Home rss national malayalam പുതിയ വാർത്ത വികസനത്തിന്റെ പേരിൽ വിധ്വംസക വൃത്തിയോ

വികസനത്തിന്റെ പേരിൽ വിധ്വംസക വൃത്തിയോ

6
0

Source :- SIRAJLIVE NEWS

രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്കും ചരിത്രസ്മാരകങ്ങള്‍ക്കും നേരെയുള്ള കൈയേറ്റം വര്‍ധിച്ചുവരികയാണ്. നേരത്തേ ക്ഷേത്രം തകര്‍ത്താണ് നിര്‍മിച്ചതെന്ന വാദമുയര്‍ത്തി പള്ളികള്‍ കൈയേറുകയും തകര്‍ക്കുകയും ചെയ്തവര്‍ ഇപ്പോള്‍ റോഡ് വികസനം, നഗര സൗന്ദര്യവത്കരണം തുടങ്ങിയ പേരിലാണ് ഇത്തരം നടപടികള്‍ തുടരുന്നത്. മധ്യപ്രദേശിലെ ഉജ്ജയിനില്‍ കഴിഞ്ഞ ദിവസം ചരിത്രപ്രസിദ്ധവും ആറ് നൂറ്റാണ്ടിലധികം പഴക്കമുള്ളതുമായ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയത് റോഡ് വികസനത്തിന്റെ പേരിലാണ്. 2028ല്‍ നടക്കുന്ന സിംഹസ്ഥ കുംഭമേളക്ക് മുന്നോടിയായി കാന്താള്‍ചൗരഹക്കും ഗോപാല്‍ മന്ദിറിനും ഇടയിലുള്ള റോഡ് 15 മീറ്ററായി വീതികൂട്ടുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെ ഈ കൈയേറ്റം.

കോടിക്കണക്കിന് തീര്‍ഥാടകരെത്തുന്ന ഒരു മേളക്കായി റോഡുകള്‍ വീതികൂട്ടേണ്ടതും ഗതാഗത സൗകര്യം മെച്ചപ്പെടുത്തേണ്ടതും ഭരണകൂടത്തിന്റെ ചുമതലയാണ്. എന്നാല്‍, ഇത്തരം പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഭരണഘടന ആരാധനാ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന നമ്മുടെ രാജ്യത്ത് ചരിത്രസ്മാരകങ്ങളെയും സമുദായങ്ങളുടെ വൈകാരിക പ്രാധാന്യമുള്ള കേന്ദ്രങ്ങളെയും തകര്‍ത്തുകൊണ്ടായിരിക്കരുത് വികസന പ്രവര്‍ത്തനങ്ങള്‍. റോഡ് വികസനത്തോട് മസ്ജിദ് ട്രസ്റ്റോ മുസ്‌ലിം സമുദായമോ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. മാത്രമല്ല, നേരത്തെ പള്ളിയുടെ മുന്‍ഭാഗത്ത് ഒമ്പതടി വീതിയില്‍ ഭൂമി വിട്ടുനല്‍കി വികസന പ്രവര്‍ത്തനവുമായി ട്രസ്റ്റ് സഹകരിച്ചിട്ടുമുണ്ട്.

