Source :- SIRAJLIVE NEWS
തിരുവനന്തപുരം | സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബില്ല് നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ‘മുതിർന്ന പൗരന്മാരുടെ (പരിചരണവും അവകാശ സംരക്ഷണവും) ബില്ല്, പ്രായമായവർക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് കടുത്ത ശിക്ഷാനടപടികളാണ് വ്യവസ്ഥ ചെയ്യുന്നത്.
വയോജനങ്ങളെ വീട്ടുകാർ ഉപേക്ഷിച്ചാൽ മൂന്ന് വർഷം വരെ തടവും 50,000 രൂപ പിഴയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഉപേക്ഷിക്കണമെന്ന ലക്ഷ്യത്തോടെ മക്കൾ അടക്കമുള്ള കുടുംബാംഗങ്ങൾ, നിയമപരമായ അവകാശികൾ എന്നിവർ പരിചരണ കേന്ദ്രത്തിലോ മറ്റേതെങ്കിലും സ്ഥലത്തോ മുതിർന്നവരെ അവരുടെ അനുമതിയില്ലാതെ എത്തിക്കുന്നതും കുറ്റകരവും ശിക്ഷാർഹവുമാണ്. പ്രതിപക്ഷ അംഗം എൻ കെ അക്ബർ ഉന്നയിച്ച ക്രമപ്രശ്നങ്ങൾ തള്ളി, ബില്ല് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു.
മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രത്യേക “സംസ്ഥാന കരുതൽ നിധി’യുണ്ടാക്കാനും ബില്ലിൽ നിർദേശമുണ്ട്. കുടുംബാംഗങ്ങളോ ബന്ധുക്കളോ പരിചരണ കേന്ദ്രം ജീവനക്കാരോ മുതിർന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ പീഡിപ്പിച്ചാലും ഇതേ ശിക്ഷ അനുഭവിക്കേണ്ടി വരും. പരിചരണ കേന്ദ്രം നടത്തിപ്പുകാർ അന്തേവാസിയുടെ സ്വത്ത് കൈവശപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. രജിസ്ട്രേഷനില്ലാതെ പരിചരണ കേന്ദ്രം നടത്തിയാൽ ഒരു വർഷം വരെ തടവോ 25,000 രൂപ പിഴയോ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരും.
വയോജന നിയമപ്രകാരമുള്ള മുഴുവൻ കുറ്റകൃത്യങ്ങളുടെയും വിചാരണ ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നടത്താൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കാൻ സംസ്ഥാന- ജില്ലാതല മേൽനോട്ട സംവിധാനങ്ങളും വയോജന ക്ഷേമ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ തിരുവനന്തപുരം ആസ്ഥാനമായി സംസ്ഥാന മുതിർന്ന പൗര സംരക്ഷണ യൂനിറ്റും ജില്ലാതലത്തിൽ സംരക്ഷണ ഫോറവും യൂനിറ്റും രൂപവത്കരിക്കുമെന്നും ബില്ലിൽ പറയുന്നു.
പ്രധാന വ്യവസ്ഥകൾ
വയോജനങ്ങൾ സ്വന്തം വീട്ടിൽ സുരക്ഷിതമായി കഴിയുന്നതിന് പ്രാഥമിക പരിഗണന.
മുതിർന്ന പൗരരുടെ പരാതികൾ കൈകാര്യം ചെയ്യുന്നതിന് അസ്സിസ്റ്റന്റ്ഇൻസ്പെക്ടറിൽ കുറയാത്ത ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായി നിയമിക്കും.
വയോജന പരിചരണ കേന്ദ്രങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കും. പരിചരിക്കുന്നവർക്ക് നിശ്ചിത നിലവാരവും നിർബന്ധിത പരിശീലനവും സർട്ടിഫിക്കറ്റും ഉറപ്പാക്കും. കൂടെ താമസിച്ച് പരിചരിക്കുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്.
സൈബർ പോലീസ് സ്റ്റേഷനുകളിൽ മുതിർന്ന പൗര സൈബർ സെൽ, ഏകോപന ഓഫീസർ എന്നിവരെ നിയോഗിക്കും.
ഇൻഷ്വറൻസ്, ദീർഘകാല പരിചരണ പരിരക്ഷ ഉറപ്പാക്കും.
അവകാശികളില്ലാത്ത അന്തേവാസി വിൽപ്പത്രം തയ്യാറാക്കാതെ പരിചരണ കേന്ദ്രത്തിൽ മരിച്ചാൽ സ്വത്ത് സർക്കാറിലേക്ക് മുതൽക്കൂട്ടും.
അൽഷിമേഴ്സ്, ഡിമെൻഷ്യ, പാർക്കിൻസൺസ്, നാഡീരോഗങ്ങൾ എന്നിവക്ക് സർക്കാർ പരിചരണ കേന്ദ്രം.
വിധവകൾക്കും ഭിന്നശേഷിക്കാർക്കും ഉപേക്ഷിക്കപ്പെട്ടവർക്കും അതിക്രമത്തെ അതിജീവിച്ച സ്ത്രീകൾക്കും സർക്കാർ പരിചരണ കേന്ദ്രങ്ങളിൽ അഭയത്തിന് മുൻഗണന.
Content Highlights: The Kerala Assembly has referred the Senior Citizens Welfare and Protection Bill to a subject committee. Introduced in the assembly, the bill proposes up to three years of imprisonment and fines for abandoning elderly family members. It also mandates registration for care homes and establishes a special state reserve fund.




