Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മേഖലയിലെ വർധിച്ചുവരുന്ന സുരക്ഷാ ആശങ്കകളെത്തുടർന്ന് സ്വന്തം പൗരന്മാർക്ക് ഇറാനിലേക്കും ഇറാഖിലേക്കും ബഹ്‌റൈൻ യാത്രാവിലക്കേർപ്പെടുത്തി. ഇറാൻ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രണങ്ങളുടെ പശ്ചാത്തലത്തിലും തുടരുന്ന സുരക്ഷാ പിരിമുറുക്കങ്ങളും കണക്കിലെടുത്താണ് ഈ അടിയന്തര നടപടിയെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ദേശീയ സുരക്ഷ മുൻനിർത്തിയും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു. യാത്രാവിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞദിവസം കുവൈത്തിന് നേരെ ഇറാനിൽ നിന്ന് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായും ഇവ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വിജയകരമായി തകർത്തതായും കുവൈത്ത് സൈന്യം സ്ഥിരീകരിച്ചിരുന്നു. രാജ്യത്തുണ്ടായ സ്ഫോടന ശബ്ദങ്ങൾ വ്യോമപ്രതിരോധ സേന പ്രതിരോധം തീർത്തതുകൊണ്ടാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കുവൈത്ത് ജനങ്ങൾക്ക് ഉറപ്പുനൽകി.

ഈ ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈത്ത് വിദേശകാര്യ മന്ത്രാലയം, സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഇറാനാണെന്ന് വ്യക്തമാക്കുകയും ചെയ്തു. മേഖലയിലെ ഈ സംഘർഷഭരിതമായ സാഹചര്യങ്ങൾ കൂടി വിലയിരുത്തിയാണ് ബഹ്‌റൈൻ പുതിയ സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.