Home rss national malayalam പുതിയ വാർത്ത ശേഷം പ്രതിക്കൂട്ടിലേക്കോ?

ശേഷം പ്രതിക്കൂട്ടിലേക്കോ?

8
0

Source :- SIRAJLIVE NEWS

തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നെഞ്ചിടിപ്പ് കൂടുന്ന വാര്‍ത്തകളാണ് ഇസ്റാഈലില്‍ നിന്ന് പുറത്തുവരുന്നത്. ഇസ്റാഈല്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് ഈ മാസം 27നാണ്. തന്റെ രാഷ്ട്രീയ നേട്ടത്തിനായി ഗസ്സയിലെ കുരുന്നുകളെയും വൃദ്ധന്മാരെയുമടക്കം 74,000 പേരെ കൊന്നൊടുക്കിയ നെതന്യാഹുവിന്റെ കണക്കുകൂട്ടലുകള്‍ പിഴക്കുകയാണ്.

1,200ഓളം പേര്‍ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്ത തെക്കന്‍ ഇസ്റാഈലില്‍ ഹമാസ് നടത്തിയ അക്രമവും തുടര്‍ന്ന് ഗസ്സയെ ചുടലക്കളമാക്കിയതും വോട്ടാക്കി മാറ്റുന്ന പ്രചാരണമാണ് തിരഞ്ഞെടുപ്പ് രംഗത്ത് നടക്കുന്നത്. സ്ഥാനാര്‍ഥികളുടെ പ്രചാരണങ്ങളുടെ കാതലായ വിഷയങ്ങള്‍ ഇവയാണ്. അതേസമയം നെതന്യാഹുവിന്റെ വലതുപക്ഷ സര്‍ക്കാറിന് ബദലായി കാണുന്ന ഇസ്റാഈലിലെ ജൂത നേതൃത്വത്തിലുള്ള പ്രതിപക്ഷവും ഫലസ്തീന്‍ വിഷയത്തില്‍ ഒരേ മനസ്സുകാരാണ്. ആര് ജയിച്ചാലും ഫലസ്തീന്‍ ജനതക്കു മുമ്പിലെ ഭീഷണി തുടരും. ഒക്ടോബര്‍ ഏഴിലെ സംഭവത്തിനു ശേഷം ഫലസ്തീനോടുള്ള ഇസ്റാഈലുകളുടെ അനുഭാവം കുറഞ്ഞുവരികയാണ്. പ്യൂ റിസര്‍ച്ച് സെന്റര്‍ റിപോര്‍ട്ട് പ്രകാരം 2013ല്‍ ഇസ്റാഈലിലെയും ഫലസ്തീനിലെയും ജനങ്ങള്‍ക്ക് സമാധാനപരമായി ഒന്നിച്ചു ജീവിക്കാന്‍ കഴിയുമെന്ന് 50 ശതമാനം പേര്‍ വിശ്വസിച്ചിരുന്നു. 2024ല്‍ അത് 26 ശതമാനമായും 2025ല്‍ 21 ശതമാനമായും 2026ല്‍ 17 ശതമാനമായും കുറഞ്ഞു.

തിരഞ്ഞെടുപ്പ് സര്‍വേ പ്രകാരം ഗാഡി ഐസെന്‍കോട്ടിന്റെ പ്രതിപക്ഷ യാഷര്‍ പാര്‍ട്ടി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയേക്കാള്‍ മുന്നിലാണ്. ചാനല്‍ 13, കാന്‍ ന്യൂസ്, ചാനല്‍ 12 എന്നിവ രണ്ട് വര്‍ഷമായി തുടരുന്ന സര്‍വേയില്‍ ഒരിക്കല്‍ പോലും നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് മുന്‍തൂക്കം ലഭിച്ചിട്ടില്ല. ബെഞ്ചമിന്‍ നെതന്യാഹുവിന് അധികാരം നിലനിര്‍ത്താന്‍ വ്യത്യസ്തമായ ഒരു സഖ്യം രൂപവത്കരിക്കുകയോ അല്ലെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കുകയോ വേണം. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ അക്രമം പ്രചാരണ രംഗത്ത് നെതന്യാഹുവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. ഹമാസിന്റെ ഓപറേഷനെക്കുറിച്ച് നെതന്യാഹു സര്‍ക്കാറിന് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന രേഖകളും തെളിവുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അറബ്, അന്താരാഷ്ട്ര വൃത്തങ്ങളില്‍ നിന്ന് നെതന്യാഹുവിന് മുന്നറിയിപ്പുകള്‍ ലഭിച്ചതായി പാശ്ചാത്യ, ഇസ്റാഈലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

