Home rss national malayalam പുതിയ വാർത്ത ഫ്രാൻസ്: അസംതൃപ്തിയുടെ അടിവേരുകൾ

ഫ്രാൻസ്: അസംതൃപ്തിയുടെ അടിവേരുകൾ

6
0

Source :- SIRAJLIVE NEWS

രാജാധികാരത്തിനും സാമൂഹിക അസമത്വങ്ങള്‍ക്കുമെതിരെ ഉയര്‍ന്ന 1789ലെ ഫ്രഞ്ച് വിപ്ലവം സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങളെ ആധുനിക ജനാധിപത്യത്തിന്റെ കേന്ദ്രത്തിലെത്തിച്ചു. ഇന്ന് ഫ്രാന്‍സിലെ തെരുവുകള്‍ പ്രക്ഷുബ്ധമാകുമ്പോള്‍ അത് ഒരു രാജ്യത്തിന്റെ ക്രമസമാധാന പ്രശ്‌നം മാത്രമായി ചുരുങ്ങുന്നില്ല. പൗരന്റെ അവകാശങ്ങളും ഭരണകൂടത്തിന്റെ ഉത്തരവാദിത്വവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ച കൂടിയായി മാറുന്നു.

ഫ്രാന്‍സിലെ പ്രതിഷേധങ്ങൾക്കു പിന്നില്‍ വിദ്യാഭ്യാസ മേഖലയിലെ പരാതികളും ജീവിതച്ചെലവിനെക്കുറിച്ചുള്ള ജനരോഷവുമുണ്ട്. വിദ്യാലയങ്ങളിലെ അധ്യാപകക്ഷാമം, തിങ്ങിനിറഞ്ഞ ക്ലാസ്സ് മുറികള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ വിഷയങ്ങള്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും ആശങ്കയിലാക്കിയിട്ടുണ്ട്. വേതനം, പെന്‍ഷന്‍, ഇന്ധനവില, പൊതുസേവനങ്ങളുടെ നിലവാരം എന്നിവയെക്കുറിച്ചുള്ള പരാതികളും വിശാലമായ സാമൂഹിക അസംതൃപ്തിയുടെ ഭാഗമാണ്. പ്രതിഷേധങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം തൊഴിലാളി സംഘടനകളും മറ്റു സാമൂഹിക പ്രസ്ഥാനങ്ങളും പങ്കുചേരുന്നു.

വിദ്യാഭ്യാസത്തിലെ പ്രതിസന്ധി ഒരു തലമുറയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസം നേടാനുള്ള അവസരം കുടുംബത്തിന്റെ സാമ്പത്തിക നിലയെയും താമസിക്കുന്ന പ്രദേശത്തെയും ആശ്രയിച്ചു തുടങ്ങിയാല്‍ സമത്വം ഭരണഘടനയിലെ ആശയമായി മാത്രം അവശേഷിക്കും. സമ്പന്നമായ രാജ്യങ്ങളില്‍ പോലും പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരത്തില്‍ പ്രദേശങ്ങള്‍ക്കിടയില്‍ വ്യത്യാസമുണ്ടാകാം. അത്തരം വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരുമ്പോള്‍ അവ ഭരണപരമായ വീഴ്ചയില്‍ നിന്ന് സാമൂഹിക നീതിയുടെ പ്രശ്‌നമായി വളരുന്നു.

ജീവിതച്ചെലവിലെ വര്‍ധനവും ജനങ്ങളുടെ അസംതൃപ്തി വര്‍ധിപ്പിക്കുന്നു. വേതനവും കുടുംബങ്ങളുടെ വാങ്ങല്‍ശേഷിയും തമ്മിലുള്ള വിടവ്, ഭവനച്ചെലവ്, ഇന്ധനവില, പൊതുസേവനങ്ങളുടെ ലഭ്യത എന്നിവ സാധാരണക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നു. 2018ല്‍ ഇന്ധന നികുതി വര്‍ധനവിനെതിരെ ആരംഭിച്ച മഞ്ഞക്കുപ്പായ പ്രസ്ഥാനം പിന്നീട് സാമ്പത്തിക നീതിയെയും ഭരണകൂടത്തിന്റെ മുന്‍ഗണനകളെയും ചോദ്യം ചെയ്യുന്ന പ്രക്ഷോഭമായി വളര്‍ന്നിരുന്നു.

