Home rss business malayalam സൈബർ തട്ടിപ്പിന് തടയിടാൻ ആർബിഐയുടെ ‘മ്യൂൾഹണ്ട് എ.ഐ’; സംശയാസ്പദ അക്കൗണ്ടുകൾ ഇനി വേഗത്തിൽ മരവിപ്പിക്കും

സൈബർ തട്ടിപ്പിന് തടയിടാൻ ആർബിഐയുടെ ‘മ്യൂൾഹണ്ട് എ.ഐ’; സംശയാസ്പദ അക്കൗണ്ടുകൾ ഇനി വേഗത്തിൽ മരവിപ്പിക്കും

6
0

Source :- EVARTHA NEWS

സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് പണം കൈമാറ്റം ചെയ്യാൻ ഉപയോഗിക്കുന്ന മ്യൂൾ അക്കൗണ്ടുകൾ വേഗത്തിൽ തിരിച്ചറിഞ്ഞ് മരവിപ്പിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സംവിധാനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐയുടെ ഇനവേഷൻ ഹബ് വികസിപ്പിച്ച ‘മ്യൂൾഹണ്ട് എ.ഐ’ എന്ന പുതിയ സംവിധാനം പ്രവർത്തനം ആരംഭിച്ചു. ബാങ്കിങ് സംവിധാനത്തിനുള്ളിൽ പൂർണമായ രഹസ്യാത്മകത ഉറപ്പാക്കിയാണ് എഐ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്.

തട്ടിപ്പുകാർ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് മുമ്പുതന്നെ സംശയാസ്പദ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞ് മരവിപ്പിക്കാൻ പുതിയ സംവിധാനം ബാങ്കുകളെ സഹായിക്കും.

‘മ്യൂൾഹണ്ട് എ.ഐ’ എങ്ങനെ പ്രവർത്തിക്കും?

ഒന്നിലധികം അപരിചിത സ്രോതസ്സുകളിൽനിന്ന് ഒരു അക്കൗണ്ടിലേക്ക് പെട്ടെന്ന് വലിയ തുകകൾ എത്തുന്നതും, തുടർന്ന് ആ പണം അതിവേഗം മറ്റ് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യുന്നതും എഐ സംവിധാനം നിരീക്ഷിക്കും. ഒരേ മൊബൈൽ ഫോൺ, ഐപി അഡ്രസ്, ഡിവൈസ് എന്നിവ ഉപയോഗിച്ച് വ്യത്യസ്ത വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കുന്നുണ്ടോ എന്നും പരിശോധിക്കും.

അക്കൗണ്ട് തുറക്കുന്നതിനായി വ്യാജ രേഖകൾ സമർപ്പിച്ചിട്ടുണ്ടോ, കെവൈസി (KYC) നടപടികൾ യഥാർഥ അക്കൗണ്ട് ഉടമ തന്നെയാണോ പൂർത്തിയാക്കിയത് തുടങ്ങിയ കാര്യങ്ങളും തത്സമയം പരിശോധിച്ച് ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകും.

എന്താണ് മ്യൂൾ അക്കൗണ്ട്?

വിദ്യാർഥികൾ, ഗ്രാമീണർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ തുടങ്ങിയവരെ ചെറിയ കമ്മീഷൻ വാഗ്ദാനം ചെയ്ത് സമീപിക്കുകയും അവരുടെ ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പ് സംഘങ്ങൾ സ്വന്തമാക്കി അനധികൃത പണമിടപാടുകൾക്ക് ഉപയോഗിക്കുകയും ചെയ്യുന്ന രീതിയെയാണ് മ്യൂൾ അക്കൗണ്ട് എന്ന് പറയുന്നത്.

2024 സെപ്റ്റംബറിൽ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ആരംഭിച്ച ‘സസ്പെക്റ്റ് രജിസ്ട്രി’ സംവിധാനത്തിലൂടെ ഒരു വർഷത്തിനുള്ളിൽ 24.67 ലക്ഷം മ്യൂൾ അക്കൗണ്ടുകൾ തിരിച്ചറിയാൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി. ഇതുവഴി 8,031 കോടിയിലധികം രൂപയുടെ തട്ടിപ്പ് തടയാനും കഴിഞ്ഞതായാണ് വിവരം.