Source :- SIRAJLIVE NEWS

ദുബൈ | യു എ ഇയില്‍ കടുത്ത വേനല്‍ച്ചൂടില്‍ നിന്ന് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള വാര്‍ഷിക ഉച്ചസമയ വിശ്രമ നിയമം ഈ മാസം 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മാനവവിഭവശേഷി ഇമാറാത്തിവത്കരണ മന്ത്രാലയം അറിയിച്ചു. ഇതനുസരിച്ച് സെപ്തംബര്‍ 15 വരെയുള്ള മൂന്ന് മാസക്കാലം ഉച്ചക്ക് 12.30 മുതല്‍ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന തുറസ്സായ സ്ഥലങ്ങളിലെ ജോലിക്ക് പൂര്‍ണ നിരോധനമായിരിക്കും. തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഒരുക്കുന്നതിനും ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതിനുമായി രാജ്യം തുടര്‍ച്ചയായ 22-ാം വര്‍ഷമാണ് ഈ നിയമം നടപ്പിലാക്കുന്നത്.

നിയമപ്രകാരം നിയന്ത്രണമുള്ള സമയങ്ങളില്‍ തൊഴിലാളികള്‍ക്ക് വിശ്രമിക്കുന്നതിനായി കമ്പനികള്‍ തണലുള്ള പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കണം. കൂടാതെ ഫാനുകള്‍ ഉള്‍പ്പെടെയുള്ള തണുപ്പിക്കല്‍ സംവിധാനങ്ങള്‍, ആവശ്യത്തിന് കുടിവെള്ളം, മറ്റ് നിര്‍ജലീകരണ പ്രതിരോധ പാനീയങ്ങള്‍ എന്നിവയും തൊഴിലുടമകള്‍ നിര്‍ബന്ധമായും ലഭ്യമാക്കേണ്ടതുണ്ട്. നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ചട്ടം ലംഘിച്ച് ജോലി ചെയ്യിപ്പിക്കുന്ന ഓരോ തൊഴിലാളിക്കും 5,000 ദിര്‍ഹം വീതവും ഒന്നിലധികം തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കേസുകളില്‍ പരമാവധി 50,000 ദിര്‍ഹം വരെയും പിഴ ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

അതേസമയം, സാങ്കേതിക കാരണങ്ങളാല്‍ നിര്‍ത്തിവെക്കാന്‍ സാധിക്കാത്ത അടിയന്തര ജോലികളെ ഈ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിര്‍ദിഷ്ട സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട റോഡ് ടാറിംഗ്, കോണ്‍ക്രീറ്റ് വാര്‍പ്പ് എന്നിവയും കുടിവെള്ളം, വൈദ്യുതി വിതരണം, തടസ്സമില്ലാത്ത ഗതാഗതം എന്നിവ പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തര അറ്റകുറ്റപ്പണികളും ഇതില്‍ ഉള്‍പ്പെടും. പൊതുജന ജീവിതത്തെ ബാധിക്കുന്നതിനാല്‍ പ്രത്യേക സര്‍ക്കാര്‍ അനുമതിയോടെ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇളവുണ്ടാകും. കഴിഞ്ഞ വര്‍ഷത്തെ ക്യാമ്പയിനില്‍ രാജ്യത്തെ 99 ശതമാനം കമ്പനികളും നിയമം കൃത്യമായി പാലിച്ചതായും ഡെലിവറി ജീവനക്കാര്‍ക്കായി രാജ്യത്തുടനീളം 10,000 എയര്‍കണ്ടീഷന്‍ ചെയ്ത വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നതായും മന്ത്രാലയം വ്യക്തമാക്കി.