Home rss national malayalam പുതിയ വാർത്ത വരാനിരിക്കുന്നത് സമരഭരിത ദിവസങ്ങൾ

വരാനിരിക്കുന്നത് സമരഭരിത ദിവസങ്ങൾ

5
0

Source :- SIRAJLIVE NEWS

ഉത്തരേന്ത്യയില്‍ ശൈത്യകാലം ആരംഭിക്കുകയാണെങ്കിലും, തെരുവുകളില്‍ മുദ്രാവാക്യങ്ങളുടെ സമരഭേരിയാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന് ചൂട് പിടിക്കുകയാണ്. രാജ്യം മുഴുവന്‍ അസാമാന്യമായ ഒരു സമരച്ചൂടിലേക്ക് കടക്കുകയാണ്. 2026 ഒക്ടോബര്‍ ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു അടയാളമായി മാറുകയാണ് എന്നുവേണം പറയാന്‍. ഇന്ത്യ മുന്നണിയില്‍ നിന്നുള്ള രാജ്യസഭയിലെയും ലോക്‌സഭയിലെയും മുന്നൂറോളം എം പിമാരാണ് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയത്. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധറാലി അശോക റോഡിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനമാണ് ലക്ഷ്യമിട്ടതെങ്കിലും സന്‍സദ് മാര്‍ഗിലെ ആകാശവാണി നിലയത്തിനടുത്ത് വെച്ച് തടയപ്പെട്ടു.

ജൂലൈയിലെ വിദ്യാര്‍ഥി സമരത്തിന് കണ്ടതിനേക്കാള്‍ വലിയ പോലീസ് സന്നാഹം അവിടെയുണ്ടായിരുന്നു. ഡല്‍ഹി പോലീസിലെ ആയിരക്കണക്കിന് അംഗങ്ങള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വലിയ പട, ആര്‍ എ എഫിന്റെ സന്നാഹങ്ങള്‍, അര്‍ധസൈനികരുടെ സംഘങ്ങള്‍ എന്നിങ്ങനെ വലിയ പ്രതിരോധ കവചമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ എം പിമാരെ നേരിടാന്‍ ഒരുക്കിയത്. എന്നിട്ടും ഓരോ വേളകളിലും ഡല്‍ഹി പോലീസിന്റെ പദ്ധതികള്‍ തോറ്റുകൊണ്ടിരുന്നു. പാര്‍ലിമെന്റ് പരിസരത്തു തന്നെ അവസാനിക്കുന്ന റാലി എന്ന അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി. ട്രാന്‍സ്പോര്‍ട് ഭവനും ആര്‍ ബി ഐയും പ്രസാര്‍ഭാരതിയും പിന്നിട്ട് റാലി മുന്നോട്ടുതന്നെ. രാഹുല്‍ ഗാന്ധിക്കൊപ്പം, അഖിലേഷ് യാദവ്, മഹുവ മൊയ്ത്ര, സുപ്രിയ സുലെ, സഞ്ജയ് റാവത്, ജോണ്‍ ബ്രിട്ടാസ്, എ എ റഹീം തുടങ്ങിയ മറ്റു കക്ഷികളിലെ എം പിമാരും. നീതി അയോഗിനും ആകാശവാണിക്കും കുറുകെയായി സ്ഥാപിച്ച ബാരിക്കേഡുകള്‍ക്ക് മുകളിലേക്ക് കയറി നിന്ന് രാഹുല്‍ ഗാന്ധി ദേശീയ പതാക വീശാന്‍ തുടങ്ങിയതോടെ സമരാവേശം ഉച്ചസ്ഥായിയിലെത്തി.

പിന്നീട് ആകാശവാണിക്കകത്തേക്ക് കയറുന്ന രാഹുല്‍ ഗാന്ധിയെയാണ് കാണുന്നത്. അവിടെയും പോലീസിനെ രാഹുല്‍ ഗാന്ധി ഞെട്ടിച്ചു. ആകാശവാണി നിലയത്തിന് പിറകിലുള്ള മഹാദേവ് റോഡിലേക്കോ കുന്ദന്‍ലാല്‍ സെഗാള്‍ റോഡിലേക്കോ കടന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനമാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്താവിതരണ നിലയത്തിന്റെ വളപ്പില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കെ സി വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി, ദീപേന്ദര്‍ ഹൂഡ, പ്രണിതി ഷിന്‍ഡെ, ഇംറാന്‍ പ്രതാപ്ഗഡി, പവന്‍ ഖേര തുടങ്ങിയ എം പിമാരും സത്യഗ്രഹ സമരം തുടങ്ങി. പുറത്ത് ഇ ടി മുഹമ്മദ് ബശീര്‍, ശാഫി പറമ്പില്‍, ആന്റോ ആന്റണി, പി സന്തോഷ് കുമാര്‍, ഹൈബി ഈഡന്‍ തുടങ്ങിയ എം പിമാരും വിവിധ യുവജന- വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരും സമരം കടുപ്പിച്ചു. ഏകദേശം പത്ത് മണിക്കൂര്‍ താഴെ ഈ സമരം നീണ്ടു. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെയും നേതാക്കളെയും കൊണ്ടുപോകുന്ന ബസുകളുടെ ടയറുകള്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പഞ്ചറാക്കി. തടവുകാരെ മോചിപ്പിച്ചുകൊണ്ടിരുന്നു.

