Home rss national malayalam പുതിയ വാർത്ത മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവം:ചേന്തി അനിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവം:ചേന്തി അനിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം|കഴക്കൂട്ടത്ത് മുഖ്യമന്ത്രി വിഡി സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് ഡിസിസി അംഗം ചേന്തി അനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം ഡിസിസി അധ്യക്ഷന്‍ എന്‍ ശക്തനാണ് നടപടിയെടുത്തത്. കോണ്‍ഗ്രസ് അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിലും മുഖ്യമന്ത്രിയോട് മോശമായി പെരുമാറിയതിലും പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധമുള്ള നേതാവാണ് ചേന്തി അനിലെങ്കിലും ഇത്തരം തെറ്റായ നടപടികളെ പിന്തുണയ്ക്കില്ലെന്ന നിലപാടാണ് ചെന്നിത്തലയുടെ ഓഫീസും സ്വീകരിച്ചത്.

ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്ള ആളാണെന്നും വാഹനം തടഞ്ഞത് മുഖ്യമന്ത്രിയെ തടയണമെന്ന ഉദ്ദേശ്യത്തോടെയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിക്കെതിരെ ശ്രീകാര്യം, തുമ്പ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ചേന്തി അനിലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്യായമായി തടഞ്ഞുനിര്‍ത്തല്‍, ഭീഷണിപ്പെടുത്തല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. ഇന്നലെ അര്‍ധരാത്രിയാണ് അനിലിനെ ശ്രീകാര്യം പോലീസ് കസ്റ്റഡിയിലെടുത്തത്. ചെമ്പഴന്തിയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹമാണ് തടഞ്ഞത്.അതേസമയം, പാര്‍ട്ടിയിലെ ഗ്രൂപ്പ് തര്‍ക്കത്തിന്റെ ഭാഗമായാണ് അറസ്റ്റ് എന്ന് ചേന്തി അനില്‍ പ്രതികരിച്ചു.

മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ലെന്ന് ചേന്തി അനില്‍ പറഞ്ഞു. വാഹനവ്യൂഹത്തിനായി കൈകാണിച്ചപ്പോള്‍ പുറത്തിറങ്ങി, മുഖ്യമന്ത്രി ക്ഷുഭിതനായി സംസാരിക്കുകയായിരുന്നെന്ന് അനില്‍ പറഞ്ഞു. ചേന്തിയിലെ ചതയ ദിന പരിപാടിയില്‍ പങ്കെടുക്കുമെന്ന് മാസങ്ങള്‍ക്കു മുമ്പ് മുഖ്യമന്ത്രി വി ഡി സതീശന്‍ സമ്മതിച്ചതാണെന്നാണ് ചേന്തി അനില്‍ അവകാശപ്പെടുന്നത്. അവസാന നിമിഷം വരെ അദ്ദേഹം വരുമെന്ന് പറഞ്ഞു. ഇന്നലെ പോലീസ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി. എന്നാല്‍ ഉള്ളൂരില്‍ കല്യാണ വീട്ടില്‍ എത്തിയ മുഖ്യമന്ത്രി തങ്ങളുടെ പരിപാടിക്ക് എത്തിയില്ലെന്നും ചേന്തി അനില്‍ പറയുന്നു.

ചേന്തിയിലെ ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാതെ ചെമ്പഴന്തിയിലെ ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പോകുമ്പോള്‍, ചേന്തിയിലെ പരിപാടിയിലെ സംഘാടകരായ അനിലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മുഖ്യമന്ത്രിയുടെ വാഹനം കൈകാണിച്ചു നിര്‍ത്തിയ ശേഷം മോശമായി പെരുമാറി എന്നാണ് ആരോപണം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ ലിസ്റ്റില്‍ ചേന്തിയിലെ പ്രോഗ്രാം ഉണ്ടായിരുന്നില്ല.മുഖ്യമന്ത്രിയോട് മോശമായി പെരുമാറിയതിന് സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്ഐയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Content Highlights:
Congress suspended DCC member Chenthi Anil for blocking CM VD Satheesan’s convoy in Kazhakkoottam. KPCC president instructed DCC president N Shakthan to take disciplinary action. Anil was earlier arrested by Sreekaryam police for obstructing official duty and misbehaving with the Chief Minister.