Home BUSINESS NEWS MALYALAM വിഴിഞ്ഞം ഓഹരി കൈമാറ്റം: മുഖ്യമന്ത്രി വിഡി സതീശൻറെ നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡിന് അതൃപ്തി

വിഴിഞ്ഞം ഓഹരി കൈമാറ്റം: മുഖ്യമന്ത്രി വിഡി സതീശൻറെ നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡിന് അതൃപ്തി

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ആഗോള ഷിപ്പിംഗ് ഭീമന്മാരായ എംഎസ്സിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ സ്വീകരിച്ച മൃദുസമീപനത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന് കടുത്ത അതൃപ്തി.

രണ്ട് ദിവസം മുൻപ് ഹൈക്കമാൻഡ് പ്രതിനിധി മുഖ്യമന്ത്രിയെ നേരിട്ട് പാർട്ടി നിലപാട് അറിയിച്ചതായാണ് സൂചന. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ദേശീയതലത്തിൽ സ്വീകരിക്കുന്ന ശക്തമായ നിലപാടുകൾക്ക് വിരുദ്ധമായി കേരള സർക്കാർ നീങ്ങരുതെന്ന് ഹൈക്കമാൻഡ് കർശന നിർദ്ദേശം നൽകി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും രാഷ്ട്രീയ പിന്തുണയോടെ അദാനി ഗ്രൂപ്പ് സമ്പദ്‌വ്യവസ്ഥയിലെ പ്രധാന മേഖലകളെ കുത്തകയാക്കുകയാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിരന്തരം ആരോപിക്കുന്ന പശ്ചാത്തലത്തിലാണ് ഹൈക്കമാൻഡിന്റെ ഈ അടിയന്തര ഇടപെടൽ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാറിലെ സുരക്ഷാ വ്യവസ്ഥകളിൽ യാതൊരുവിധ വിട്ടുവീഴ്ചയും വരുത്തരുതെന്നും അദാനി ഗ്രൂപ്പിന്റെ സമ്മർദ്ദങ്ങൾക്ക് സർക്കാർ വഴങ്ങരുതെന്നും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു.

ഹൈക്കമാൻഡ് ഇടപെടലിനെ തുടർന്നാണ് വ്യാഴാഴ്ചയോടെ വിഴിഞ്ഞം വിഷയത്തിൽ കടുത്ത നിലപാടിലേക്ക് മാറാൻ മുഖ്യമന്ത്രി നിർബന്ധിതനായതെന്ന് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പറയുന്നു . ചോദ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തിനും തലേദിവസം നിയമസഭയിൽ നടത്തിയ സബ്മിഷനും ഒട്ടും മൂർച്ചയില്ലായിരുന്നു.

എംഎസ്‌സി ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിംഗ് കമ്പനിയാണെന്ന് വിവരിച്ച അദ്ദേഹം, ഈ വിഷയം പൊതുജനങ്ങൾക്കിടയിൽ വലിയ താല്പര്യമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് വരെ പരാമർശിച്ചു.” – ഒരു കോൺഗ്രസ് എംഎൽഎ ചൂണ്ടിക്കാട്ടി. എന്നാൽ മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങൾ ഈ ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളയുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ള ബോധപൂർവ്വമായ വേട്ടയാടലാണ് നടക്കുന്നതെന്ന് അവർ ആരോപിച്ചു