Source :- SIRAJLIVE NEWS
തൃശൂര്‍ | സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് പ്രസ്ഥാനം മുന്തിയ പരിഗണന നല്‍കുമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. പെണ്‍കുട്ടികള്‍ക്ക് മാത്രമായി രാജ്യത്തുടനീളം നൂറു കണക്കിന് സ്ഥാപനങ്ങള്‍ തന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. അവിടെയെല്ലാം സൗജന്യമായാണ് ഉന്നത വിദ്യാഭ്യസം നല്‍കി വരുന്നത്. അത് ഇനിയും തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് എല്ലാ വിഭാഗങ്ങള്‍ക്കും അവരവരുടെ മതചിട്ട അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു വിഭാഗത്തോടും മതം അടിച്ചേല്‍പ്പിക്കുന്നില്ല. ഇതാണ് പ്രവാചകന്റെ കല്‍പന. വര്‍ഗീയത പാടില്ല. മറ്റൊരാളെ നിര്‍ബന്ധിക്കാനും പാടില്ല. പ്രതിപക്ഷമില്ലാത്ത രാജ്യമായ മെക്കയില്‍ പ്രവാചകന്‍ എത്തിയപ്പോള്‍ ശത്രുക്കള്‍ ഭയപ്പെട്ടു. അവര്‍ക്കും മാപ്പ് നല്‍കി വിട്ടയച്ചു. ഇതാണ് പ്രവാചക മാതൃക. ഇസ്‌ലാമിന്റെ വഴിയും. അതാണ് നാം പിന്‍പറ്റുന്ന വഴി.
സമൂഹത്തിന്റെ സ്വസ്ഥവും സമാധാന പൂര്‍ണവുമായ മുന്നോട്ടുപോക്കിനുള്ള നിര്‍ദേശങ്ങളാണ് മുഹമ്മദ് നബി മുന്നോട്ട് വെക്കുന്നത്. എല്ലാവിധ സാമൂഹിക തിന്മകളെയും ഇസ്ലാം ഇല്ലാതാക്കുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇസ്ലാം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും തിരുനബിയുടെ സന്ദേശങ്ങളും സര്‍വ തിന്മകളെയും അതിജയിച്ച് കാലികമായി നിലനില്‍ക്കുന്നതും അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
കേരള മുസ്ലിം ജമാഅത്ത് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുഹമ്മദ് നബിയുടെ ജന്മാഘോഷവേള അവിടുത്തെ ജീവിതവും അധ്യാപനങ്ങളും അടുത്തറിയാനാണ് ഉപയോഗപ്പെടുത്തേണ്ടത്. സ്‌നേഹം, സാഹോദര്യം, സഹവര്‍ത്തിത്വം തുടങ്ങിയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ജീവിതത്തിലൂടെയാണ് വിശ്വാസികള്‍ സമൂഹത്തിന് ഇസ്ലാമിനെ പരിചയപ്പെടുത്തേണ്ടത്. ഒഴിവുസമയവും ആരോഗ്യവും ഉത്തരവാദിത്ത നിര്‍വഹണം, രാഷ്ട്ര നിര്‍മാണം, സാമൂഹ്യ നന്മ, പഠനം, ഗവേഷണം എന്നിവക്ക് വേണ്ടി വിനിയോഗിക്കാന്‍ യുവസമൂഹം തയ്യാറാകണം-ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു. സയ്യിദ് ഫസല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ഖാസി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുല്‍ കരീം വെങ്കിടങ്ങ്, പി എസ് കെ മൊയ്തു ബാഖവി, ജമാല്‍ ഹാജി ബഷീര്‍ അശ്‌റഫി പ്രസംഗിച്ചു.
Content Highlights:
Grand Mufti Kanthapuram A P Aboobacker Musliyar emphasized the movement’s focus on women’s education at the Thrissur Milad Conference. He highlighted Prophet Muhammad’s teachings of peace, tolerance, and freedom of faith. He urged the youth to utilize their time for social good and nation building.




