Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി എക്സൈസ് മന്ത്രി എം. ലിജു രംഗത്തെത്തി. എക്സൈസ് വകുപ്പ് ഇത്തരത്തിൽ നയപരമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും, വീര്യം കുറഞ്ഞ മദ്യം വിപണിയിൽ ഇറക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക ഉൽപ്പന്നങ്ങളിൽ നിന്ന് നിർമ്മിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് ഇളവ് നൽകിയതിലൂടെ മദ്യക്കമ്പനികളെ സഹായിക്കാൻ ശ്രമിക്കുന്നുവെന്ന സിപിഎം ആരോപണങ്ങൾക്കിടയിലാണ് മന്ത്രിയുടെ വിശദീകരണം.
ജവാൻ മദ്യത്തിന്റെ ഉൽപാദനം കുറഞ്ഞതിനെ രൂക്ഷമായി വിമർശിച്ച മന്ത്രി, ഇത് ട്രാവൻകൂർ ഷുഗേഴ്സിന്റെ ഭാഗത്തുനിന്നുണ്ടായ കെടുകാര്യസ്ഥതയാണെന്ന് വ്യക്തമാക്കി. ആവശ്യത്തിന് കുപ്പികൾ ലഭിക്കാത്തതാണ് ഉൽപാദനം തടസ്സപ്പെടാൻ കാരണമെന്നും, ഇക്കാര്യം സർക്കാർ തലത്തിൽ നേരത്തെ അറിയിക്കുന്നതിൽ മാനേജ്‌മെന്റ് പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജവാൻ മദ്യത്തിന്റെ നിർമ്മാണം ഉടൻ പുനരാരംഭിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
പുതിയ ബ്രാൻഡായ ‘മിന്നൽ മാജിക്’ നിർമ്മാണത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു. മുൻ സർക്കാർ 17 കോടി രൂപ ചെലവിട്ട് ഇതിനായി പുതിയ യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ഉൽപാദനം ആരംഭിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ കൂടുതൽ ആലോചനകൾക്ക് ശേഷമേ തീരുമാനമെടുക്കൂ എന്ന് അദ്ദേഹം പറഞ്ഞു. വിദേശമദ്യ ചട്ടങ്ങളിൽ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നികുതി ഘടന രൂപീകരിച്ചതെന്ന വസ്തുതയും അദ്ദേഹം ഓർമ്മിപ്പിച്ചു.

