Source :- SIRAJLIVE NEWS
ഈ മാസം 15 മുതല്‍ “മൈ പോലീസ് സ്റ്റേഷന്‍’ പദ്ധതി വരികയാണ് സംസ്ഥാനത്ത്. സ്റ്റേഷനുകളില്‍ എത്തുന്ന ഓരോ വ്യക്തിയുടെയും അന്തസ്സ് മാനിച്ച് സമയബന്ധിതമായി സേവനം നല്‍കി അവരുടെ സംതൃപ്തി ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറയുന്നു. കസ്റ്റഡി മരണങ്ങള്‍ക്ക് അറുതി വരുത്തുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി സി ഐമാര്‍ക്ക് പകരം എസ് ഐമാര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ് എച്ച് ഒ) ചുമതല നല്‍കും.
സ്വാഗതാര്‍ഹമായ നീക്കം. അതേസമയം ഇതാദ്യമല്ല പോലീസിനെ ജനകീയമാക്കി മാറ്റാനുള്ള നടപടികളും പദ്ധതികളും. “മൈ പോലീസ് സ്റ്റേഷന്‍’ വിഭാവനം ചെയ്യുന്ന അതേ ലക്ഷ്യങ്ങളോടെ നടപ്പാക്കിയതായിരുന്നു നേരത്തേ ജനമൈത്രി പോലീസ് സ്റ്റേഷന്‍ പദ്ധതി. പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് 2006ല്‍ അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് പ്രസ്തുത പദ്ധതി നടപ്പാക്കിയത്. എന്നാല്‍ അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നടപ്പാകാതെ പോയി.
പ്രൊഫഷനല്‍ രംഗത്ത് മികച്ച നിലവാരമുണ്ട് കേരള പോലീസിന്. ശാസ്ത്രീയ മാര്‍ഗങ്ങളും ആധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ ഉയര്‍ന്ന മികവാണ് കേരള പോലീസ് പുലര്‍ത്തുന്നത്. ഉത്ര വധക്കേസ് പോലുള്ള സങ്കീര്‍ണ കേസുകളില്‍ ഡി എന്‍ എ പരിശോധന, പോളിഗ്രാഫ് ടെസ്റ്റ്, സൈബര്‍ ഇന്‍വെസ്റ്റിഗേഷന്‍ തുടങ്ങിയ നൂതന സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി വേഗത്തില്‍ സത്യം കണ്ടെത്താന്‍ സേനക്ക് സാധിച്ചു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും രാജ്യത്തിനു മാതൃകയാണ് കേരള പോലീസ്. അതേസമയം സ്റ്റേഷനുകളിലെത്തുന്ന സാധാരണക്കാരോട് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അസഹിഷ്ണുത, കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലെ കാലതാമസം, സ്വാധീനമുള്ളവരോടും സാധാരണക്കാരോടും വ്യത്യസ്ത സമീപനം, കസ്റ്റഡി പീഡനങ്ങള്‍ തുടങ്ങി പോലീസിന്റെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള പരാതികള്‍ക്ക് ഇന്നും കുറവില്ലെന്നു മാത്രമല്ല വര്‍ധിച്ചു വരികയാണ്. ആശങ്കയോടെയും ഭയത്തോടെയുമാണ് സാധാരണക്കാര്‍ പോലീസ് സ്റ്റേഷനുകളില്‍ കയറിച്ചെല്ലുന്നത്.
കൊളോണിയല്‍ ഭരണകാലത്ത് ജനങ്ങളെ ഭയപ്പെടുത്തി അടക്കി നിര്‍ത്താന്‍ രൂപവത്കരിച്ച ഈ സംവിധാനത്തിന്റെ അന്നത്തെ മോശം ശേഷിപ്പുകള്‍ ഇന്നും പല ഉദ്യോഗസ്ഥരുടെ ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും പ്രകടമാകുന്നു. ഇതിനു മാറ്റം വരാത്ത കാലത്തോളം പോലീസിനെ ജനകീയമാക്കാനുള്ള പദ്ധതികള്‍ വിജയിക്കില്ല. പരാതി പറയാനോ എന്തെങ്കിലും അന്വേഷണങ്ങള്‍ക്കോ പോലീസ് സ്റ്റേഷനിലെത്തുന്ന ഒരു വ്യക്തിക്ക് ആദ്യം സംശയത്തിന്റെ നോട്ടമല്ല, സുരക്ഷിത ബോധമാണ് ലഭ്യമാകേണ്ടത്. പരാതി പറയാന്‍ വരുന്നയാളെ കുറ്റവാളിയെ പോലെ ചോദ്യം ചെയ്യുന്ന സമീപനം മാറണം. ഒരു പരാതിക്കാരന് പലതവണ സ്റ്റേഷനില്‍ കയറിയിറങ്ങേണ്ട സാഹചര്യവും ഉണ്ടാകരുത്.
