Home rss national malayalam പുതിയ വാർത്ത സ്നേഹത്തിൻ്റെ തേനരുവി

സ്നേഹത്തിൻ്റെ തേനരുവി

7
0

Source :- SIRAJLIVE NEWS

ദീനാ മസ്ജിദ് അഭയാർഥികളുടെ അഭയ കേന്ദ്രവും കൂടിയായിരുന്നു. ദൂരദിക്കിൽ നിന്ന് നാടും വീടും കുടുംബവും വിട്ട് ഹിജ്റ വന്നവർ ഒരു കൂര ലഭിക്കുന്നത് വരെ മസ്ജിദിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. നിസ്കാരത്തിന് സമയമായാൽ പുരുഷന്മാർ മുന്നിലും അതിനു പിറകിൽ കുട്ടികളും ഏറ്റവും പിന്നിൽ സ്ത്രീകളും നിൽക്കാനായിരുന്നു നബി (സ) യുടെ നിർദേശം. പുരുഷന്മാരുമായി സ്ത്രീകൾ അകന്നു നിൽക്കുന്നതാണ് ഭയഭക്തി ലഭിക്കാൻ നല്ലത് എന്നതായിരുന്നു കാരണം. ഇത്തരം ഘട്ടങ്ങളിൽ നിസ്കാരം തുടങ്ങിയാൽ ചിലപ്പോൾ കുട്ടികൾ കരയാൻ തുടങ്ങും. കാരുണ്യവാനായ മുത്ത് നബി (സ) നിസ്കാരം വളരെ പെട്ടെന്ന് പൂർത്തീകരിക്കും. അവിടുന്ന് പറയും കുഞ്ഞിന്റെയും അതിന്റെ ഉമ്മയുടെയും പ്രയാസമോർത്താണ് ഞാൻ പെട്ടെന്ന് നിസ്കരിച്ചത്. സ്ത്രീകളോടും കുട്ടികളോടും അവിടുന്നു കാണിച്ച സ്നേഹത്തിന്റെ ഒരു ഉദാഹരണം മാത്രമാണിത്.

സൈനിക സേവനത്തിന് സന്നദ്ധനായി യമനിൽ നിന്ന് വന്ന ചെറുപ്പക്കാരനെ നബി (സ) ഇന്റർവ്യു ചെയ്തു. മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടോ? അദ്ദേഹം പറഞ്ഞു, പ്രായമായ ഉമ്മയുണ്ട്.
പിന്നെ ഒന്നും ചോദിച്ചില്ല. തീരുമാനം പറഞ്ഞു. നീ മടങ്ങുക, ഉമ്മക്ക് സേവനം ചെയ്യുക. അവരുടെ കാൽച്ചുവട്ടിലാണ് നിന്റെ സ്വർഗം. കറുത്തവനായ ഉസാമത്ബിനു സൈദിനെയും പേരമകനായ ഹസൻ തങ്ങളെയും ഒന്നിച്ച് മടിയിലിരുത്തി പരിലാളിക്കും.

ഒരിക്കൽ ഉസാമത് (റ) കുട്ടിയായ സമയത്ത് നിലത്ത് കമഴ്ന്നു വീണു. നെറ്റിയിൽ കല്ല് തറച്ചു. നബി (സ) സ്വന്തം വായ കൊണ്ട് അത് ചപ്പിവലിച്ചു തുപ്പിക്കളഞ്ഞു. മറ്റൊരിക്കൽ ഉസാമയുടെ വായിലേക്ക് മൂക്കട്ട ഒലിച്ചിറങ്ങി. തിരുനബി (സ) സ്വന്തം കൈകൊണ്ട് അത് നീക്കിക്കൊടുത്തു. തന്റെ പോറ്റു പുത്രൻ സൈദ് (റ) ന്റെ മകനായിരുന്നു ഈ ഉസാമ(റ). സ്നേഹത്തിന്റെ ആ തേനരുവിയിൽ നിന്ന് ഒരു കുമ്പിളെങ്കിലും കോരിക്കുടിക്കാത്തവർ ആരുമുണ്ടായിരുന്നില്ല.