ഗാന്ധി ജയന്തി ദിനത്തിന്റെ അന്നുതന്നെ ഡല്‍ഹിയില്‍ സമരങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നേഹ ബോറയുടെ നേതൃത്വത്തില്‍ ഐസ, ഐശി ഘോഷിന്റെ നേതൃത്വത്തില്‍ എസ് എഫ് ഐ, വിനോദ് ഝാഖറിന്റെ നേതൃത്വത്തില്‍ എന്‍ എസ് യു ഐ, അഹ്‌മദ് സാജുവിന്റെ നേതൃത്വത്തില്‍ എം എസ് എഫ്, ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ നിന്നുള്ള കെ വൈ എസ് എന്നിങ്ങനെ വിദ്യാര്‍ഥി സംഘടനകളും ഡി വൈ എഫ് ഐ, എ ഐ വൈ എഫ്, യൂത്ത് കോണ്‍ഗ്രസ്സ്, യൂത്ത് ലീഗ് തുടങ്ങിയ യുവജന സംഘടനകളും മധ്യഡല്‍ഹിയില്‍ വിവിധ ഭാഗങ്ങളില്‍ സമരം നടത്തി അറസ്റ്റ് വരിച്ചു. മുംബൈയിലായിരുന്നു സി ജെ പിയുടെ സമരം. ശബാനാ ആസ്മി, നസീറുദ്ദീന്‍ ഷാ തുടങ്ങിയവരും സമരത്തിന്റെ ഭാഗമായി.

സെപ്തംബര്‍ അവസാനത്തില്‍ ചേര്‍ന്ന ഇന്ത്യ മുന്നണിയുടെ യോഗത്തിലും ഒക്ടോബര്‍ ആദ്യത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തക സമിതിയിലും ദേശവ്യാപകമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടായിരുന്നു. ഒക്ടോബര്‍ 10 മുതല്‍ ജന്തര്‍ മന്തര്‍ 2.0 ആരംഭിക്കുകയാണെന്ന് സി ജെ പിയും പ്രഖ്യാപിച്ചു. ഒരുപക്ഷെ രാജ്യം സമീപകാലത്ത് കണ്ട ഏറ്റവും വലിയ സമര പരിപാടികളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇന്നലെയും പടുകൂറ്റന്‍ പ്രതിഷേധമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എം പിമാര്‍ ജന്തര്‍ മന്തറില്‍ നടത്തിയത്. സി എ എ, എന്‍ ആര്‍ സി വിഷയത്തില്‍ രാജ്യത്താകെയുണ്ടായ സമരപരമ്പരകള്‍ പോലെ ഒന്ന് ഉണ്ടായാല്‍ അത് കേന്ദ്ര സര്‍ക്കാറിന് വലിയ തലവേദനയാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കൊവിഡ് വന്നില്ലായിരുന്നെങ്കില്‍ സി എ എ തന്നെ പിന്‍വലിക്കേണ്ട അവസ്ഥയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്തിയേനെ. അത്രക്ക് രൂക്ഷമായ സമരങ്ങളും പ്രതിഷേധങ്ങളുമാണ് ആറ് വര്‍ഷം മുമ്പ് രാജ്യം കണ്ടത്. ഇതാകട്ടെ, രാജ്യത്തിന്റെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിവരുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രതിപക്ഷ പാര്‍ട്ടികളും സിവില്‍ മൂവ്‌മെന്റുകളും വലിയ ജനപിന്തുണ ആകര്‍ഷിച്ചേക്കും.
തിരഞ്ഞെടുപ്പ് കമ്മീഷനും തിരഞ്ഞെടുപ്പിന്റെ നടത്തിപ്പും സുതാര്യമല്ലെങ്കില്‍ പിന്നെ ഇവിടെ ജനാധിപത്യം മരിച്ചു എന്ന് പറയാം.

