്‍ത്തി കടന്നുള്ള അക്രമങ്ങള്‍ മൂലം ഈ വര്‍ഷം ഇതുവരെ അഫ്ഗാനിസ്ഥാനില്‍ 1100ലധികം സാധാരണക്കാര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് യു എന്‍ ദൗത്യസംഘം കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ സുരക്ഷ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.
Content Highlights:
Afghan security forces killed 41 insurgents, including Daesh members, entering from Pakistan in Nuristan’s Kamdesh district. Over 62 others were detained during three days of intense border clashes. Afghan defense ministry accused Pakistan of backing the insurgents as civilian casualties mount.




