Source :- SIRAJLIVE NEWS
പശ്ചിമേഷ്യയിലെ സമാധാന പ്രതീക്ഷകള്‍ക്ക് വീണ്ടും മങ്ങലേല്‍പ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. യു എന്‍ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന കൂടിക്കാഴ്ചകളും പലനിലകളില്‍ മാധ്യസ്ഥ്യ രാജ്യങ്ങള്‍ നടത്തുന്ന നീക്കങ്ങളും പ്രശ്‌നപരിഹാരത്തിലേക്ക് വാതില്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. യമനിലെ ഹൂതി വിമതര്‍ സഊദിയെ ലക്ഷ്യമിട്ട് ആരംഭിച്ച ആക്രമണങ്ങളും സഖ്യസേന നടത്തുന്ന പ്രത്യാക്രമണങ്ങളും മറ്റൊരു വശത്ത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം ഇറാന്റെയും യു എസിന്റെയും വടംവലിയില്‍ നിലച്ചിരിക്കുകയാണ്. ബാബ് അല്‍ മന്ദബിലെ ചരക്കുനീക്കത്തെ ഹൂതി- സഊദി സംഘര്‍ഷവും ബാധിക്കുന്നു. ഈ രണ്ട് തടസ്സങ്ങളും ലോകത്തെ ഊര്‍ജമേഖലയെയാകെ താറുമാറാക്കിയിരിക്കുന്നു. എല്ലാ രാജ്യങ്ങളും സംഘര്‍ഷത്തിന്റെ ഇരകളായി മാറുന്ന സ്ഥിതിയാണുണ്ടായിരിക്കുന്നത്. ലബനാനില്‍ ഇസ്‌റാഈല്‍ നടത്തുന്ന കടന്നുകയറ്റവും ഫലസ്തീനില്‍ നടത്തുന്ന അതിക്രമങ്ങളും ശമനമില്ലാതെ തുടരുകയുമാണ്. ഈ സംഘര്‍ഷ മേഖലകളെല്ലാം നിലവിലെ ഭൗമരാഷ്ട്രീയ കുതന്ത്രങ്ങളുടെ ഉത്പന്നങ്ങള്‍ തന്നെയാണ്. ഓരോന്നും പരസ്പരബന്ധിതവുമാണ്. അതുകൊണ്ട് ഇറാന്‍- യു എസ് സംഘര്‍ഷം അവസാനിക്കുകയെന്നത് പശ്ചിമേഷ്യന്‍ സ്വാസ്ഥ്യത്തിന്റെ മാത്രം പ്രശ്‌നമല്ല, ആഗോള സമാധാനത്തിന്റെ വിശാലാര്‍ഥത്തില്‍ അതിനെ കാണേണ്ടതാണ്.
ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാന്‍ മുന്നോട്ടുവെച്ച ഏഴ് ദിവസത്തെ താത്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിക്കളഞ്ഞുവെന്നാണ് റിപോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. യു എൻ പൊതുസഭയില്‍, ഇറാനെ ‘തകര്‍ത്തുതരിപ്പണമാക്കും’ എന്ന് ഭീഷണി മുഴക്കി രംഗം സങ്കീര്‍ണമാക്കി നിര്‍ത്താന്‍ ട്രംപ് ശ്രമിക്കുമ്പോഴും സമാധാന ദൗത്യം നിലയ്ക്കരുതെന്ന ഗുണകാംക്ഷയില്‍ നിന്നാണ് ഇറാന്‍ ഏഴ് ദിന പ്ലാന്‍ മുന്നോട്ടുവെച്ചത്. സമാധാനത്തിലേക്കുള്ള വഴിത്തിരിവാകേണ്ടിയിരുന്ന ഈ നിര്‍ദേശം നിരസിക്കപ്പെട്ടതോടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണാവസ്ഥയിലേക്ക് നീങ്ങുകയാണ്.
സത്യത്തില്‍ ഇറാന്‍ പുതിയൊരു നിലപാട് മുന്നോട്ടുവെക്കുകയല്ല ചെയ്തത്. ജൂണ്‍ 17ലെ ഇസ്‌ലാമാബാദ് ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ മുന്‍നിര്‍ത്തിയുള്ള രൂപരേഖയാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അവതരിപ്പിച്ചത്. ഖത്വര്‍ വഴിയാണ് പരിഹാരനിര്‍ദേശം അമേരിക്കക്ക് കൈമാറിയത്. അമേരിക്ക ആവശ്യമായ നടപടികള്‍ സ്വീകരിച്ചാല്‍ അഞ്ച് ദിവസത്തിനുള്ളില്‍ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കാമെന്ന് അരാഗ്ചി അറിയിച്ചിരുന്നു.
