Home rss national malayalam പുതിയ വാർത്ത യു എ ഇയും ഇറാനും നയതന്ത്ര സൗഹൃദത്തിലേക്ക്

യു എ ഇയും ഇറാനും നയതന്ത്ര സൗഹൃദത്തിലേക്ക്

6
0

Source :- SIRAJLIVE NEWS

ബ്രിക്സ് ഉച്ചകോടി വേദിയിലെ ശ്രദ്ധേയമായ സംഭവമായിരുന്നു യു എ ഇ- ഇറാന്‍ സമാധാന ചര്‍ച്ച. പശ്ചിമേഷ്യയില്‍ യുദ്ധതീപ്പൊരി പടരുന്ന ഘട്ടത്തില്‍ യു എ ഇ കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദും ഇറാന്‍ പ്രസിഡന്റ്മസൂദ് പെസഷ്‌കിയാനും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ച അന്താരാഷ്ട്ര സമൂഹം പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള അകല്‍ച്ച അവസാനിക്കുന്നതിന്റെ സൂചനയായാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്. പഴയതെല്ലാം മറന്ന് ഭാവിയിലേക്ക് നോക്കി ഒരുമിച്ചു പോകാന്‍ ധാരണയിലെത്തിയതായി ചര്‍ച്ചക്ക് പിന്നാലെ ഇറാന്‍ പ്രസിഡന്റ്പ്രസ്താവിക്കുകയും ചെയ്തു. മേഖലയിലെ വികസനത്തിനും ജനക്ഷേമത്തിനും സുസ്ഥിരമായ സമാധാനാന്തരീക്ഷം അനിവാര്യമാണെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. സൈനിക നീക്കങ്ങള്‍ക്ക് പകരം നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതാക്കള്‍ പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു.

യു എ ഇയും ഇറാനും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ വ്യാപാരാധിഷ്ഠിതമായ ചരിത്ര പശ്ചാത്തലമുണ്ടെങ്കിലും കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ബന്ധം അത്ര സുഖകരമല്ല. 1971ല്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ പിന്മാറ്റത്തിനു തൊട്ടുമുമ്പ് ഹോര്‍മുസ് കടലിടുക്കിലെ അബൂമൂസ, ഗ്രേറ്റര്‍ ത്വുന്ബ്, ലെസ്സര്‍ ത്വുന്ബ് തുടങ്ങി തന്ത്രപ്രധാനമായ ദ്വീപുകളുടെ മേല്‍ ഇറാന്‍ ആധിപത്യം സ്ഥാപിച്ചതിനെ തുടര്‍ന്നാണ് ഭിന്നത ഉടലെടുത്തത്. യു എ ഇ തങ്ങളുടെ പരമാധികാര രാഷ്ട്രത്തിന്റെ ഭാഗമായി അവകാശപ്പെടുന്നതാണ് ഈ മൂന്ന് ദ്വീപുകളും. ഇറാന്റെ ആണവ പരിപാടിയും പാശ്ചാത്യന്‍ രാജ്യങ്ങളുടെ സമ്മര്‍ദവും 1979ലെ ‘ഇസ്ലാമിക’ വിപ്ലവത്തിനു ശേഷം പശ്ചിമേഷ്യയില്‍ സ്വാധീനം ഉറപ്പിക്കാന്‍ ഇറാന്‍ നടത്തുന്ന ശ്രമങ്ങളും അകല്‍ച്ച വര്‍ധിപ്പിച്ചു. 2020ല്‍ ഇസ്റാഈലുമായി യു എ ഇ ഒപ്പുവെച്ച അബ്രഹാം ഉടമ്പടി ഇറാനെ പ്രകോപിപ്പിക്കുകയും മേഖലയിലെ സുരക്ഷാ സങ്കല്‍പ്പങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്തു.

തര്‍ക്കങ്ങളും അകല്‍ച്ചയും അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് സാമ്പത്തികമായും സൈനികമായും ഗുണകരമല്ലെന്ന തിരിച്ചറിവ് ഇരുഭാഗത്തുമുണ്ടായിട്ടുണ്ട്. പ്രാദേശികമായ സുരക്ഷക്ക് പരസ്പര സഹകരണം അത്യന്താപേക്ഷിതമാണെന്ന് ബോധ്യമാകുകയും ചെയ്തു. ഇതേതുടര്‍ന്ന് 2022ല്‍ യു എ ഇ തങ്ങളുടെ അംബാസഡറെ തെഹ്റാനിലേക്ക് തിരികെ അയച്ച് നയതന്ത്ര സമവായത്തിന് തുടക്കമിട്ടു. അതിനിടെ ഒരു മാസം മുമ്പ് ഇറാന്റെ ഭാഗത്ത് നിന്ന് സമുദ്ര ഗതാഗതത്തെ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം ഉണ്ടായതോടെ യു എ ഇ ഇറാനുമായുള്ള വ്യാപാര ബന്ധം പൂര്‍ണമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ഈ മിസൈലുകളിലൊന്ന് യു എ ഇയുടെ സമുദ്രാതിര്‍ത്തിയിലാണ് പതിച്ചത്. അതേസമയം മിസൈല്‍ വിക്ഷേപിച്ചത് തങ്ങളല്ലെന്നാണ് ഇറാന്‍ പറയുന്നത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കാന്‍ ഇസ്റാഈലോ അമേരിക്കയോ പ്രയോഗിച്ച തന്ത്രമായിരിക്കാം.