ഫ്രാന്‍സിന് വിപുലമായ സാമൂഹിക സുരക്ഷാ സംവിധാനമുണ്ടെങ്കിലും അത് എല്ലാ കുടുംബങ്ങളെയും സാമ്പത്തിക പ്രയാസങ്ങളില്‍ നിന്ന് മുക്തമാക്കുന്നില്ല. ആരോഗ്യ പരിരക്ഷ, പൊതുവിദ്യാഭ്യാസം, തൊഴിലില്ലായ്മാ ആനുകൂല്യങ്ങള്‍, കുടുംബ സഹായം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍ സഹായങ്ങള്‍ നിലനില്‍ക്കുമ്പോഴും ഭവനച്ചെലവും ദൈനംദിന ചെലവുകളും ഉയരാം; പൊതുസേവനങ്ങള്‍ ആവശ്യത്തിന് ലഭിക്കാതിരിക്കാം. സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുകയും പൊതുകടം ഉയര്‍ന്നുനില്‍ക്കുകയും ചെയ്യുമ്പോള്‍ കൂടുതല്‍ പൊതുചെലവും ധനകാര്യ നിയന്ത്രണവും ഒരേസമയം നടപ്പാക്കുക സര്‍ക്കാറിന് എളുപ്പമല്ല. എന്നാല്‍ ചെലവുചുരുക്കല്‍ നടപടികള്‍ വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങിയ മേഖലകളെ ദുര്‍ബലപ്പെടുത്തുന്നുവെന്ന തോന്നല്‍ ജനങ്ങളില്‍ വളര്‍ന്നാല്‍ അതിന്റെ രാഷ്ട്രീയ വിലയും സര്‍ക്കാര്‍ നല്‍കേണ്ടിവരും.

കുടിയേറ്റവും സാമൂഹിക വിഭജനവും
ഫ്രാന്‍സിലെ പ്രതിഷേധങ്ങളെ ചുറ്റിപ്പറ്റി ശക്തമായി ഉയരുന്ന വിവാദങ്ങളിലൊന്ന് കുടിയേറ്റവുമായി ബന്ധപ്പെട്ടതാണ്. മുസ്‌ലിം കുടിയേറ്റക്കാരാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും കുടിയേറ്റത്തിന് സൗകര്യം നല്‍കിയതിന്റെ പരിണതഫലമാണ് ഇപ്പോഴത്തെ അക്രമങ്ങളെന്നും ചിലര്‍ ആരോപിക്കുന്നു. എന്നാല്‍ അക്രമത്തില്‍ പങ്കെടുത്തവരുടെ മതപരമോ വംശീയമോ ആയ പശ്ചാത്തലം അടിസ്ഥാനമാക്കി ഒരു വിഭാഗത്തെ മൊത്തമായി കുറ്റപ്പെടുത്തുന്നതിന് മതിയായ തെളിവുകളില്ല. അക്രമത്തില്‍ പങ്കെടുത്ത ചില വ്യക്തികളുടെ പ്രവൃത്തിയെ ഒരു മതവിഭാഗത്തിന്റെയോ കുടിയേറ്റ സമൂഹത്തിന്റെയോ പൊതുസ്വഭാവമായി അവതരിപ്പിക്കുന്നതും വസ്തുതാപരമായ സമീപനമല്ല.

ഫ്രാന്‍സിലെ കുടിയേറ്റ ചരിത്രം മനസ്സിലാക്കാതെ ഈ വിവാദത്തെ വിലയിരുത്താനാകില്ല. ഒന്നും രണ്ടും ലോകമഹാ യുദ്ധങ്ങളുടെ കാലഘട്ടങ്ങളിലും അതിനു ശേഷവും വ്യവസായം, നിര്‍മാണം, ഗതാഗതം തുടങ്ങിയ മേഖലകളിലെ തൊഴിലാളികളുടെ ആവശ്യകത കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചു. ഫ്രാന്‍സിന്റെ മുന്‍ കോളനികളായ അൽജീരിയ, മൊറോക്കോ, തുണീഷ്യ തുടങ്ങിയ വടക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് നിരവധി പേര്‍ തൊഴില്‍ തേടി ഫ്രാന്‍സിലെത്തി. കോളനിവാഴ്ചയുടെ ചരിത്രവും അൽജീരിയന്‍ യുദ്ധവും സ്വാതന്ത്ര്യാനന്തര ബന്ധങ്ങളും ഈ കുടിയേറ്റത്തിന്റെ ഭാഗമാണ്. പിന്നീട് കുടുംബ പുനരേകീകരണം ഉള്‍പ്പെടെയുള്ള വഴികളിലൂടെ കുടിയേറ്റ സമൂഹങ്ങള്‍ വളര്‍ന്നു. ഇവരില്‍ പലരും ഫ്രാന്‍സിന്റെ സമ്പദ് വ്യവസ്ഥയിലും പൊതുജീവിതത്തിലും നിര്‍ണായക പങ്കുവഹിച്ചു. കുടിയേറ്റക്കാരുടെ മക്കളും കൊച്ചുമക്കളും ഉള്‍പ്പെടെ നിരവധി പേര്‍ ഇന്ന് ഫ്രഞ്ച് പൗരന്മാരാണ്.