മുന്‍കരുതല്‍ എന്ന നിലയില്‍ ഹമാസിന്റെ ഉന്നത നേതാക്കളെ വധിക്കാന്‍ ഇസ്റാഈല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ 2023 ഒക്ടോബര്‍ ഏഴിന് മുമ്പ് നല്‍കിയ ശിപാര്‍ശകള്‍ നെതന്യാഹു അവഗണിച്ചെന്നു വെളിപ്പെടുത്തുന്ന രേഖകള്‍ സെപ്തംബര്‍ 27ന്, ഇസ്റാഈല്‍ ചാനല്‍ 13 പുറത്തുവിടുകയുണ്ടായി. ഷിന്‍ ബെറ്റ് (ഇസ്റാഈല്‍ സുരക്ഷാ ഏജന്‍സി), മൊസാദ് (ഇസ്റാഈലിന്റെ വിദേശ രഹസ്യാന്വേഷണ ഏജന്‍സി), മിലിട്ടറി ഇന്റലിജന്‍സ് (അമാന്‍) എന്നിവരില്‍ നിന്ന് ലഭിച്ച മുന്നറിയിപ്പുകള്‍ നെതന്യാഹു മറച്ചുവെച്ചു.

ഏതായാലും നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. വിവിധ കാലങ്ങളിലായി ഇരുപത് വര്‍ഷം അധികാരത്തില്‍ തുടര്‍ന്ന നെതന്യാഹു അഴിമതി, കൈക്കൂലി, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് കോടതിയില്‍ വിചാരണ നേരിടുകയാണ്. ഗസ്സ യുദ്ധത്തിന്റെ മറവില്‍ ഇസ്റാഈല്‍ പ്രധാനമന്ത്രി തത്കാലം പിടിച്ചു നില്‍ക്കുകയാണ്. പരാജയപ്പെട്ടാല്‍ നെതന്യാഹു ഏറെ വിയര്‍ക്കേണ്ടി വരും.

ഓര്‍ത്തഡോക്സ് ജൂതന്മാര്‍ക്കുള്ള നിര്‍ബന്ധിത സൈനിക സേവനത്തിലെ ഒളിച്ചുകളിയും രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയും നെതന്യാഹുവിന്റെ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കും. ഹമാസിന്റെ തടവിലായിരിക്കെ മരണപ്പെട്ട ഇസ്റാഈലികളുടെ കുടുംബങ്ങളും നെതന്യാഹുവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഹമാസിന്റെ തടവില്‍ മരണപ്പെട്ടത് 46 ഇസ്റാഈലികളാണ്. മരണപ്പെട്ട തങ്ങളുടെ സഹോദരങ്ങളെ നെതന്യാഹു തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നാണ് അവരുടെ പരാതി. ബന്ദികളെ ഹമാസിന്റെ പിടിയില്‍ നിന്ന് മോചിപ്പിച്ചത് തന്റെ നേട്ടമായി തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ നെതന്യാഹു അവകാശപ്പെടുമ്പോള്‍ തങ്ങളുടെ സഹോദരന്മാരെ ജീവനോടെ തിരിച്ചു കിട്ടാത്തതിന്റെ ഉത്തരവാദിത്വം നെതന്യാഹുവിനാണെന്ന് ആരോപിക്കുന്ന കുടുംബാംഗങ്ങള്‍, തങ്ങളുടെ സഹോദരങ്ങളെ വെച്ച് വിലപേശരുത് എന്നാണ് ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുകയുണ്ടായി. കത്തില്‍ ആവശ്യപ്പെടുന്നത്, ‘നിങ്ങളില്‍ മനുഷ്യത്വത്തിന്റെ ഒരു കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍, ഞങ്ങളുടെ പ്രിയപ്പെട്ടവരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് നിര്‍ത്തൂ,’ എന്നാണ്. ഏതായാലും ഈ തിരഞ്ഞെടുപ്പ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണത്തെക്കുറിച്ചുള്ള ഒരു റഫറണ്ടമായിരിക്കും.

