Source :- SIRAJLIVE NEWS
പട്‌ന| എഴുപതാമത് ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (ബിപിഎസ്‌സി) പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പട്‌നയില്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. ചൊവ്വാഴ്ച ഗാന്ധി മൈതാനത്തുനിന്ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാര്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് പോലീസുമായി ഏറ്റുമുട്ടി. നിരോധിത മേഖലയിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. നിരോധിത മേഖലയിലേക്ക് കടക്കാന്‍ ശ്രമിച്ചാല്‍ പ്രതിഷേധക്കാരെ മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കാമാഖ്യ നാരായണ്‍ സിങ് വ്യക്തമാക്കി.
എഴുപതാം ബി പി എസ് സി പരീക്ഷ റദ്ദാക്കുക എന്നത് മാത്രമല്ല ഉദ്യോഗാര്‍ഥികളുടെ ആവശ്യം. അധ്യാപക നിയമന പരീക്ഷയായ ടി.ആര്‍.ഇ. 4.0-ല്‍ മാറ്റങ്ങള്‍ വരുത്തണം, ബി.പി.എസ്.സി, ബിഹാര്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (ബി.എസ്.എസ്.സി.), സബ് ഇന്‍സ്‌പെക്ടര്‍ നിയമനങ്ങളിലെ പ്രശ്‌നങ്ങളില്‍ നടപടിയെടുക്കണം, ടി.ആര്‍.ഇ. 4.0 പരീക്ഷ ഒരൊറ്റ ഘട്ടമായി നടത്തണമെന്നും നെഗറ്റീവ് മാര്‍ക്കിങ് രീതി ഒഴിവാക്കണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നു.
ബിഹാര്‍ മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തണമെന്നും മുഖ്യമന്ത്രിയില്‍നിന്ന് ഉറപ്പ് ലഭിക്കണമെന്നുമായിരുന്നു വിദ്യാര്‍ഥിനേതാക്കളുടെ ആവശ്യം. തുടര്‍ന്നാണ് ഇന്ന് രാവിലെ ഗാന്ധിമൈതാനത്തുനിന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള വഴിയില്‍വെച്ച് തന്നെ ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. ഇതോടെ സമരക്കാര്‍ ബാരിക്കേഡ് മറികടന്ന് മുന്നോട്ടുനീങ്ങാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തുന്നതിനുപകരം ചില ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്താന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തി അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനം നടത്തിയാല്‍ സമരം അവസാനിപ്പിക്കുമെന്നാണ് വിദ്യാര്‍ഥി നേതാക്കള്‍ പറയുന്നത്.
അതിനിടെ, ബിഹാറില്‍ സമരം ശക്തമായിരിക്കെ വിദ്യാര്‍ഥികളുടെ പരാതികള്‍ കേള്‍ക്കാനായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ‘വിദ്യാര്‍ഥി സഹ്യോഗ് ശിവിര്‍’ എന്ന പേരില്‍ പുതിയ പദ്ധതി ആരംഭിച്ചു. എല്ലാ മാസവും നാലാമത്തെ ചൊവ്വാഴ്ച ബന്ധപ്പെട്ട അധികൃതര്‍ക്ക് മുന്നില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രശ്‌നങ്ങളും പരാതികളും അവതരിപ്പിക്കാനുള്ള വേദിയാണിത്. കൂടാതെ പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും 1100 എന്ന ഹെല്‌പ്ലൈന്‍ നമ്പറിലൂടെയും വിദ്യാര്‍ഥികള്‍ക്ക് അവരുടെ പരാതികള്‍ അറിയിക്കാം. ഓരോ പരാതിയുടെയും സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനുള്ള സൗകര്യമടക്കം ഇതിലുണ്ടാകുമെന്നും ബിഹാര്‍ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി വ്യക്തമാക്കി.
Content Highlights:
Aspirants protesting in Patna demanded the cancellation of the 70th BPSC exam and clashed with police after breaking barricades. Students are seeking direct talks with the Chief Minister regarding exam reforms. Meanwhile, the government announced the Vidyarthi Sahyog Shivir initiative for grievances.