ഇന്ത്യ പോലെ ഒരു ജനാധിപത്യ രാജ്യത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഘടന എന്നത് സത്യസന്ധമായ തിരഞ്ഞെടുപ്പുകളാണ്. വോട്ടു കൊള്ളയും സര്‍ക്കാര്‍ കൊള്ളയും ഇപ്പോള്‍ പാര്‍ട്ടി കൊള്ളയും കൂടിയാകുമ്പോള്‍ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തന്നെ നഷ്ടമായിരിക്കുന്നു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ബി ജെ പിക്ക് അനുകൂലമായ രീതിയില്‍ വോട്ടര്‍പ്പട്ടിക പരിഷ്‌കരിക്കുന്നതും കോടിക്കണക്കിന് മനുഷ്യരെ എസ് ഐ ആറിന്റെ പേരില്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പുറത്തു നിര്‍ത്തുന്നതും ജനാധിപത്യത്തിന്റെ കശാപ്പാണെന്ന് അവര്‍ അടിവരയിടുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കുന്നതിനുള്ള സമിതിയിലെ അംഗങ്ങള്‍ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ മാറ്റി പ്രധാനമന്ത്രി പറയുന്ന ക്യാബിനറ്റ് മന്ത്രി എന്ന് നിയമഭേദഗതി നടത്തിയതില്‍ തന്നെ വലിയ വിമര്‍ശനമുണ്ടായി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പൂര്‍ണമായ ജുഡീഷ്യല്‍ ഇമ്മ്യൂണിറ്റി നല്‍കിയതും ദുരൂഹം തന്നെ. കൂടാതെ വിവിധ തിരഞ്ഞെടുപ്പുകളില്‍ നടന്ന ക്രമക്കേടുകള്‍ അക്കമിട്ടു നിരത്തി രാഹുല്‍ ഗാന്ധി നടത്തിയ പത്രസമ്മേളനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിമുടി കുഴപ്പത്തിലാണെന്ന് വ്യക്തമാക്കി. അതിശയകരമെന്ന് പറയാമല്ലോ, രാഹുല്‍ ഗാന്ധിയുടെ പത്രസമ്മേളനങ്ങള്‍ക്ക് മറുപടിയുമായെത്തിയത് ബി ജെ പിയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബി ജെ പിയുടെ സഖ്യകക്ഷിയാണോ എന്ന പ്രതിപക്ഷ വിമര്‍ശനത്തെ ശരിവെക്കും പോലെയാണ് ഇപ്പോഴും ഭരണകക്ഷി പ്രവര്‍ത്തിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ വിമര്‍ശങ്ങളും പ്രതിഷേധങ്ങള്‍ക്കും പിന്നാലെ ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ റിതിക ചോപ്ര നടത്തിയ അന്വേഷണത്തില്‍ പുറത്തെത്തിയ വിവരങ്ങളാണ് ഇപ്പോഴുള്ള പ്രതിഷേധങ്ങളുടെ മുഖ്യകാരണം. പത്ത് മാസത്തിനിടെ പതിനാല് തവണയെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് കമ്മീഷണര്‍മാര്‍ വിവിധ വിഷയങ്ങളില്‍ മുഖ്യ കമ്മീഷണറോട് വിയോജിച്ചിരുന്നു എന്നും രേഖാമൂലമുള്ള വിയോജിപ്പുകള്‍ പോലും അവഗണിച്ചാണ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ തീരുമാനങ്ങള്‍ ഏകപക്ഷീയമായി കൈകൊണ്ടത് എന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടി. ഫോം ആറില്‍ വരുത്തിയ മാറ്റങ്ങള്‍, ഇലക്റ്ററൽ റോളിന്റെ നിയന്ത്രണം കേന്ദ്രീകരിച്ച നടപടി, എസ് ഐ ആറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിങ്ങനെ ഏറെ പ്രധാനപ്പെട്ട വിഷയങ്ങളിലും കമ്മീഷനകത്ത് ഭിന്നതയുണ്ടായെന്ന് റിപോര്‍ട്ട് പറഞ്ഞു.