കറുത്തിരുണ്ട ബിലാൽ (റ) തങ്ങൾക്കും ചുവന്നു തുടുത്ത സൽമാനുൽ ഫാരിസി(റ)ക്കും ആദിവാസിയായ സാഹിറി (റ) നും സമ്പന്നനായ അബ്ദുർറഹ്മാൻ ബിൻ ഔഫി(റ)നും ആ സ്നേഹം ഒരേ അളവിൽ പകർന്നു നൽകി. ഉറുമ്പിൻ കൂടിന് തീയിട്ടവരെ ശാസിക്കുകയും പക്ഷിക്കുഞ്ഞുങ്ങളെ പിടിച്ചവരോട് അതിനെ തള്ളക്ക് തിരിച്ചുകൊടുപ്പിക്കുകയും ചെയ്ത നബി (സ) അമിത ഭാരം വഹിപ്പിച്ച ഒട്ടകത്തിനുവേണ്ടി ഉടമയുമായി ഇടപെടുകയും മേലിൽ ആവർത്തിക്കരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തു. “അങ്ങയെ ലോകത്തിന് കാരുണ്യമായല്ലാതെ ഞാൻ അയച്ചിട്ടില്ല’ എന്ന ഖുർആൻ വചനം അന്വർഥമാക്കുന്നതായിരുന്നു ആ ജീവിതം.

നീതിയും ന്യായവും ഏത് ഘട്ടത്തിലും നബി (സ) ഉയർത്തിപ്പിടിച്ചു. യുദ്ധ വേളകളിൽ പോലും കർശന നിർദേശം നൽകി, സ്ത്രീകളെയും കുട്ടികളെയും വധിക്കരുത്. പ്രായമായവരെ ആക്രമിക്കരുത്. ആരാധനാലയങ്ങളിലും പർണശാലകളിലും കഴിയുന്നവരെ ശല്യപ്പെടുത്തരുത്. മരങ്ങൾ നശിപ്പിക്കുകയോ കെട്ടിടങ്ങൾ തകർക്കുകയോ ചെയ്യരുത്.

നീതിയും സമാധാനവും വീണ്ടെടുക്കാൻ വേണ്ടി മാത്രമായിരുന്നു അവിടുന്ന് മറ്റു മാർഗങ്ങളില്ലാതെ വന്നപ്പോൾ യുദ്ധം നയിച്ചത്. 27 പ്രതിരോധ നീക്കങ്ങൾ നടത്തിയെങ്കിലും വെറും എട്ടെണ്ണത്തിൽ മാത്രമേ ഏറ്റുമുട്ടൽ ഉണ്ടായിട്ടുള്ളൂ. പരമാവധി ചർച്ചയിലൂടെ യുദ്ധ സാഹചര്യം ഒഴിവാക്കിയെടുക്കുകയായിരുന്നു. ഈ യുദ്ധങ്ങളിൽ ആകെ കൊല്ലപ്പെട്ടവരാകട്ടെ ഇരു പക്ഷത്തുനിന്നുമായി 1,018 പേർ മാത്രമാണ്. എന്നിട്ടും ലക്ഷങ്ങളെ കൊന്നു തള്ളിയവർ ആരോപിക്കുന്നു , നബി (സ) ആയുധം കൊണ്ടാണ് മതം പ്രചരിപ്പിച്ചതെന്ന്.! തിരുപ്പിറവി നടന്ന റബീഉൽ അവ്വലിൽ മുത്ത് നബി (സ) യെ പഠിക്കാൻ അത്തരക്കാർ തയ്യാറായാൽ അവരും പറയും അക്ഷരാർഥത്തിൽ നബി (സ) ഒരു സ്നേഹ സാഗരമായിരുന്നുവെന്ന്.