മസ്ജിദ് പൊളിക്കാതെ റോഡ് വികസിപ്പിക്കാന്‍ അവിടെ സാധ്യതകളുമുണ്ട്. ഈ നിര്‍ദേശം മസ്ജിദ് ഭാരവാഹികളും കോണ്‍ഗ്രസ്സ് എം പിയായ ഇംറാന്‍ പ്രതാപ്ഗഡിയും ഭരണകൂടത്തിന്റെ ശ്രദ്ധയിൽ പെടുത്തിയതുമാണ്. എന്നാല്‍ മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചേ അടങ്ങൂ എന്ന നിലപാടായിരുന്നു അധികൃതര്‍ക്ക്. വികസനത്തിപ്പുറം ഇതിനു പിന്നില്‍ വര്‍ഗീയ- രാഷ്ട്രീയ താത്പര്യങ്ങളാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മസ്ജിദ് കമ്മിറ്റി ഹൈക്കോടതി ഇന്‍ഡോര്‍ ബഞ്ചിനെ സമീപിച്ചെങ്കിലും നീതിപീഠത്തില്‍ നിന്ന് അവര്‍ക്ക് നീതി ലഭിച്ചില്ല. ഭരണഘടനയുടെ 14ാം അനുഛേദം (സമത്വത്തിനുളള അവകാശം), 25, 26 അനുഛേദങ്ങള്‍ (മതാചാരണത്തിനുള്ള സ്വാതന്ത്ര്യം), 300-എ അനുഛേദ പ്രകാരമുള്ള സ്വത്തവകാശം എന്നിവ ചൂണ്ടിക്കാട്ടിയാണ് മസ്ജിദ് ഭാരവാഹികള്‍ നിയമപോരാട്ടം നടത്തിയത്.

പള്ളിയുടെ ഒരു ഭാഗം മാത്രമേ പൊളിച്ചുള്ളുവെന്നോ ഒരു സാധാരണ വികസന പ്രവൃത്തി മാത്രമാണെന്നോ പറഞ്ഞ് ന്യായീകരിക്കാനാവില്ല ഈ സംഭവത്തെ. ഏതൊരു വികസനവും ജനാധിപത്യ സമൂഹത്തിലെ ബഹുസ്വരതക്കും പൈതൃക സംരക്ഷണത്തിനും രാജ്യത്തിന്റെ അടിസ്ഥാന തത്ത്വമായ മതേതരത്വത്തിനും പൗരന്മാരുടെ വിശ്വാസ- വികാരങ്ങള്‍ക്കും കോട്ടം തട്ടാത്ത രീതിയിലായിരിക്കണം. വികസനത്തിന്റെ പേരില്‍ ന്യൂനപക്ഷ ആരാധനാലയങ്ങള്‍ പൊളിച്ചു മാറ്റുമ്പോള്‍ സമുദായത്തില്‍ അത് സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും സാംസ്‌കാരിക നഷ്ടവും വളരെ വലുതായിരിക്കും. മതേതരത്വത്തിന് ഇതേൽപ്പിക്കുന്ന ആഘാതവും ചെറുതല്ല.

വികസനവും പൈതൃക സംരക്ഷണവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അവയെ സമന്വയിപ്പിക്കാനുള്ള വഴികളാണ് ഭരണകൂടവും കോടതികളും കണ്ടെത്തേണ്ടത്. റോഡ് വികസനമധ്യേ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര നിര്‍മിതികള്‍ വരുമ്പോള്‍ അവയെ തകര്‍ക്കാതെ തന്നെ റോഡുകള്‍ തിരിച്ചുവിടാനോ എന്‍ജിനീയറിംഗ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കെട്ടിടം നിലനിര്‍ത്തിക്കൊണ്ട് വികസനം സാധ്യമാക്കാനോ ശ്രമിക്കാവുന്നതാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം പൈതൃക നിര്‍മിതികള്‍ നിലനിര്‍ത്തിക്കൊണ്ടാണ് വികസനം നടത്തുന്നത്. ലണ്ടന്‍ നഗരത്തില്‍ റോഡ് വികസനം നടപ്പാക്കിയപ്പോള്‍ “സെന്റ് പോള്‍സ് കത്തീഡ്രൽ’ പോലുള്ള പ്രസിദ്ധമായ ക്രിസ്തീയ ദേവാലയങ്ങളും ചരിത്രപ്രദേശങ്ങളും നിലനിര്‍ത്താനായി വളച്ചും ദിശമാറ്റിയുമാണ് പണിതത്. കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ വരാതിരിക്കാന്‍ മേൽപ്പാലങ്ങളും സബ്‌വേകളും നിര്‍മിക്കുകയും ചെയ്തു.