ജനമൈത്രി പോലീസ് പദ്ധതി ആരംഭിച്ചപ്പോള്‍ സമൂഹത്തിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു. ബീറ്റ് ഓഫീസര്‍മാര്‍ നാട്ടുകാരുമായി നല്ല ബന്ധം സ്ഥാപിച്ചതുള്‍പ്പെടെ ചിലയിടങ്ങളില്‍ അതിന്റെ നല്ല ഫലങ്ങളും കണ്ടു. ക്രമേണ ഈ പദ്ധതിയുടെ തുടര്‍പരിപാലനം ദുര്‍ബലമായി. അവലോകനങ്ങളും വിലയിരുത്തലുകളും പൊതുജനാഭിപ്രായ സര്‍വേകളും കുറഞ്ഞു. മിക്ക സ്ഥലങ്ങളിലും പദ്ധതി ഫയലില്‍ മാത്രം ഒതുങ്ങി. ക്രമസമാധാനപാലന, കേസ് അന്വേഷണ തിരക്കുകള്‍ക്കിടയില്‍ ജനമൈത്രി പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കാന്‍ സ്റ്റേഷനില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥയാണ്. ആവശ്യമായ മനുഷ്യവിഭവ ശേഷിയും ഭൗതിക സാഹചര്യങ്ങളും സജ്ജമാക്കി വേണം ഇത്തരം പദ്ധതികള്‍ പ്രഖ്യാപിക്കാന്‍.
“മൈ പോലീസ് സ്റ്റേഷന്‍ പദ്ധതി’ക്ക് “ജനമൈത്രി പോലീസി’ന്റെ ഗതി വരാതിരിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ഉറപ്പാക്കേണ്ടതുണ്ട്. പദ്ധതിക്ക് വ്യക്തമായ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ വേണം. ഓരോ പോലീസ് സ്റ്റേഷനും എന്തൊക്കെ സേവനങ്ങള്‍ എത്ര സമയത്തിനകം നല്‍കണമെന്നതു സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയാവുന്ന വിധത്തില്‍ പ്രസിദ്ധീകരിക്കണം. ഓരോ സ്റ്റേഷന്റെയും പ്രവര്‍ത്തനം നിശ്ചിത ഇടവേളകളില്‍ വിലയിരുത്തുകയും വേണം. ഇത് വകുപ്പുതലത്തില്‍ ഒതുങ്ങരുത്.
പൊതുജനാഭിപ്രായവും തേടണം. സേവനം ലഭിച്ച ആളുകളില്‍ നിന്ന് പ്രതികരണങ്ങള്‍ ശേഖരിക്കുകയും തദടിസ്ഥാനത്തില്‍ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും വേണം. ഒരു പദ്ധതിയുടെ വിജയം സര്‍ക്കാറിന്റെ അവകാശവാദത്തിലല്ല, ജനങ്ങള്‍ അതിന്റെ ഗുണഫലം അനുഭവിക്കുന്നുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കേണ്ടത്. നിയമവും നീതിയും എല്ലാവര്‍ക്കും തുല്യമാണെന്ന ബോധ്യം ജനങ്ങളില്‍ സൃഷ്ടിക്കാന്‍ സഹായകമാകണം പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍.
പോലീസ് പരിശീലനത്തില്‍ പെരുമാറ്റച്ചട്ടത്തിനും മനുഷ്യാവകാശ ബോധത്തിനും കൂടുതല്‍ പ്രാമുഖ്യം നല്‍കേണ്ടത് അനിവാര്യമാണ്. നിയമം നടപ്പാക്കാനുള്ള അധികാരം മാത്രമല്ല, ആളുകളോട് സഹാനുഭൂതിയോടെ പെരുമാറാനുള്ള കഴിവും വേണം ഉദ്യോഗസ്ഥര്‍ക്ക്. എല്ലാ സ്‌റ്റേഷനുകളിലും പൊതുജനങ്ങളുമായി ഇടപഴകുന്ന ഇടങ്ങളില്‍ സി സി ടി വി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തേണ്ടതുമുണ്ട്. പൊതുജനത്തിന്റെ മാത്രമല്ല, പോലീസിന്റെ സുരക്ഷക്കും ഇതാവശ്യമാണ്.
അമിത ജോലിഭാരത്തെക്കുറിച്ച് സേനാംഗങ്ങളില്‍ നിന്ന് പലപ്പോഴും പരാതി ഉയരാറുണ്ട്. ഇതിന് പരിഹാരം കാണുകയും സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുകയും വേണം. വിശ്രമമില്ലാതെ അമിത ജോലിഭാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് മികച്ച പൊതുസേവനം പ്രതീക്ഷിക്കാവുന്നതല്ല. സേനാംഗങ്ങള്‍ക്ക് മാനുഷികമായ തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കിയെങ്കിലേ ജനകീയ പോലീസ് പിറവിയെടുക്കുകയുള്ളൂ.
Content Highlights:
Kerala launches the My Police Station project from the 15th to provide timely services and curb custody deaths. SIs will replace CIs as Station House Officers. The editorial stresses behavioral change, human rights awareness, better working conditions, and properly functioning CCTV cameras.