ഉത്കൃഷ്ട സ്വഭാവം

പത്ത് വർഷം തിരുദൂതരുടെ സേവകനായിരുന്ന അനസ് (റ) പറയുന്നത് ഇത്രയും കാലത്തിനിടയിൽ എന്തിന് അത് ചെയ്തു, എന്തു കൊണ്ട് ചെയ്തില്ല എന്നു പോലും നബി (സ) എന്നോട് ചോദിച്ചിട്ടില്ല. കുട്ടിയാണ്, സേവകനുമാണ്. ശകാരിക്കാനും ഒച്ചവെക്കാനുമൊക്കെ ധാരാളം സന്ദർഭങ്ങളുണ്ടാകും. അവിടുത്തെ ഉദാത്തമായ സത്്സ്വഭാവം കാരണം വേലക്കാരന് പോലും അനിഷ്ടകരമായതൊന്നും കേൾക്കേണ്ടി വന്നിട്ടില്ല.

മലയിടുക്കിൽ താമസിക്കുന്ന സാഹിർ (റ) കാട്ടുത്പന്നങ്ങളുമായി ചന്തയിൽ വരും. അപ്പോഴൊക്കെ നബി (സ) യെ വീട്ടിൽ വന്നു സന്ദർശിക്കും. എന്തെങ്കിലും സമ്മാനങ്ങൾ നൽകുകയും ചെയ്യും. തിരിച്ചു പോകുമ്പോൾ അതിലും മുന്തിയ വിഭവങ്ങൾ നൽകിയാണ് സാഹിറി (റ) നെ നബി (സ) യാത്രയാക്കുക.

ഒരിക്കൽ വീട്ടിലെത്തിയപ്പോൾ നബി (സ) അവിടെ ഉണ്ടായിരുന്നില്ല. സാഹിർ ചന്തയിലേക്ക് പോയി. വിവരമറിഞ്ഞ നബി (സ) യും ചന്തയിലേക്ക് പുറപ്പെട്ടു. ആദിവാസിയായ സാഹിർ (റ) നെ പിറകിലൂടെ ചെന്ന് കണ്ണ് രണ്ടും പൊത്തിപ്പിടിച്ചു. ജനമധ്യത്തിൽവെച്ച് തനിക്ക് തന്ന പരിഗണനയോർത്ത് സാഹിർ (റ) കോരിത്തരിച്ചു.

സൈദ് ബിൻ ഹാരിസ എന്ന കുട്ടി ഉമ്മ സുഅദാ എന്നവരുടെ കൂടെ വിരുന്നുപോകുമ്പോൾ കൊള്ളസംഘം തട്ടിക്കൊണ്ടുപോയി അടിമച്ചന്തയിൽ വിറ്റു. ഉമ്മാക്ക് മകൻ നഷ്ടപ്പെട്ടതോർത്ത് സമനില തെറ്റി. പിതാവും സഹോദരങ്ങളും നാടുനീളെ തിരഞ്ഞു. അതിനിടെ പ്രവാചക പത്നി ഖദീജ (റ) യുടെ ഒരു ബന്ധു സൈദിനെ വിലക്കു വാങ്ങി ഖദീജ ബീവിക്ക് നൽകി.
മഹതി ചെറുപ്പത്തിലെ ആൺമക്കളൊക്കെ മരിച്ച സങ്കടം മാറാൻ വേണ്ടി കുട്ടിയെ മുത്ത് നബി (സ) ക്ക് സമ്മാനിച്ചു.

തങ്ങളുടെ മകൻ മക്കയിൽ അൽ അമീൻ എന്നറിയപ്പെടുന്ന മുഹമ്മദ് (സ) യുടെ അടുത്തുണ്ടെന്നറിഞ്ഞ പിതാവും സഹോദരനും വലിയ സംഖ്യയുമായി മക്കയിലെത്തി.
പറയുന്ന വില തന്നേക്കാം. ഞങ്ങളുടെ മകനെ വിട്ടുതരണം. അവർ വിനയപൂർവം ആവശ്യപ്പെട്ടു.
നബി (സ) പറഞ്ഞു, ഒരു ദിർഹം പോലും വേണ്ട മകനെ നിങ്ങൾക്ക് കൊണ്ട് പോകാം. പക്ഷേ, അവൻ പോരാൻ സ്വയം സന്നദ്ധനാണെങ്കിൽ മാത്രം.

