Home rss business malayalam മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി മൂന്നാം പതിപ്പിന് തുടക്കം; ഇനി 5 കോടി രൂപ വരെ...

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി മൂന്നാം പതിപ്പിന് തുടക്കം; ഇനി 5 കോടി രൂപ വരെ വായ്പ

7
0

Source :- EVARTHA NEWS

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) മുഖേന വ്യവസായ സംരംഭകർക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ (CMEDP) മൂന്നാം പതിപ്പിന് തുടക്കമായി. തിരുവനന്തപുരം തൈക്കാടുള്ള ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യുകയും ഗുണഭോക്താക്കൾക്കുള്ള ആദ്യ വായ്പ വിതരണം നിർവഹിക്കുകയും ചെയ്തു.

സംരംഭകരെ ശാക്തീകരിക്കുക, സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ (MSME) മേഖലയെ ശക്തിപ്പെടുത്തുക, സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് നവീകരിച്ച പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ, കെ.എഫ്.സിയെ രാജ്യത്തെ ഏറ്റവും മികച്ച ധനകാര്യ സ്ഥാപനങ്ങളിലൊന്നാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി. പദ്ധതിയിലൂടെ 6 ശതമാനം വാർഷിക പലിശനിരക്കിൽ ലഭിച്ചിരുന്ന പരമാവധി വായ്പാ തുക 2 കോടി രൂപയിൽ നിന്ന് 5 കോടി രൂപയായി ഉയർത്തിയതായി അദ്ദേഹം അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി മുഖ്യ പ്രൊമോട്ടറുടെ പ്രായപരിധിയും 50 വയസിൽ നിന്ന് 60 വയസായി വർധിപ്പിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാരുടെ അനുഭവപരിചയം സാമ്പത്തിക വളർച്ചയ്ക്ക് പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റമെന്നും അദ്ദേഹം പറഞ്ഞു. സിൽവർ എക്കോണമിയെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ പ്രത്യേക സീനിയർ സിറ്റിസൺ വകുപ്പ് രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ പരമാവധി വായ്പാ പരിധി 50 കോടി രൂപയിൽ നിന്ന് 100 കോടി രൂപയായി വർധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. നിലവിൽ മികച്ച ലാഭത്തിൽ പ്രവർത്തിക്കുന്ന കെ.എഫ്.സിയുടെ വായ്പാ ആസ്തി ഈ സാമ്പത്തിക വർഷാവസാനത്തോടെ 9,080 കോടി രൂപയിൽ നിന്ന് 10,000 കോടി രൂപയായി ഉയർത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ നിക്ഷേപ സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുകയാണെന്നും നിരവധി നിക്ഷേപകർ സംസ്ഥാനത്തേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതുമയാർന്ന ആശയങ്ങളുമായി മുന്നോട്ടുവരുന്ന യുവ സംരംഭകർക്ക് കൂടുതൽ പിന്തുണ നൽകുന്ന പദ്ധതികൾ ഭാവിയിലും നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ, ദേവസ്വം, കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ. മുരളീധരൻ, വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങൾ കുറയുന്ന സാഹചര്യത്തിൽ കേരളത്തിൽ തന്നെ തൊഴിൽ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പറഞ്ഞു. ഉയർന്ന പലിശനിരക്കുകൾ ഈടാക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്കിടയിൽ 6 ശതമാനം പലിശനിരക്കിൽ വ്യവസായ വായ്പ ലഭ്യമാക്കുന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യാതിഥിയായ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ, കെ.എസ്.ആർ.ടി.സിയുടെ വളർച്ചയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും കെ.എഫ്.സി നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് പറഞ്ഞു. കെ.എഫ്.സി നൽകിയ വായ്പാ പിന്തുണയാണ് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങിൽ കെ.എഫ്.സിയുടെ വിവിധ വിഭാഗങ്ങളിലെ മികച്ച സംരംഭകർക്കുള്ള പ്ലാറ്റിനം, ഗോൾഡ്, സിൽവർ, പിങ്ക് കാർഡുകളുടെ വിതരണവും നടത്തി. കെ.എഫ്.സി മാനേജിംഗ് ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി ഡോ. രത്തൻ യു. കേൽക്കർ ഐ.എ.എസ്, കോർപ്പറേഷൻ കൗൺസിലർ കെ.ആർ. ക്ലീറ്റസ് എന്നിവരും പങ്കെടുത്തു. കെ.എഫ്.സി ജനറൽ മാനേജർ രഞ്ജിത് കുമാർ ഇ.ആർ നന്ദി രേഖപ്പെടുത്തി.