യു എ ഇയും ഇറാനും തമ്മിലുള്ള ബന്ധത്തില്‍ പുതിയൊരു അധ്യായം തുറക്കണമെങ്കില്‍ കേവല കൂടിക്കാഴ്ചക്കും സമാധാന പ്രസ്താവനകള്‍ക്കുമപ്പുറം പരസ്പര വിശ്വാസവും രാഷ്ട്രീയ ഇച്ഛാശക്തിയും ആവശ്യമാണ്. നയതന്ത്ര പ്രതിനിധികള്‍ക്കിടയിലെ ആശയവിനിമയം ശക്തിപ്പെടുത്തുകയും ഉന്നതതല ചര്‍ച്ചകള്‍ തുടരുകയും വേണം. അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കുമ്പോള്‍ പെട്ടെന്ന് ഏതെങ്കിലും മേഖലയില്‍ ബന്ധങ്ങള്‍ വിഛേദിക്കുന്നതിനു പകരം തുറന്ന ആശയവിനിമയത്തിലൂടെ അത് പരിഹരിക്കാനുള്ള വിശാലമനസ്‌കത പ്രകടിപ്പിക്കുകയും വേണം. സാമ്പത്തിക സഹകരണവും വര്‍ധിപ്പിക്കേണ്ടതുണ്ട്. സാമ്പത്തിക ബന്ധങ്ങള്‍ ശക്തമാകുന്നത് രാഷ്ട്രീയ ബന്ധങ്ങളിലെ സ്ഥിരതക്ക് വഴിയൊരുക്കും. ലോകത്തെ സുപ്രധാന എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഇരുരാജ്യങ്ങള്‍ക്കും ഒരു പോലെ നിര്‍ണായകമാണ്. ഈ പാതയില്‍ സംഘര്‍ഷം ഒഴിവാകുന്നത് ഇന്ധനവിലക്കയറ്റം പിടിച്ചു നിര്‍ത്തുകയും ആഗോളവിപണിക്ക് സ്ഥിരത നല്‍കുകയും ചെയ്യും. യമന്‍, സിറിയ, ലബനാന്‍ തുടങ്ങി പശ്ചിമേഷ്യയിലെ മറ്റു സംഘര്‍ഷ പ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഈ ഉഭയകക്ഷി ബന്ധം ഉത്തേജനമായേക്കും.

ഇതോടൊപ്പം പാശ്ചാത്യ ശക്തികളില്‍ നിന്നുള്ള സാമ്പത്തികവും രാഷ്ട്രീയവുമായ സമ്മര്‍ദങ്ങളെ അതിജീവിക്കാനുള്ള നയതന്ത്ര ആര്‍ജവം കൂടി പ്രകടിപ്പിക്കേണ്ടതുണ്ട്. പശ്ചിമേഷ്യയില്‍ ഇറാന്റെ സ്വാധീനം വര്‍ധിക്കുന്നതിലും മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ തെഹ്റാനുമായി നയതന്ത്ര- വ്യാപാര സൗഹൃദത്തിലാകുന്നതിലും അമേരിക്കയുള്‍പ്പെടെ പാശ്ചാത്യ ശക്തികള്‍ക്ക് കടുത്ത എതിര്‍പ്പാണ്. ഉപരോധം മൂലമുള്ള പ്രതിസന്ധി തരണം ചെയ്യാന്‍ ഇറാനും പാശ്ചാത്യ സഖ്യങ്ങള്‍ക്കിടയിലും സ്വന്തം പ്രാദേശിക- സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ യു എ ഇക്കും ഇത് സഹായകമാകുമെന്ന് പടിഞ്ഞാറന്‍ ശക്തികള്‍ ആശങ്കിക്കുന്നു. പുറമെ നിന്നുള്ള രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കും ഉപരോധ ഭീഷണികള്‍ക്കും വഴങ്ങാതെ സമാധാനശ്രമവുമായി മുന്നോട്ടു പോകാനുള്ള ഇരുരാജ്യങ്ങളുടെയും നിശ്ചയദാര്‍ഢ്യമായിരിക്കും ഈ ബന്ധത്തിന്റെ ഭാവി നിര്‍ണയിക്കുക.

പശ്ചിമേഷ്യന്‍ സുരക്ഷ, ആ മേഖലയിലെ രാജ്യങ്ങളുടെയും ജനങ്ങളുടെയും മാത്രം ആവശ്യകതയല്ല, ആഗോള സമൂഹത്തിന്റേതു കൂടിയാണ്. ആഗോള സാമ്പത്തിക സ്ഥിരത, ഇന്ത്യന്‍ ദേശീയ താത്പര്യങ്ങള്‍, പ്രവാസി സമൂഹങ്ങളുടെ തൊഴില്‍ സുരക്ഷ എന്നിവയെ കൂടി ബാധിക്കുന്നതാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം. എണ്ണ വിലയിലെ ചാഞ്ചാട്ടം, അന്താരാഷ്ട്ര വ്യാപാര പാതയിലെ തടസ്സങ്ങള്‍, നിക്ഷേപ മേഖലയിലെ അനിശ്ചിതത്വം എന്നിവ ഇന്ത്യയുടെ സമ്പദ്്വ്യവസ്ഥയെ സാരമായി ബാധിക്കും. അതിലുപരി ഗള്‍ഫ് രാജ്യങ്ങളിലെ ലക്ഷക്കണക്കിനു ഇന്ത്യക്കാരുടെ ജീവിതവും കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയും പശ്ചിമേഷ്യന്‍ സമാധാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.