Home rss national malayalam പുതിയ വാർത്ത മദ്യപിച്ച് വിമാനം പറത്തി; ലിബിയയില്‍ ലാന്‍ഡിംഗിനിടെ വിമാനം കത്തിനശിച്ച സംഭവത്തില്‍ പൈലറ്റുമാര്‍ പിടിയില്‍

മദ്യപിച്ച് വിമാനം പറത്തി; ലിബിയയില്‍ ലാന്‍ഡിംഗിനിടെ വിമാനം കത്തിനശിച്ച സംഭവത്തില്‍ പൈലറ്റുമാര്‍ പിടിയില്‍

6
0

Source :- SIRAJLIVE NEWS

ട്രിപ്പോളി| ലാന്‍ഡിംഗിനിടെ സ്വകാര്യ ജെറ്റ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അഗ്‌നിക്കിരയായ സംഭവത്തില്‍ രണ്ട് പൈലറ്റുമാര്‍ അറസ്റ്റില്‍. ലിബിയയിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ മിസ്രാത്ത രാജ്യന്തര വിമാനത്താവളത്തിലായിരുന്നു സംഭവം.

വിമാനം ഓടിച്ചിരുന്ന പൈലറ്റും കോ-പൈലറ്റും മദ്യപിച്ചിരുന്നതായി പ്രാദേശിക പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്ന് ലിബിയയിലേക്കുള്ള വി ഐ പി യാത്രക്കാരെ കൂട്ടിക്കൊണ്ടുവരുന്നതിനായി യാത്രക്കാരില്ലാതെ പറന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി കത്തുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന ജര്‍മ്മന്‍ ക്യാപ്റ്റന്‍, തുര്‍ക്കിഷ് കോ-പൈലറ്റ്, ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് എന്നിവര്‍പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. എന്നാല്‍ തീപിടുത്തത്തില്‍ വിമാനത്തിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. പൈലറ്റുമാര്‍ മദ്യപിച്ചിരുന്നതായി തെളിയിക്കുന്ന കൃത്യമായ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചു.

അതേസമയം, മദ്യപിച്ചെന്ന ആരോപണം വിമാനം മാനേജ് ചെയ്യുന്ന തുര്‍ക്കിഷ് കമ്പനിയായ ബി കെ എന്‍ ജെറ്റ് ഏവിയേഷന്‍ നിഷേധിച്ചു. ഇതുവരെ ഔദ്യോഗിക രേഖകളോ പരിശോധനാ ഫലങ്ങളോ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlights: Two pilots were arrested after a private jet veered off the runway and caught fire at Misrata International Airport in Libya. Authorities confirmed the German captain and Turkish co-pilot were flying intoxicated on a flight from Istanbul intended to transport VIPs. All three crew members survived the crash, while the operating company denied the drunkenness allegations as investigations continue.