Source :- SIRAJLIVE NEWS
ദുബൈ | രാജ്യത്ത് പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന രീതിയിൽ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ ചരിത്രപരമായ മാറ്റം ഉടൻ പ്രഖ്യാപിക്കുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. അടുത്ത മാസം നടക്കുന്ന വൻകിട പരിപാടിയിലൂടെയായിരിക്കും ഈ നിർണായക പ്രഖ്യാപനം നടത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
കൺസൾട്ടിങ് ഗ്രൂപ്പായ ബി സി ജി നടത്തിയ ആഗോള സർവേ പ്രകാരം സർക്കാർ ഡിജിറ്റൽ സേവനങ്ങളിലെ ഉപഭോക്തൃ സംതൃപ്തിയിൽ യു എ ഇ ലോകത്ത് ഒന്നാം സ്ഥാനത്താണെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ആഗോള തലത്തിലെ പൊതുപ്രവണതകൾക്ക് വിപരീതമായി, സ്വകാര്യ മേഖല നൽകുന്ന ഡിജിറ്റൽ സേവനങ്ങളേക്കാൾ മികച്ചതാണ് യു എ ഇ സർക്കാരിന്റെ സേവനങ്ങളെന്ന് 75 ശതമാനത്തിലധികം ആളുകൾ വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു.
സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി അത്യാധുനിക എ ഐ സാങ്കേതികവിദ്യകൾ യു എ ഇ അതിവേഗം നടപ്പിലാക്കി വരികയാണ്. രണ്ട് വർഷത്തിനകം പകുതിയോളം സർക്കാർ സേവനങ്ങളും “എ ഐ ഏജന്റുകൾ’ വഴിയാക്കുമെന്ന് ഈ വർഷം ആദ്യം ശൈഖ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ആഗസ്റ്റിൽ ഏജന്റിക് എ ഐ അടിസ്ഥാനമാക്കിയുള്ള ഏകീകൃത സർവീസ് മാർഗരേഖ യു എ ഇ പുറത്തിറക്കി.
നേരത്തെ നൽകിയ വിവരങ്ങൾ ഉപഭോക്താക്കളോട് വീണ്ടും ആവശ്യപ്പെടാതിരിക്കുക, ഓരോ ഘട്ടത്തിലും വിവരങ്ങൾ കൃത്യമായി അറിയിക്കുക, വ്യക്തിഗത സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുക തുടങ്ങിയ കർശന ചട്ടങ്ങളാണ് ഇതിലുള്ളത്. സേവന നടപടിക്രമങ്ങൾ ലളിതമാക്കാൻ ധനകാര്യ മന്ത്രാലയം ഉൾപ്പെടെയുള്ള വകുപ്പുകൾ ഈ സംവിധാനം വിപുലമായി നടപ്പാക്കി വരികയാണ്.
Content Highlights: UAE Vice President and Prime Minister Sheikh Mohammed bin Rashid Al Maktoum announced a major historic change in government services next month. He highlighted that the UAE ranked first globally in customer satisfaction for digital government services according to a new BCG survey.