അവർ ഏറെ സന്തോഷിച്ചു. സ്വന്തം പിതാവ് വിളിച്ചാൽ ഏത് മകനാണ് വിസമ്മതിക്കുക.
നബി (സ) സൈദിനെ വിളിച്ചു. ആരൊക്കെയാണ് ഈ വന്നത്?. ഇത് എന്റെ ഉപ്പയും, എളാപ്പയുമാണ്. സൈദ് അവരെ തിരിച്ചറിഞ്ഞു. നിനക്ക് താത്്പര്യമുണ്ടെങ്കിൽ അവരെക്കൂടെ പോകാം. ഇവിടെ തന്നെ എന്റെ കൂടെ ജീവിക്കാനാണ് ഇഷ്ടമെങ്കിൽ അതും ആകാം. സൈദ് (റ) എന്ന കുട്ടി അസന്ദിഗ്ധമായി പറഞ്ഞു, ഞാനൊരിക്കലും അങ്ങയെ പിരിഞ്ഞുപോകില്ല.

പിതാവ് പൊട്ടിക്കരഞ്ഞു. മോനെ നീ സ്വാതന്ത്ര്യത്തിന് പകരം അടിമത്തമാണോ തിരഞ്ഞെടുക്കുന്നത്?. മകൻ പറഞ്ഞു: അല്ല ഉപ്പാ, അൽ അമീനിൽ നിന്ന് ഞാൻ ചിലതൊക്കെ പ്രതീക്ഷിക്കുന്നു. അവരെ പിരിയാൻ എനിക്ക് പറ്റില്ല. ഉപ്പ ക്ഷമിക്കണം… ഏതായാലും മകൻ എത്തിപ്പെട്ടത് തന്നേക്കാൾ തന്റെ മകന് സ്നേഹം കൊടുക്കുന്ന ഒരാളുടെ അടുത്താണല്ലോ എന്ന സമാധാനത്തിൽ തിരിച്ചു പോകാൻ ഒരുങ്ങിയപ്പോൾ, അവരെയും കൂട്ടി കഅബയുടെ ചാരത്തു ചെന്ന് സൈദിനെ തന്റെ പോറ്റു പുത്രനായി നബി (സ) പ്രഖ്യാപിച്ചു. ഇത് സൈദിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനായിരുന്നു. തുല്യതയില്ലാത്ത ഈ സ്നേഹവും സത്്സ്വഭാവവുമായിരുന്നു മുത്ത് നബി (സ) യുടെ മുഖമുദ്ര.

സ്നേഹം, കരുണ, കൃപ തുടങ്ങിയ മാനുഷിക ഗുണങ്ങൾ മനുഷ്യ ഹൃദയങ്ങളിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് കാരുണ്യത്തിന്റെ പര്യായമായ തിരുദൂതർ (സ) യുടെ വറ്റാത്ത സ്നേഹത്തിന്റെ നീരുറവ പ്രത്യാശ നൽകുന്നതാണ്. അഹങ്കാരവും പകയും അപര വിദ്വേഷവും കൊണ്ട് ഊഷരമായ ജനഹൃദയങ്ങളിൽ ഉർവരത സൃഷ്ടിക്കാൻ തീർച്ചയായും തിരുനബി (സ) യുടെ സ്നേഹ പാഠങ്ങൾക്ക് സാധിക്കും. അറബിയും അജമിയും കറുത്തവനും വെളുത്തവനും പണക്കാരനും പണിക്കാരനുമെല്ലാം ആ സ്നേഹം മതിവരുവോളം ആസ്വദിച്ചു. സ്ത്രീകളും കുട്ടികളും രോഗികളും പ്രായം ചെന്നവരുമെല്ലാം ആ കാരുണ്യത്തിന്റെ നിഴലിൽ തണൽ കൊണ്ടു. ഇതൊന്നും ആലങ്കാരികമായി പറയുന്നതല്ല. തിരുനബി ( സ) യുടെ വിശുദ്ധ ജീവിതം പച്ചയായി വിളിച്ചു പറയുന്ന യാഥാർഥ്യങ്ങളാണ്.

Content Highlights:
The article reflects on the extraordinary mercy, justice, and character of Prophet Muhammad (PBUH) towards humanity, animals, and the environment. It highlights his compassionate treatment of women, children, companions, and servants. His teachings remain a timeless model of peace and empathy.