ഇന്ത്യയില്‍ തന്നെ ഇതിനു ധാരാളം ഉദാഹരണങ്ങളുണ്ട്. ഹൈദരാബാദില്‍ മെട്രോപാത നിര്‍മാണ ഘട്ടത്തില്‍ ഖുതുബു ഷാഹി പോലുള്ള ചരിത്രപ്രസിദ്ധമായ പള്ളികള്‍ക്ക് കേടുപാടുകള്‍ വരാതിരിക്കാന്‍ മെട്രോ പില്ലറുകളുടെ സ്ഥാനം മാറ്റുകയായിരുന്നു. മഹാരാഷ്ട്രയിലെ പുണെയിലും പൈതൃകപരമായും ചരിത്രപരമായും പ്രാധാന്യമുള്ള പ്രദേശങ്ങളെ ബാധിക്കാതിരിക്കാന്‍ മെട്രോ അലൈൻമെന്റ്മാറ്റി. ചെന്നൈയില്‍ മെട്രോ നിര്‍മാണ വേളയില്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ പള്ളികള്‍ക്കും ഹൈക്കോടതി കെട്ടിടത്തിനും കേടുപാടുകള്‍ വരാതിരിക്കാന്‍ മെട്രോ തുരങ്കത്തിന്റെ ആഴം വര്‍ധിപ്പിക്കുകയും ദിശമാറ്റുകയുമായിരുന്നു. പൈതൃക കെട്ടിടങ്ങള്‍ പൊളിക്കാതിരുന്നിട്ടും ഇവിടെയൊന്നും വികസനം തടസ്സപ്പെട്ടില്ല.

വികസന പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ തന്നെ ബന്ധപ്പെട്ടവര്‍ പള്ളി ഭാരവാഹികളുമായും പ്രാദേശിക സമുദായ നേതാക്കളുമായും തുറന്ന ചര്‍ച്ചകള്‍ നടത്തേണ്ടതാണ്. ഉജ്ജയിനില്‍ സംഭവിച്ചതു പോലെ ഒമ്പത് അടിവീതിയില്‍ ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായ ഒരു പള്ളിക്കമ്മിറ്റിക്ക് കൂടുതല്‍ ആലോചനകളില്ലാതെ പിന്നെയും പൊളിക്കല്‍ നോട്ടീസ് നല്‍കുന്നത് വിശ്വാസ വഞ്ചനയാണ്. ഭരണകൂടങ്ങള്‍ ഇത്തരം നടപടികളില്‍ പൂര്‍ണ നിഷ്പക്ഷത പാലിക്കേണ്ടതുണ്ട്. ഒരു പ്രത്യേക വിഭാഗത്തെ പ്രീതിപ്പെടുത്താനോ, മറ്റൊരു വിഭാഗത്തെ ഒതുക്കാനോ വികസനത്തെ ആയുധമാക്കരുത്. വികസനം നടക്കട്ടെ. അതിനു പക്ഷേ ചരിത്രത്തിന്റെ വാതിലുകള്‍ അടച്ചിടരുത്. നാടും നഗരങ്ങളും വളരുന്നതോടൊപ്പം നാടിന്റെ പൈതൃകങ്ങളും ഓര്‍മകളും കേടുപാടുകള്‍ സംഭവിക്കാതെ മുന്നോട്ടു പോകേണ്ടതുണ്ട്. അതാണ് മനുഷ്യ കേന്ദ്രീകൃതമായ വികസനം.

Content Highlights:
A portion of the 600-year-old Shahi Masjid in Ujjain was demolished for road expansion ahead of the 2028 Simhastha Kumbh Mela. Community leaders and MP Imran Pratapgarhi advocated for alternative solutions, but legal appeals failed. The article highlights the need to balance heritage with growth.