Source :- SIRAJLIVE NEWS
പത്തനംതിട്ട | പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമെന്ന് പോലീസ്. സഹപാഠിക്ക് തന്നോട് പ്രണയം തോന്നാത്തത് പരാതിക്ക് കാരണമായെന്നാണ് പെണ്‍കുട്ടിയുടെ പുതിയ മൊഴി. പോലീസിന് മുമ്പിലും മജിസ്‌ട്രേറ്റിന് മുമ്പിലും പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പീഡനം നടന്നതായി പറഞ്ഞിട്ടില്ല.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറും റദ്ദാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പെണ്‍കുട്ടി ചൈല്‍ഡ് ലൈന് മൊഴി നല്‍കാന്‍ ഇടയായ സാഹചര്യം പോലീസ് പരിശോധിക്കും. ലൈംഗിക അതിക്രമത്തിന് പെണ്‍കുട്ടി ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. ഇതിന് പിന്നാലെ സഹപാഠികള്‍ പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി മൊഴിമാറ്റി. മൊഴികളിലെ വൈരുദ്ധ്യത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്തവരെ അടക്കം വിട്ടയച്ചിരുന്നു.
പത്ത് പേരുടെ പേരുകളായിരുന്നു പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നത്. ഈ പത്തു പേരെയും പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠികള്‍ പീഡിപ്പിച്ചതായി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിച്ചു
Content Highlights: Police found a 13-year-old girl’s assault complaint against ten classmates in Pathanamthitta to be fake. The minor changed her statement, admitting she lied because a classmate rejected her romantic proposal. Medical examinations confirmed no abuse occurred, and the registered FIRs will be canceled.