പ്രതിപക്ഷ നേതാവ് ഐസെന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടി തനിച്ച് 22 സീറ്റുകളും നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി 18 സീറ്റും നേടുമെന്നാണ് പ്രവചനം. അതേസമയം പ്രതിപക്ഷ സഖ്യത്തിന് 52 സീറ്റും നെതന്യാഹുവിനെ പിന്തുണക്കുന്ന സഖ്യത്തിന് 51 സീറ്റും ലഭിക്കുമെന്ന് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. 120 സീറ്റുള്ള ഇസ്റാഈല്‍ പാര്‍ലിമെന്റായ നെസ്സറ്റില്‍ കേവല ഭൂരിപക്ഷം ആര്‍ക്കും ലഭിക്കില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകള്‍ വേണം. ഫലസ്തീന്‍ വംശജകര്‍ക്ക് സ്വാധീനമുള്ള അറബ് പാര്‍ട്ടികള്‍ ഏതാനും സീറ്റുകള്‍ നേടുമെന്ന് കരുതപ്പെടുന്നു. സര്‍ക്കാര്‍ രൂപവത്കരണത്തിന് ഈ പാര്‍ട്ടികളുടെ പിന്തുണ അനിവാര്യമായേക്കാം. 2021-2022ല്‍ നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാറില്‍ ഒരു അറബ് പാര്‍ട്ടിയെ ഉള്‍പ്പെടുത്തിയിരുന്നു, എന്നാല്‍ മന്ത്രിസ്ഥാനം നല്‍കിയിരുന്നില്ല. 1993-1996ലെ റാബിന്‍- പെരസിന്റെ സഖ്യസര്‍ക്കാറിനും അറബ് പാര്‍ട്ടികളുടെ പുറത്തുനിന്നുള്ള പിന്തുണയുണ്ടായിരുന്നു. ഇസ്റാഈല്‍ ജനസംഖ്യയില്‍ 20 ശതമാനം ഫലസ്തീന്‍ വംശജരാണ്. ഫലസ്തീനികള്‍ക്ക് മേധാവിത്തമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാനും പ്രസ്തുത പാര്‍ട്ടി നേതാക്കന്മാരെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കാനും നെതന്യാഹു സര്‍ക്കാര്‍ കഴിഞ്ഞ മാസം ശ്രമം നടത്തുകയുണ്ടായി.

നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയും മറ്റ് വലതുപക്ഷ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കു നല്‍കിയ ഹരജിയെ തുടര്‍ന്ന് പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് നേതാക്കള്‍ക്ക് അയോഗ്യത കല്‍പ്പിച്ചും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉത്തരവിടുകയുണ്ടായി. ഇസ്റാഈല്‍ തിരഞ്ഞെടുപ്പ് നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ ഏഴ് എ പ്രകാരം, ഒരു പാര്‍ട്ടിയെയോ സ്ഥാനാര്‍ഥിയെയോ ജൂത, ജനാധിപത്യ രാഷ്ട്രമെന്ന നിലയില്‍ അപകീര്‍ത്തിപ്പെടുത്തുന്നത് കുറ്റകരമാണ്. അപകീര്‍ത്തി പ്രചരിപ്പിക്കുന്നവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അധികാരമുണ്ട്. ഈ നിയമം ഉപയോഗപ്പെടുത്തിയാണ് അറബ് പാര്‍ട്ടികളുടെയും നേതാക്കളുടെയും പേരില്‍ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഇസ്റാഈല്‍ പരമോന്നത കോടതി രണ്ടാഴ്ച മുമ്പ് റദ്ദാക്കി. തിരഞ്ഞെടുപ്പ് കമ്മീഷണറുടെ തീരുമാനം മാനദണ്ഡം പാലിക്കാതെയാണെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഇസ്റാഈല്‍ പരമോന്നത കോടതിയുടെ ഉത്തരവ് അറബ് പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് രംഗത്ത് പുത്തന്‍ ഉണര്‍വ് നല്‍കിയിരിക്കുകയാണ്.

ഇസ്റാഈലില്‍ രജിസ്റ്റര്‍ ചെയ്ത 38 രാഷ്ട്രീയ പാര്‍ട്ടികളാണുള്ളത്. ഇവയില്‍ ഒരംഗത്തെയെങ്കിലും വിജയിപ്പിക്കാന്‍ അംഗബലമുള്ള പാര്‍ട്ടികളുടെ എണ്ണം 11 ആണ്. 1948ല്‍ ഇസ്റാഈല്‍ രൂപവത്കൃതമായതിനു ശേഷം രാജ്യത്ത് നടക്കുന്ന 26ാമത്തെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പാണ് ഇത്. 73,31,981 വോട്ടര്‍മാരാണ് ഉള്ളത്. ആകെ ജനസംഖ്യയുടെ 71.15 ശതമാനം. 2022ല്‍ നടന്ന അവസാന തിരഞ്ഞെടുപ്പിലേതിനെക്കാള്‍ അര ലക്ഷത്തിലേറെ വോട്ടര്‍മാര്‍ ഇത്തവണ കൂടുതലുണ്ട്. മൂന്നിലൊന്ന് യുവ വോട്ടര്‍മാരാണ്.

ഇസ്റാഈലിലെ നെസ്സറ്റില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിച്ച ചരിത്രമില്ല. ഫലപ്രഖ്യാപനത്തിനു ശേഷം മറ്റു പാര്‍ട്ടികളുടെ പിന്തുണയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുകയാണ് പതിവ്. 2022 നവംബറില്‍ അവസാനമായി നടന്ന തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് ലഭിച്ചത് 32 സീറ്റുകളാണ്. മറ്റു പാര്‍ട്ടികളുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപവത്കരിച്ച നെതന്യാഹുവിന് 64 പേരുടെ പിന്തുണ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ പാര്‍ലിമെന്റ് പിരിച്ചുവിട്ടപ്പോള്‍, നെതന്യാഹുവിന്റെ സഖ്യത്തിന് 60 സീറ്റുകളാണ് ഉണ്ടായിരുന്നത്. ലികുഡ് (32), ഷാസ് (11), ഓട്സ്മ യെഹൂദിറ്റ് (7), മത സയണിസം (6), ന്യൂ ഹോപ്പ് (4). അറബ് പാര്‍ട്ടികള്‍ക്ക് 14 സീറ്റുകളാണുണ്ടായിരുന്നത്. ഇസ്റാഈലിലെ ഫലസ്തീന്‍ പൗരന്മാരെ പ്രതിനിധാനം ചെയ്യുന്ന അറബ് പാര്‍ട്ടികള്‍ പ്രത്യയശാസ്ത്രപരമായി ഭിന്നത വെച്ചുപുലര്‍ത്തുമ്പോള്‍ ഫലസ്തീന്‍ വിഷയത്തില്‍ അവര്‍ക്കിടയില്‍ തര്‍ക്കമില്ല.