Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

ഇന്ത്യൻ ക്രിക്കറ്റിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കൗമാര ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയെ പ്രശംസകൾ കൊണ്ട് മൂടി മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ ചീഫ് സെലക്ടറുമായ കെ. ശ്രീകാന്ത്. കേവലം 15 വയസ്സ് മാത്രം പ്രായമുള്ള ഈ യുവപ്രതിഭയ്ക്ക് ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി തന്നെ മാറ്റിമറിക്കാനുള്ള കരുത്തുണ്ടെന്നാണ് ശ്രീകാന്ത് വിശ്വസിക്കുന്നത്.
റൺസിനായുള്ള വൈഭവിന്റെ വിശപ്പും ബൗളർമാരെ ഭയമില്ലാതെ നേരിടാനുള്ള അസാധാരണ ശേഷിയുമാണ് ശ്രീകാന്തിനെ ആകർഷിച്ചത്. ടൈംസ് ഓഫ് ഇന്ത്യയോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് “വൈഭവ് സൂര്യവംശിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം റണ്ണടിക്കാനും ബൗളർമാരെ സമ്മർദ്ദത്തിലാക്കാനുമുള്ള അവന്റെ വലിയ ആഗ്രഹമാണ്.
അതേസമയം തന്നെ ക്രീസിൽ നിലയുറപ്പിച്ചു ദീർഘനേരം ബാറ്റ് ചെയ്യാനുള്ള മാനസികാവസ്ഥയും അവനുണ്ട്. അവൻ ടി20യിൽ നിന്ന് ഏകദിനത്തിലേക്കും അവിടെനിന്ന് ടെസ്റ്റ് ക്രിക്കറ്റിലേക്കും വളരുകയും അവിടെ വിജയിക്കുകയും ചെയ്താൽ (അവൻ തീർച്ചയായും വിജയിക്കും), പിന്നീട് നിങ്ങൾക്ക് കാണാൻ സാധിക്കുക ടെസ്റ്റ് ക്രിക്കറ്റിന്റെ ഒരു പുനരുജ്ജീവനമായിരിക്കും.”
വൈഭവിന്റെ ബാറ്റിംഗ് കാണാൻ വേണ്ടി മാത്രം ആളുകൾ ടെലിവിഷൻ ഓൺ ചെയ്യുന്ന ഒരു കാലമാണിതെന്നും താനും അവനെ കാണാൻ മാത്രമായി ടിവി വെയ്ക്കാറുണ്ടെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. അത്രമാത്രം മാന്ത്രികവലയമാണ് ഈ ചെറുപ്രായത്തിൽ അവൻ സൃഷ്ടിച്ചിരിക്കുന്നത്.
ശ്രീകാന്തിന്റെ ക്യാപ്റ്റൻസിയിലാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനാൽ തന്നെ വൈഭവ് സൂര്യവംശി സച്ചിനെ ഓർമ്മിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് നേരിട്ടുള്ള താരതമ്യത്തിന് ശ്രീകാന്ത് മുതിർന്നില്ല. എങ്കിലും അദ്ദേഹം നടത്തിയ ഒരു പരാമർശം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.
“നമുക്ക് സച്ചിനെയും സൂര്യവംശിയെയും തമ്മിൽ താരതമ്യം ചെയ്യാതിരിക്കാം. സച്ചിൻ ക്രിക്കറ്റിലെ ദൈവമാണ്. എന്നാൽ ഈ പയ്യൻ വൈഭവ് സൂര്യവംശി ദൈവത്തിന്റെ പുത്രനാണെന്ന് ഞാൻ വിശ്വസിക്കുന്നു. നമുക്ക് കാര്യങ്ങളെ ആ രീതിയിൽ കാണാം. സച്ചിനെ ദയവായി അതിലേക്ക് വലിച്ചിഴക്കരുത്, അദ്ദേഹത്തിന് അടുത്തെത്താൻ ആർക്കും കഴിയില്ല,” ശ്രീകാന്ത് വ്യക്തമാക്കി.


