Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്’ നവംബര്‍ പത്തിന് പുറത്തിറങ്ങും. ആല്‍ഫ്രഡ് എ നോഫ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.ഇറ്റലിയിലെ ഒരു ചെറിയ പട്ടണത്തില്‍ നിന്ന് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കേന്ദ്രബിന്ദുക്കളില്‍ ഒരാളായി മാറിയ സോണിയാ ഗന്ധിയുടെ യാത്രയുടെയും, അവരുടെ ജീവിതത്തെ രൂപപ്പെടുത്തിയ സ്‌നേഹം, വിയോഗം, രാഷ്ട്രീയ കടമ എന്നിവയുടെയും വ്യക്തിപരമായ വിവരണമായിരിക്കും ഈ പുസ്തകം.
നെഹ്റു-ഗാന്ധി രാഷ്ട്രീയ കുടുംബത്തിലേക്കുള്ള അവരുടെ പ്രവേശം, വിവാഹം, അമ്മായിയമ്മ ഇന്ദിരാഗാന്ധിയുടെയും ഭര്‍ത്താവ് രാജീവ് ഗാന്ധിയുടെയും വധം, രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം, കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന വര്‍ഷങ്ങള്‍ എന്നിവയെല്ലാം പുസ്തകം പരിശോധിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ ഒരു രാഷ്ട്രീയ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള പൊതു മിഥ്യാധാരണകള്‍ക്കപ്പുറത്തേക്ക് നോക്കാനും അതിനു പിന്നിലുള്ള മനുഷ്യരെ മനസ്സിലാക്കാനുമുള്ള ഒരു ശ്രമമാണ് ഈ ആത്മകഥയെന്ന് 79 കാരിയായ സോണിയാ ഗാന്ധി പറയുന്നു.എന്റെ കുടുംബത്തെക്കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്, എന്നാല്‍ അവരുടെ പ്രേരണകള്‍, പ്രവര്‍ത്തനങ്ങള്‍, അവരുടെ അതിമാനുഷികമായ വീഴ്ചകള്‍ എന്നിവയുടെ സത്യത്തിലേക്ക് എത്തിച്ചേരാന്‍ ചുരുക്കം ചില വിവരണങ്ങള്‍ക്കേ കഴിഞ്ഞിട്ടുള്ളൂ. പല വിധത്തിലും, ഈ പുസ്തകം അവരുടെ മനുഷ്യത്വത്തിനുള്ള ഒരു ആദരവാണ്. ഞാന്‍ ഉള്‍ക്കൊള്ളുന്ന ഈ മനോഹരമായ രാജ്യത്ത് ആറ് പതിറ്റാണ്ടുകളായി ഞാന്‍ കണ്ട സാമുഹികവും രാഷ്ട്രീയവുമായ മാറ്റങ്ങളുടെ സവിശേഷമായ ഒരു കാഴ്ചപ്പാടും എന്റെ കഥ വായനക്കാര്‍ക്ക് നല്‍കുന്നു- സോണിയ ഗാന്ധി വ്യക്തമാക്കി.
ഇറ്റലിയില്‍ ജനിച്ച സോണിയാ ഗാന്ധി 1965ല്‍ കേംബ്രിജില്‍ വെച്ച് 19-ാം വയസ്സില്‍ രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയത് മുതലുള്ള പ്രണയവും പുസ്തകത്തില്‍ പറയുന്നു, രാജീവ് ഗാന്ധിയുടെ പൈലറ്റ് കാലവും 1980ല്‍ സഞ്ജയ് ഗാന്ധിയുടെ മരണം കുടുംബത്തില്‍ സൃഷ്ടിച്ച ആഘാതവും 1984-ല്‍ ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചതും തുടര്‍ന്ന് രാജീവ് ഗാന്ധി രാഷ്രട്രീയത്തിലെത്തിയതുമെല്ലാം പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നു.
Content Highlights: Senior Congress leader Sonia Gandhi’s autobiography ‘Belonging: A Journey of Love’ will be published on November 10 by Alfred A. Knopf. The book details her life journey from Italy to Indian politics, her marriage to Rajiv Gandhi, and her political leadership. She describes it as a tribute.