സുഖ്ബീര്‍ സിംഗ് സന്ധു, വിവേക് ജോഷി എന്നീ രണ്ട് കമ്മീഷണര്‍മാര്‍ വിയോജിക്കുന്ന പക്ഷം ഭൂരിപക്ഷ അഭിപ്രായം നഷ്ടപ്പെടുന്ന കമ്മീഷന്‍ എടുക്കുന്ന തീരുമാനങ്ങള്‍ നിയമ വിരുദ്ധമാണ്. ഫോം ആറിന്റെ ഘടനയില്‍ മാറ്റം വരുത്തണമെങ്കില്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തേണ്ടതായുമുണ്ട്. കമ്മീഷനകത്ത് ഈ ഭിന്നത രൂപപ്പെടുന്നത്, ഹരിയാന തിരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി നടത്തിയ പത്രസമ്മേളനത്തില്‍ “എനിക്ക് കമ്മീഷന്റെ അകത്ത് തന്നെ വിവരങ്ങള്‍ തരാന്‍ ആളുകളുണ്ട്. അതുകൊണ്ട് ഈ കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവരെ വെറുതെ വിടില്ല’ എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോടെയാണ് എന്ന് നിരീക്ഷിക്കുന്നവരുണ്ട്.

ഇന്ത്യന്‍ എക്‌സ്പ്രസ്സ് കൊണ്ടുവന്ന വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍, ഫോം ആറിലെ മാറ്റങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചിരുന്നു എന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സുപ്രീം കോടതി ഈ നുണ പൊളിച്ചു. രൂക്ഷവിമര്‍ശമാണ് കമ്മീഷനെതിരെ സുപ്രീം കോടതി നടത്തിയത്. ജുഡീഷ്യറി ഈ വിഷയത്തില്‍ നേരത്തേ പലപ്പോഴും പ്രതിപക്ഷത്തെ മുഖവിലക്കെടുക്കാതിരുന്നതും ഇടപെടാതിരുന്നതും ജനാധിപത്യത്തിന് വലിയ ആഘാതമാണ് ഏല്‍പ്പിച്ചത്. എസ് ഐ ആര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഉണ്ടായ ക്രമക്കേടുകളില്‍ ഒരുപരിധി വരെ നീതിപീഠവും ഉത്തരവാദിത്വം ഏല്‍ക്കേണ്ടതുണ്ട് എന്ന് പറയാതെ വയ്യ. തിരഞ്ഞെടുപ്പുകളിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമാകുന്ന സാഹചര്യം വരെ ഇതിങ്ങനെ വന്നെത്തരുതായിരുന്നു. സുപ്രീം കോടതി നേരത്തേ ഇടപെടണമായിരുന്നു.

ഗ്യാനേഷ് സംഘ്പരിവാര്‍ ശക്തികളുടെ ഏജന്റാണെന്നും ആഭ്യന്തര മന്ത്രാലയത്തില്‍ അമിത് ഷായുടെ കൂടെ അയാള്‍ പൂര്‍ത്തിയാക്കിയ വിവിധ മിഷനുകളുടെ അടിസ്ഥാനത്തില്‍ നേടിയെടുത്ത കസേരയാണ് മുഖ്യ കമ്മീഷണറുടേതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഇവിടെ അയാളുടെ ദൗത്യം കാലാകാലം ബി ജെ പിക്ക് അധികാരം ഉറപ്പിക്കുക എന്നതാണത്രെ. ഗ്യാനേഷിന്റെ രാജിയാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യം.

എന്നാല്‍ ഇത് രാജ്യദ്രോഹമാണെന്നും ഇതിന്റെ പിന്നിലുള്ള മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ശിക്ഷിക്കുമെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിക്കുന്നു. നരേന്ദ്ര മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും മോഹന്‍ ഭാഗവതും ഇതിലെ കുറ്റക്കാരാണെന്നും അദ്ദേഹം പറയുന്നുണ്ട്. എന്തായാലും ഇനിയുള്ള ദിവസങ്ങള്‍ ഈ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ്. രാജ്യത്തിന്റെ ഭാവിയും ഭാഗധേയത്വവും നിര്‍ണയിക്കുന്ന ദിനങ്ങള്‍. ഈ ചരിത്രസന്ധിയെ പറ്റി പില്‍ക്കാലത്ത് ചോദ്യം ഉണ്ടാകുമ്പോള്‍ നമ്മള്‍ എന്ത് ചെയ്തു എന്ന ചോദ്യത്തിന് “ഞങ്ങള്‍ ജനാധിപത്യത്തിന് വേണ്ടി പൊരുതി’ എന്ന് പറയാന്‍ നമുക്ക് കഴിയട്ടെ.

Content Highlights:
Hundreds of INDIA alliance MPs led by Rahul Gandhi and Mallikarjun Kharge held a massive march in Delhi demanding the resignation of Chief Election Commissioner Gyanesh Kumar. The protest highlights severe internal rifts within the Election Commission and alleged unauthorized changes to Form 6 voter registration. Protesters clashed with heavy police deployments as widespread civil and youth demonstrations erupted across the capital.