Home rss business malayalam സുഹൃത്തിന്റെ അച്ഛനുവേണ്ടി കരൾ പകുത്തുനൽകി; ഇന്ന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം തേടി രഞ്ജു

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരൾ പകുത്തുനൽകി; ഇന്ന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം തേടി രഞ്ജു

5
0

Source :- EVARTHA NEWS

ഒരാളുടെ ജീവൻ രക്ഷിക്കാനായി സ്വന്തം കരളിന്റെ പാതി പകുത്തുനൽകിയ രഞ്ജുവിന് ഇന്ന് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സുമനസ്സുകളുടെ സഹായം വേണം. സുഹൃത്തിന്റെ അച്ഛനുവേണ്ടി കരൾ ദാനം ചെയ്തതിനെത്തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ട രഞ്ജു അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോഴും കിടപ്പിലാണ്. തിരുവനന്തപുരം സ്വദേശിയായ രഞ്ജുവിന്റെ ചികിത്സയ്ക്കും പരിചരണത്തിനുമായി കുടുംബം ഇതുവരെ ചെലവഴിച്ചത് 1.65 കോടിയിലധികം രൂപയാണ്. ഇപ്പോൾ ഭക്ഷണത്തിനും മരുന്നുകൾക്കുമായി പോലും മറ്റുള്ളവരുടെ സഹായം തേടേണ്ട അവസ്ഥയിലാണ് കുടുംബം.

ഗൾഫിൽ നല്ല ജോലിയിലായിരുന്ന രഞ്ജു നാട്ടിലെത്തിയപ്പോഴാണ് സുഹൃത്തിന്റെ പിതാവിന്റെ കരൾരോഗം ഗുരുതരമാണെന്ന് അറിഞ്ഞത്. കുടുംബാംഗങ്ങളും സഹോദരിമാരും എതിർത്തിട്ടും ഒരു മനുഷ്യജീവൻ രക്ഷിക്കണമെന്ന ആഗ്രഹത്തോടെ കരൾ ദാനം ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. എന്നാൽ ശസ്ത്രക്രിയയ്ക്കുശേഷം രഞ്ജുവിന്റെ ശരീരം തളർന്നു. സംസാരശേഷിയും ക്രമേണ നഷ്ടപ്പെട്ടു. പിന്നീട് ന്യുമോണിയ ബാധിച്ചതോടെ ആരോഗ്യനില കൂടുതൽ വഷളായി.

രഞ്ജുവിന്റെ സഹോദരി രശ്മി പറയുന്നതനുസരിച്ച്, കരൾ സ്വീകരിച്ചയാളുടെ കുടുംബം പിന്നീട് ഇവരെ തിരിഞ്ഞുനോക്കിയില്ല. ഫോൺ വിളിച്ചാൽ പ്രതികരിക്കാതായെന്നും താമസിച്ചിരുന്ന വീട് പൂട്ടി അവർ മറ്റൊരിടത്തേക്ക് മാറിയെന്നും രശ്മി പറയുന്നു.

രഞ്ജുവിന്റെ ചികിത്സയ്ക്കായി കുടുംബത്തിന് സമ്പാദ്യവും ആറ്റിങ്ങലിലെ വീടും വസ്തുവകകളും വിൽക്കേണ്ടിവന്നു. നിലവിൽ കൊച്ചി ഇടപ്പള്ളിയിലെ വാടകവീട്ടിലാണ് കുടുംബം കഴിയുന്നത്. പ്രത്യേക ഭക്ഷണം, മരുന്നുകൾ, ഫിസിയോതെറാപ്പി എന്നിവയ്ക്കായി വലിയ തുക ഇപ്പോഴും ആവശ്യമാണ്.

ശസ്ത്രക്രിയയ്ക്കുശേഷം ദഹനപ്രക്രിയയിലുണ്ടായ തകരാറിനെത്തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി രഞ്ജുവിന് റൈൽസ് ട്യൂബിലൂടെ നൽകുന്നത് പെപ്റ്റാമെൻ (Peptamen) എന്ന പ്രത്യേക പോഷകാഹാരമാണ്. ഒരു ബോട്ടിലിന് ഏകദേശം 2,000 രൂപ ചെലവാകും. ദിവസവും ഒരു ബോട്ടിൽ ആവശ്യമാണ്. ഈ ഭക്ഷണത്തിന്റെ ചെലവ് താങ്ങാനാകാതെ കുടുംബം വലിയ പ്രതിസന്ധിയിലാണ്. രഞ്ജുവിനെ പഴയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്ന പ്രതീക്ഷയിൽ പോരാട്ടം തുടരുന്ന കുടുംബം, ഭക്ഷണത്തിനും ചികിത്സയ്ക്കുമായി സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുകയാണ്.

സ്വന്തം ജീവിതം പോലും മറ്റൊരാളുടെ ജീവൻ രക്ഷിക്കാനായി പകുത്തുനൽകിയ രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണം ഉറപ്പാക്കാൻ സഹായിക്കണമെന്നാണ് കുടുംബത്തിന്റെ അപേക്ഷ.

സഹായം നൽകാൻ

പേര്: Resmi R
ബാങ്ക്: സൗത്ത് ഇന്ത്യൻ ബാങ്ക്, ആറ്റിങ്ങൽ ശാഖ
അക്കൗണ്ട് നമ്പർ: 0114053000109508
IFSC: SIBL0000114

GPay / PhonePe: 9544390122, 9562174154

വിലാസം:
Resmi R
PNRA 112A, Road No. 3
Prasanthi Nagar, Manimala Road
Edappally, Kochi – 682024

ബന്ധപ്പെടാനുള്ള നമ്പർ: 9544390122