ആറാം ദിവസം ഹോര്‍മുസ് കടലിടുക്ക് തുറക്കാമെന്നും ഏഴാം ദിവസം യു എസുമായി അന്തിമ കരാറിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കാമെന്നുമായിരുന്നു ഉറപ്പുനല്‍കിയത്. ഇതിനായി ഇറാന്‍ മുന്നോട്ടുവെച്ച ഉപാധികള്‍ ഇസ്‌ലാമാബാദ് കരാറിലെ വ്യവസ്ഥകളിലൂന്നിയായിരുന്നു. യു എസ് മരവിപ്പിച്ച 12 ബില്യണ്‍ ഡോളറിന്റെ ഇറാനിയന്‍ ആസ്തികള്‍ വിട്ടുകൊടുക്കുക, എണ്ണ ഉപരോധം നീക്കുക, ഇറാനിയന്‍ തുറമുഖങ്ങളിലെ നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങള്‍. ഇതിനൊപ്പം ലബനാനിലേത് ഉള്‍പ്പെടെ എല്ലാ സൈനിക നടപടികളും നിര്‍ത്തലാക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. ഗസ്സയിലെ സമാധാനവും ഇതിന്റെ ഭാഗമാണ്.
എന്നാല്‍, ഇറാനെ വിശ്വസിക്കാന്‍കൊള്ളില്ലെന്നും സമ്പൂര്‍ണ പരാജയം മണത്തതുകൊണ്ടാണ് ഹോര്‍മുസ് തുറക്കാമെന്ന് ഇപ്പോള്‍ പറയുന്നതെന്നും വ്യക്തമാക്കി ഈ ഏഴുദിന പദ്ധതി ട്രംപ് തള്ളിക്കളയുകയായിരുന്നു. ഇറാന്‍ ഒരിക്കലും അണുവായുധം നിര്‍മിക്കില്ലെന്ന ഉറപ്പും ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പല്‍ ഗതാഗതം മുന്‍കൂര്‍ സാധ്യമാക്കണമെന്നുമാണ് ട്രംപിന്റെ പ്രധാന ആവശ്യങ്ങള്‍. ഉപരോധം നീക്കാതെ ആണവ പദ്ധതികളെക്കുറിച്ച് ചര്‍ച്ചക്കില്ലെന്ന നിലപാടില്‍ ഇറാനും ഉറച്ചുനില്‍ക്കുന്നു. അമേരിക്കയുടെ ഏത് തരത്തിലുള്ള പുതിയ ആക്രമണവും നേരിടാന്‍ തങ്ങളുടെ സായുധസേന പൂര്‍ണസജ്ജമാണെന്ന് ഇറാന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
നയതന്ത്ര ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ, ഈ മേഖല വീണ്ടുമൊരു പൂര്‍ണതോതിലുള്ള സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് പുതിയ സംഭവവികാസങ്ങള്‍ നല്‍കുന്നത്. ഇതിനിടയിലും മാധ്യസ്ഥ്യ ശ്രമങ്ങള്‍ തുടരുന്നുവെന്നത് ആശ്വാസകരമാണ്. നേരിട്ടുള്ള ചര്‍ച്ചകള്‍ സാധ്യമല്ലെങ്കിലും, ഖത്വറിന്റെ മധ്യസ്ഥതയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോഴും പരോക്ഷ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി ഖത്വർ വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തുകയുണ്ടായി. ട്രംപിന്റെ പ്രത്യേക പ്രതിനിധികളായ ജാരെഡ് കുഷ്‌നര്‍, സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും ഇറാന്‍ പ്രതിനിധികളുമായി ന്യൂയോര്‍ക്കില്‍ ചര്‍ച്ച നടത്തിയിരുന്നു.
അമേരിക്കയുമായും ഇസ്‌റാഈലുമായുമുള്ള തര്‍ക്കം പരിഹരിക്കാന്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് മാത്രമേ കഴിയൂ എന്നാണ് ഇന്നലെയും അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയത്. നവംബറിലെ യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് ഈ പ്രതിസന്ധിയില്‍ നിര്‍ണായകമാകുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ അഭിപ്രായം. തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായാല്‍, തന്റെ രാഷ്ട്രീയ പ്രതിച്ഛായ വീണ്ടെടുക്കാന്‍ ഇറാനെതിരെ കൂടുതല്‍ ശക്തമായ സൈനിക നീക്കങ്ങളിലേക്ക് ട്രംപ് നീങ്ങിയേക്കാം. തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ പുതിയ ബോംബിംഗ് തുടങ്ങാന്‍ ട്രംപ് ആലോചിക്കുന്നതായി ‘ദി വാള്‍സ്ട്രീറ്റ് ജേണല്‍’ റിപോര്‍ട്ട് ചെയ്യുന്നു. തകര്‍ന്നടിഞ്ഞ പ്രതിച്ഛായ നേരെയാക്കേണ്ടത് മനുഷ്യരെ കൊന്നുകൊണ്ടാണോ? നയതന്ത്രശ്രമങ്ങള്‍ക്ക് തുരങ്കം വെച്ചുകൊണ്ടാണോ ശക്തിപ്രകടനം നടത്തേണ്ടത്? ഇരുരാജ്യങ്ങളും മുന്‍വിധികള്‍ മാറ്റിവെച്ച് പരസ്പരവിശ്വാസത്തോടെയുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറായാല്‍ മാത്രമേ പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനം പുനഃസ്ഥാപിക്കാന്‍ സാധിക്കൂ.
Content Highlights:
Donald Trump rejected a 7-day ceasefire proposal submitted by Iran via Qatar to reopen the Strait of Hormuz. The plan offered talks in exchange for lifting sanctions and unfreezing assets, but the US demanded immediate maritime security guarantees. Ongoing conflicts in ഗസ്സ and Lebanon continue to exacerbate the crisis.




