Source :- SIRAJLIVE NEWS
ന്യൂഡൽഹി| ഡൽഹിയിൽ നടന്ന പൊളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷം കോഴിക്കോട് മടങ്ങാനിരുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര പ്രോട്ടോക്കോൾ വീഴ്ചയെ തുടർന്ന് മുടങ്ങി. സംഭവത്തിൽ സർക്കാർ പ്രോട്ടോക്കോൾ വിഭാഗത്തോട് വിശദീകരണം തേടുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.
ശനിയാഴ്ച ഉച്ചയ്ക്ക് 2.50-നുള്ള ഡൽഹി–കോഴിക്കോട് ഇൻഡിഗോ വിമാനത്തിലായിരുന്നു അദ്ദേഹം യാത്ര ചെയ്യേണ്ടിയിരുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ കേരള ഹൗസിൽ നിന്ന് പുറപ്പെട്ട അദ്ദേഹം സമയത്ത് തന്നെ വിമാനത്താവളത്തിൽ എത്തിയെങ്കിലും, ലോഞ്ചിൽ വിശ്രമിക്കുമ്പോൾ വിമാനത്തിൽ കയറാനുള്ള അറിയിപ്പ് ലഭിക്കാത്തതിനെ തുടർന്ന് യാത്ര നഷ്ടമായി.
വിമാനക്കമ്പനിയുമായുള്ള ആശയവിനിമയത്തിൽ പ്രോട്ടോക്കോൾ വിഭാഗത്തിന് സംഭവിച്ച വീഴ്ചയാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക വിവരം. സാധാരണയായി വിഐപി യാത്രകൾ ഏകോപിപ്പിക്കുന്ന പ്രോട്ടോക്കോൾ വിഭാഗം ഇത്തവണ വിമാനത്താവളത്തിനകത്ത് യാത്രയ്ക്കായി ആവശ്യമായ ബഗ്ഗി ഉൾപ്പെടെയുള്ള വിഐപി സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
സംഭവത്തെ തുടർന്ന് പ്രോട്ടോക്കോൾ വിഭാഗത്തിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതിന് വിഭാഗം മറുപടി സമർപ്പിച്ചിട്ടുണ്ടെന്നും, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ തീരുമാനിക്കുന്നതിനായി ഇന്ന് ഡൽഹി കേരള ഹൗസിൽ ഉന്നതതല യോഗം ചേരാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു.
Content Highlights:
Opposition leader Pinarayi Vijayan missed his Delhi-Kozhikode flight due to a protocol lapse at the airport. He reached the airport on time but did not receive the boarding announcement while resting in the VIP lounge. The government issued a show-cause notice to the protocol department for the coordination failure.