എന്നാല്‍ ഈ ചരിത്രം അക്രമത്തെ ന്യായീകരിക്കുന്നില്ല. കടകള്‍ കൊള്ളയടിക്കുന്നതും പൊതുകെട്ടിടങ്ങള്‍ തകര്‍ക്കുന്നതും വാഹനങ്ങള്‍ കത്തിക്കുന്നതും സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടമാകുന്നില്ല. ഇത്തരം പ്രവൃത്തികള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സാമ്പത്തികമായി ദുര്‍ബലരായ കുടുംബങ്ങളെയും ചെറുകിട വ്യാപാരികളെയും സാധാരണ തൊഴിലാളികളെയുമാണ്. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടേണ്ടിവരുമ്പോള്‍ വരുമാനം നഷ്ടപ്പെടുന്നു. തകര്‍ന്ന കെട്ടിടങ്ങളും വാഹനങ്ങളും പുനര്‍നിര്‍മിക്കാന്‍ പൊതുപണവും സ്വകാര്യപണവും ചെലവാകുന്നു. നഗരജീവിതം തടസ്സപ്പെടുമ്പോള്‍ ജോലിക്കു പോകുന്നവരും വിദ്യാലയങ്ങളിലെത്തുന്ന കുട്ടികളും ആരോഗ്യസേവനങ്ങള്‍ തേടുന്നവരും ബുദ്ധിമുട്ടിലാകുന്നു. സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വിനോദസഞ്ചാരത്തെയും വ്യാപാരത്തെയും ബാധിക്കാം. ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കേണ്ട വിഭവങ്ങള്‍ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ മാറ്റിവെക്കേണ്ടിവരുന്നത് സമൂഹത്തിന് ഇരട്ടനഷ്ടമാണ്.

വിദ്യാഭ്യാസം, തൊഴിലില്ലായ്മ, നിയമനങ്ങളിലെ കാലതാമസം, ഫ്രാന്‍സിലെ വിദ്യാലയങ്ങളിലെ അധ്യാപക ക്ഷാമം പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാര്‍ വ്യക്തമായ നടപടികള്‍ സ്വീകരിക്കണം. ജീവിതച്ചെലവിന്റെ സമ്മര്‍ദം നേരിടുന്ന കുടുംബങ്ങള്‍ക്ക് അര്‍ഹമായ സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. തൊഴിലാളികളുടെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പരാതികള്‍ കേള്‍ക്കാനുള്ള ചര്‍ച്ചകള്‍ ഔപചാരികതയില്‍ ഒതുങ്ങാതെ നയപരമായ തീരുമാനങ്ങളിലേക്ക് എത്തണം.

ഒരു രാജ്യത്തിന്റെ ശക്തി അതിന്റെ സാമ്പത്തിക കണക്കുകളിലോ സൈനിക ശേഷിയിലോ മാത്രം അളക്കാനാകില്ല. പ്രതിസന്ധി നേരിടുമ്പോള്‍ പൗരന്മാരുടെ പരാതികള്‍ എത്രത്തോളം കേള്‍ക്കുന്നു, നിയമം എത്ര നീതിപൂര്‍വം നടപ്പാക്കുന്നു, പൊതുസേവനങ്ങള്‍ എത്ര വിശ്വസനീയമായി ഉറപ്പാക്കുന്നു എന്നതും അതിന്റെ അളവുകോലുകളാണ്. ഫ്രാന്‍സിന്റെ തെരുവുകളില്‍ ഉയരുന്ന പ്രതിഷേധം ഭരണകൂടത്തിന് മുന്നറിയിപ്പാണ്.

Content Highlights: Protests in France reflect widespread dissatisfaction over the education crisis, rising living costs, and public service cutbacks. Controversies surrounding immigration and social integration complicate the political landscape. Addressing these underlying social inequalities remains critical for government stability.